Monday, March 20, 2023

ദൂരം ശരീരത്തിനാണ്. അകല്ച മനസ്സിനാണ്. ശരീരം അടുത്താണെങ്കിലും മനസ്സുകൊണ്ട് അകന്നിരിക്കാം. മനസ്സുകൊണ്ട് ഒന്നാണെങ്കിൽ ശരീരം അകലെയാണെങ്കിലും അടുത്താണ്. സ്ഥലകാലദൂരത്തിനപ്പുറത്തുള്ള ഒരു ഋഷിവര്യനിൽ മനസ്സർപ്പിച്ച് ഇരുന്നാൽ നമുക്ക് ശാന്തി അനുഭവപ്പെടും. അടുത്തൊരു മുല്ലമൊട്ടുണ്ടെങ്കിൽ മൂക്കിൽ ആ സുഗന്ധം വന്നെത്തുന്നു. അടുത്ത് അഗ്നിയുണ്ടെങ്കിൽ ത്വക്കിൽ ചൂടുതട്ടുന്നു. എന്നതുപോലെതന്നെ മനസ്സ് എന്തിനെ സങ്കല്പിക്കുന്നുവോ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിദ്ധിക്കുന്നു. ദുഃഖ വിഷയങ്ങളിൽ മനസ്സ് അർപ്പിക്കുന്നവർ ദുഃഖം അനുഭവിക്കുന്നു. സുഖവിഷയങ്ങളിൽ മനസ്സ് അർപ്പിക്കുന്നവർ സുഖിക്കുന്നു. മനസ്സ് ഈശ്വരനിലോ ഋഷിവചനങ്ങളിലോ ഋഷിവര്യന്മാരിലോ അർപ്പിച്ചിരിക്കുന്നവർക്ക് അതിൻറെ ഫലവും സിദ്ധിക്കുന്നു. മനസ്സ് എവിടെയാണോ അവിടെയാണ് നമ്മുടെ ജീവിതാനുഭവം. മനസ്സ് എപ്പോഴാണോ അന്യവിഷയങ്ങളെ വിട്ട് ആത്മാവിൽ ചെന്നു ചേരുന്നത് അപ്പോൾ അറിയുവാൻ മറ്റൊന്ന് ഇല്ലാതെയാകുന്നു. അറിയുവാൻ എന്തെങ്കിലും ഉള്ളപ്പോഴാണ് മനസ്സ് ഇളകുന്നതും ഉടലെടുക്കുന്നതും. അറിയുവാനും പറയുവാനും പരാതികളും അറിവുകളും ഉണ്ടായിരിക്കുന്നു എന്നതിനാൽ നാം ആത്മാവിനെ വിട്ട് അന്യവിഷയങ്ങളുടെ പുറകേ പോകുന്നു. അന്യവിഷയങ്ങളിൽ നിന്നും ശ്രദ്ധ മാറുകയും ആത്മാവിൽ ശ്രദ്ധയുറയ്‌ക്കുകയും ചെയ്യുമ്പോൾ സ്ഥലകാലങ്ങളുടെ ദൂരം സൃഷ്ടിക്കുന്ന ഈ ശരീരവും ഈ മനസ്സും ഈ കർമ്മങ്ങളും അടങ്ങുന്നു. ചലിച്ചുകൊണ്ടിരിക്കുന്ന ചക്രത്തിൻറെ സ്വരൂപം വ്യക്തമാകില്ല. ചലനം നിലയ്ക്കുന്നതിനനുസരിച്ച് സ്വരൂപം തെളിഞ്ഞുതുടങ്ങും. കാലചക്രത്തിൽപ്പെട്ട് കറങ്ങുന്നതിനാൽ നമുക്ക് പലതരത്തിലുള്ള അറിവുകൾ അനുഭവങ്ങളായി വന്നു മറഞ്ഞുകൊണ്ടിരിക്കുന്നു. ഒന്നുമാറി മറ്റൊന്ന് വന്നുപോകുന്നതിനാൽ കഴിഞ്ഞുപോയതൊന്നും ഓർമ്മിക്കാൻ സാധിക്കുന്നില്ല. ഇതൊരു ബുദ്ധിഭ്രമമാണ്. ഈ ഭ്രമത്തിൽ അതാത് സമയത്ത് തങ്ങിനിൽക്കുന്ന കാര്യങ്ങളെയാണ് നാം സ്മൃതി എന്നു പറയുന്നത്. പൂർവ്വാപരബന്ധം മറന്നു പോകുന്നത്ര വേഗത്തിൽ മറ്റനുഭവങ്ങൾ വീണ്ടും വീണ്ടും വന്നു മൂടിക്കൊണ്ടിരിക്കുന്നു. "മേലായ മൂലമതിയാലാവൃതം ജനനി നീ, ലാസ്യമാടിവിടുമീ- കീലാലവായ്വനലകോലാഹലം ഭുവന- മാലാപമാത്രമഖിലം, കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു ലീലാപടം ഭവതി മെയ്- മേലാകെ മൂടുമതിനാ, ലാരുമുള്ളതറി- വീലാഗമാന്തനിലയേ. " (ജനനീ നവരത്നമഞ്ജരി) അതിനാൽ ഈ കാല ചക്രത്തിൽപ്പെട്ടിരിക്കുന്നിടത്തോളം കാലം ജീവന് തൻറെ സ്വരൂപം എന്താണെന്ന് വെളിപ്പെടുകയില്ല. കാലം, ദേശം, നിമിത്തം തുടങ്ങിയ നൂലുകൾകൊണ്ട് തുന്നിയ ഒരു മായാവസ്ത്രം ബുദ്ധിയിൽ സ്മൃതിയായും വിസ്മൃതിയായും വന്നു മൂടിക്കൊണ്ടിരിക്കുന്നു. അതിനാൽ ആരും ഉള്ളത് അറിയുന്നില്ല. അനന്തമായ കാലത്തിൽ ഏതോ ഒരു ബിന്ദുവിലെ ചെറിയൊരു വൃത്തമാണ് നമ്മുടെ ചിത്തവൃത്തികൾ. പൂർവ്വാപരം അറിയാതെ ഭ്രമത്തിൽ പെട്ടിരിക്കുന്ന ഈ ചെറിയ സ്മൃതികൊണ്ട് നാം നമ്മുടെ ജന്മത്തിൻറെ അർത്ഥം തന്നെ ശരിയായി അറിയുകയോ നിർവ്വചിക്കുകയോ ചെയ്യുന്നില്ല. അപൂർണ്ണതാബോധത്തിൽ നിന്നുകൊണ്ട് പൂർണ്ണതയുടെ ഈശ്വരനെ കുറിച്ച് എന്തെങ്കിലും പറയുവാൻ സാധിക്കുമോ? ഒരേയൊരു വഴി എന്താണെന്നോ? അല്പമാത്രം ഗ്രഹിച്ചിരിക്കുന്ന ഈ മനോവൃത്തത്തെ ഇറുത്തെടുത്ത് അനന്തതയിൽ അർപ്പിക്കുക. ഒരു ഉപ്പുകണം എടുത്ത് കടലിൽ ഇടുന്നതുപോലെ ഈ മനസ്സാകുന്ന മലർ കൊയ്തെടുത്ത് അനന്തചൈതന്യത്തിന് സമർപ്പിക്കുക. അതുമല്ലെങ്കിൽ അനന്തതയിൽ ലയിച്ചിരിക്കുന്ന പൂർവ്വ ഗുരുക്കന്മാരെ സ്മരിക്കുക. അതുമല്ലെങ്കിൽ ഇഷ്ടദേവതയ്ക്കോ മന്ത്രത്തിനോ പുരാണങ്ങൾക്കോ മനസ്സിനെ കൊടുക്കുക. മനസ്സ് എവിടെയാണോ അവിടെയാണ് നമ്മുടെ അറിവും അനുഭവവും. മനസ്സാണ് കുഴപ്പമെങ്കിൽ മനസ്സ് കുഴപ്പമില്ലാത്തിടത്ത് അടങ്ങിനിന്നു ശീലിക്കേണ്ടതുണ്ട്. അതിനാണ് ഉപാസനാമാർഗ്ഗം. "മനമലർ കൊയ്തു മഹേശപൂജ ചെയ്യും മനുജനുമറ്റൊരു വേല ചെയ്തിടേണ്ട; വനമലർ കൊയ്തുമതല്ലായ്കിൽ മായാ- മനുവുരുവിട്ടുമിരിക്കിൽ മായ മാറും." (ആത്മോപദേശശതകം) ഇപ്പോൾ നാം അനുഭവിക്കുന്ന കർമ്മഫലങ്ങളായ സുഖങ്ങളെ നാം ജ്ഞാനത്തിൻറെ ഫലമെന്നു തെറ്റിദ്ധരിച്ചുപോകാൻ ഇടയുണ്ട്. അതാണ് മനസ്സിൻറെ ലീല. മരണസമയം എന്ത് സങ്കല്പിക്കുമെന്ന് ആർക്കാണ് നിശ്ചയിച്ചു വയ്ക്കുവാൻ സാധിക്കുക? ഈ കാലചക്രത്തിൽ നമ്മുടെ മനസ്സ് ചുറ്റിവരുന്ന ഓരോ ഡിഗ്രി സ്ഥലത്തിലും അപ്പഴപ്പോൾ ചെയ്ത സങ്കല്പങ്ങളുടെ സംസ്ക്കാരം ശക്തിയായി ഉണ്ടായിരിക്കും. മരണം എവിടെ വച്ചാണോ അവിടെവച്ച് അത്തരം സംസ്ക്കാരത്തിൽ ഒന്ന് ആയിരിക്കും സ്വാഭാവികമായി ഉണർന്നുവന്ന് അടുത്ത ജന്മത്തിന് കാരണമാകുന്നത്. അതിനാൽ നിരന്തരം ഉപാസിക്കുന്ന വിഷയം നമുക്ക് മരണസമയത്ത് തുണയായി വരുകതന്നെ ചെയ്യും. പകയോടെ മരിക്കുന്നവരുണ്ട്. നിരാശയോടെ മരിക്കുന്നവരുണ്ട്. രുചികരമായ ഭക്ഷണം ആഗ്രഹിച്ച് മരിക്കുന്നവരുണ്ട്. നാമജപത്തോടെ മരിക്കുന്നവരുണ്ട്. അതുവരെ ചെയ്തതും സങ്കല്പിച്ചതുമായ കർമ്മങ്ങളുടെ ശക്തിക്ക് അനുസരിച്ചാണ് മരണസമയത്തെ വിചാരം. അത് സ്ഥലകാലകർമ്മബന്ധത്തിലെ ഗണിതയുക്തിയാണ്! നാം ഇപ്പോൾ സങ്കല്പിക്കുകയും ചിന്തിക്കുകയും പറയുകയും ചെയ്യുകയും ജപിക്കുകയും ചെയ്യുന്നതൊന്നും വെറുതേ പോകുന്നില്ല. എല്ലാം സ്ഥലകാലനിമിത്തമായി സംസ്ക്കാരരൂപത്തിൽ പരിണമിക്കുന്നുണ്ട്. ജനനവും മരണവും ശരീരത്തിൻറെ നാശം മാത്രമാണ്. ഈ പൂർവ്വസംസ്ക്കാരത്തിന് ശക്തിയുള്ളിടത്തോളം കാലം ജനിമൃതി ചക്രം തുടർന്നുപോകുകതന്നെ ചെയ്യും. നമ്മുടെ ശരീരവും മനസ്സും ഒരു മാസം തുടർച്ചയായി ഒരുപോലെ ഇരിക്കുന്നുണ്ടോ? മനസ്സ് അസ്വസ്ഥമാകുകയോ പല വിഷയങ്ങളിലേയ്ക്ക് പോകുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് ഈ കാലചക്രത്തിലെ സംസ്കാരത്തിൻറെ ഉണർന്നു വരവിൻറെ ഫലമാണ്. അത്തരം പൂർവ്വസംസ്ക്കാരം ഉള്ളിടത്തോളം കാലം മരണ സമയത്ത് നാം എന്ത് ചിന്തിച്ചു മുന്നോട്ടു പോകും എന്നു തീരുമാനിക്കാനുള്ള അറിവോ സ്വാതന്ത്ര്യമോ നമുക്ക് ഉണ്ടായിരിക്കുന്നില്ല. അത് കാലധർമ്മം ആയി സംഭവിക്കുന്നു. അതിനാൽ ഗുരുക്കന്മാരുടെ ഉപദേശം സ്വീകരിച്ച് ജീവിതത്തെയും ഉപാസനയെയും ധർമ്മം അറിഞ്ഞ് ശരിയായി സമീപിക്കേണ്ടതുണ്ട്. അതാണ് വിവേകം. ഈ നിമിഷത്തിൽ ജീവിക്കുക എന്നത് കഴിഞ്ഞുപോയ നിമിഷങ്ങളിൽ സൃഷ്ടിക്കപ്പെട്ട സംസ്കാരത്തിൻറെ സ്വാഭാവികമായ ചലനശക്തിയുടെ ഫലം മാത്രമാണ്. അങ്ങനെ നാം സ്വപ്രകൃതിക്ക് കീഴ്പ്പെട്ട് ബലാൽ ചിന്തിക്കുകയും ബലാൽ പ്രവർത്തിക്കുകയും ചെയ്യുന്നു. സുഖമോ ദുഃഖമോ നമ്മുടെ കൈകളിൽ അല്ല. രണ്ടും കർമ്മഫലം ആയി കാലത്തിൻറെ കരങ്ങളിൽ ഇരിക്കുകയാണ്. സുഖത്തിനും ദുഃഖത്തിനും സാക്ഷി ആകുക എന്നതാണ് ആത്മോന്മുഖമായ ജ്ഞാനമാർഗ്ഗം. കടപ്പാട്.

Monday, March 13, 2023

*ബലിക്കല്ലുകൾ* 🟧🟧🟧🟧🟧🟧🟧 സ്ഥിരമായി ക്ഷേത്രദർശനം നടത്തുന്നവർക്ക് പോലും ക്ഷേത്രത്തിൽ കാണുന്ന ബലിപീഠങ്ങളെ കുറിച്ചുള്ള അറിയില്ല. ശ്രീകോവിൽ കഴിഞ്ഞാൽ അകത്തുള്ള ബലിവട്ടത്തിന് അന്തർമണ്ഡലം എന്ന് പറയും. ഒരു ക്ഷേത്രത്തെപ്പറ്റി പഠിക്കുമ്പോൾ അകത്തും പുറത്തുമുള്ള ബലിപീഠങ്ങളെ കുറിച്ച് ശരിയായി അറിഞ്ഞിരിക്കണം ആദ്യമായി അന്തർമണ്ഡലത്തിലെ ബലിപീഠങ്ങൾ എന്തൊക്കെയാണെന്ന് പറയാം. ബലിക്കല്ലുകളിൽ പ്രധാനപ്പെട്ടവർ അഷ്ടദിക്പാലന്മാരാണ്. 8 ദിക്കുകളുടെ അധിപന്മാരുടെ സ്ഥാനങ്ങൾ. കിഴക്ക് ഇന്ദ്രൻ, തെക്ക് കിഴക്ക് അഗ്നി, തെക്ക് യമൻ, തെക്ക് പടിഞ്ഞാറ് നിര്യതി, പടിഞ്ഞാറ് വരുണൻ, വടക്ക് പടിഞ്ഞാറ് വായു, വടക്ക് സോമൻ, വടക്ക് കിഴക്ക് ഈശാനൻ. ഈശാനന്റെയും ഇന്ദ്രന്റെയും മദ്ധ്യത്തിലായി ഊർധ്വലോകത്തിന്റെ നാഥനായ ബ്രഹ്മാവിനെയും, നിര്യതിയുടെയും വരുണന്റെയും നടുവുലായി അധോദിക്കിന്റെ നാഥനായ അനന്തനെയും കാണാം. തെക്ക് ഭാഗത്ത് യമന്റെ ബലപീഠത്തിന് അൽപ്പം പടിഞ്ഞാറ് മാറി ദീർഘചതുരമായി ഒരു ബലിപീഠത്തിൽ 9 ദേവതകളെ പ്രതിഷ്ഠിച്ചതായി കാണാം. സപ്തമാതൃക്കൾ, വീരഭദ്രൻ, ഗണപതി എന്നിവരാണിവർ. ബ്രാഹ്മി, വൈഷ്ണവി, മാഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡ എന്നിവരാണ് ആ സപ്തമാതൃക്കൾ. മഹാക്ഷേത്രങ്ങളിൽ സപ്തമാതൃക്കൾക്ക് അൽപ്പം പടിഞ്ഞാറ് മാറി ശാസ്താവും, വായുകോണിന്റെ അൽപ്പം കിഴക്കായി ദുർഗ്ഗയെയും, സോമന്റെ പടിഞ്ഞാറു ഭാഗത്തായി സുബ്രഹ്മണ്യനെയും, സോമന്റെ കിഴക്ക് ഭാഗത്ത് കുബേരനെയും പ്രതിനിധാനം ചെയ്യുന്ന ബലിക്കല്ലുകളുണ്ട്. ഈ പറഞ്ഞ പരിവാരദേവതകൾ എല്ലാം എല്ലാ ക്ഷേത്രങ്ങളിലും ഒരു പോലെയാണ്. ഇവയിൽ നിന്ന് വ്യത്യസ്തമായി മിക്കവാറും ശിവലിംഗത്തിന്റെ ആകൃതിയിൽഈശാനന്റെ തൊട്ടു പടിഞ്ഞാറ് ഭാഗത്തായി നിർമ്മാല്യധാരി എന്നൊരു സങ്കൽപ്പവുമുണ്ട്. നിർമ്മാല്യധാരി ഓരോ ദേവതയ്ക്കും വ്യത്യസ്തമാണ്. ബലിക്കല്ലിൽ അറിയാതെ ചവിട്ടിയാൽ തൊട്ടു തലയിൽ വെക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമത്രേ. കാരണം ബലിക്കല്ലുകളിലെ മൂർത്തികൾ എപ്പോഴും ധ്യാനാവസ്ഥയിൽ ആയിരിക്കും. കാൽ ബലിക്കല്ലിൽ തട്ടിയാൽ ആ ധ്യാനത്തിന് തടസ്സം വന്ന് അവർ ഉണരും. വീണ്ടും ധ്യാനാവസ്ഥയിലാവുമ്പേൾ വീണ്ടും തൊട്ടു അവരെ ഉണർത്തരുത്. അറിയാതെ ബലിക്കല്ലിൽ കാൽ കൊണ്ടാൽ "കരചരണകൃതം വാക് കായജം" എന്ന മന്ത്രം ചൊല്ലാം. അല്ലെങ്കിൽ ക്ഷമാപണം ചോദിച്ചു പ്രാർത്ഥിക്കാം. 🟧🟧
മനുഷ്യൻ സമൂഹ ജീവി. ഒറ്റയ്ക്ക് ഏതെങ്കിലും ഒരു കാര്യം ചെയ്യാൻ സാധിക്കുമോ? ആരെങ്കിലും കൃഷി ചെയ്തു വിളവെടുത്ത ഭക്ഷണം ആരെങ്കിലും പാചകം ചെയ്തു തരണം. ആരെങ്കിലും വീടും പരിസരവും വൃത്തിയാക്കണം. ആരെങ്കിലും കച്ചവടത്തിനായി ഉല്പാദിപ്പിച്ച വാഹനം വാങ്ങി ഓടിക്കണം. വഴിയിൽ ബോധം കെട്ടു വീണാൽ ആരെങ്കിലും ആശുപത്രിയിൽ എത്തിക്കണം. മരങ്ങളും പുഴകളും കിളികളും മലകളും കാടുകളും നല്ല മനസ്സുള്ളവരും ഇങ്ങനെ പലരും പലതും ചെയ്തു പരസ്പരം സഹായിക്കുന്നു. ഇതിൽ ഒന്നായിരിക്കും നമ്മുടെ സേവനം. ഇങ്ങനെ പലരുടെയും സഹായത്തോടു കൂടിയാണ് നാം നമ്മുടെ വേല ചെയ്യുന്നത്. ആരും ഒറ്റയ്ക്ക് ഒന്നും ചെയ്തതായി വരുന്നില്ല. ലോകത്തെ മുഴുവൻ മറന്നുകൊണ്ടു മാത്രമേ ഒരാൾക്ക് താൻ ചെയ്ത പ്രവൃത്തിയുടെ ശുഭ ഫലത്തിൽ അഹങ്കരിക്കാൻ സാധിക്കുകയുള്ളൂ. ലോകത്തോടും ലോകരോടും ഭക്തിയുള്ളവരായിരിക്കേണ്ടതുണ്ട്. പുഴയോടും മലയോടും വനങ്ങളോടും ജീവജാലങ്ങളോടും ആദരവുണ്ടാകേണ്ടതുണ്ട്. മനുഷ്യർക്ക് മാത്രമായി ഭൂമിയിൽ ജീവിക്കാൻ സാധിക്കില്ല. മനുഷ്യർക്ക് ജീവിക്കാൻ ഇവിടെ ആവാസവ്യവസ്ഥ ഒരുക്കുന്നതിൽ പ്രകൃതിയിലെ ഓരോ അണുവും സൃഷ്ടിയായും സ്ഥിതിയായും സംഹാരമായും കൂടെ പ്രവർത്തിക്കുന്നുണ്ട്. പരസ്പരം ആശ്രയിച്ച് നിലനിൽക്കുന്ന ഭൂമിയെ പരസ്പരം ആദരിച്ചുകൊണ്ടു വേണം നിലനിർത്തേണ്ടത്. ഇത് ധർമ്മബോധമാണ്. നമ്മുടെ നിലനില്പിന് ആധാരമായ ധർമ്മത്തെ കുറിച്ച് ബോധം ഉണ്ടാകുമ്പോൾ ജീവിതം ധർമ്മാനുസരണം ക്രമീകരിക്കപ്പെടുന്നു. അങ്ങനെ ഈശ്വരനെയും ഗുരുജനങ്ങളെയും പിതൃക്കളെയും സമൂഹത്തെയും ജീവജാലങ്ങളെയും പ്രകൃതിയെയും പൂജിക്കുക എന്നത് ജീവിതത്തിൻറെ ഭാഗമാകേണ്ടിയിരിക്കുന്നു. നമ്മെ സംരക്ഷിക്കുന്നവരെ നാം സംരക്ഷിക്കുമ്പോൾ ആ ഒരു ധർമ്മത്തിൽ നമുക്ക് പരസ്പരം നിലനിന്നുപോകാൻ സാധിക്കുന്നു. അച്ഛനമ്മമാർ വഴിവിട്ട ജീവിതം നയിക്കാതെ അധ്വാനിച്ച് കുടുംബം നോക്കുന്നതുകൊണ്ട് കുട്ടികൾക്ക് പഠിക്കാനും കളിക്കാനും കറങ്ങിനടക്കാനും അലസമായി കിടന്നുറങ്ങാനും സമയവും ശക്തിയും കിട്ടുന്നു. ഇന്ന് അധ്വാനിക്കുന്നവർ നാളെ അധ്വാനിക്കാതെയാകുമ്പോൾ വൃദ്ധരായ അച്ഛനമ്മാരെ മക്കൾക്ക് അധ്വാനിച്ചു നോക്കേണ്ടതുണ്ട്. അതിനാൽ അച്ഛനമ്മമാരുടെ ഇന്നത്തെ അധ്വാനത്തിൻറെ ഫലമാണ് കുട്ടികളുടെ നാളത്തെ ജീവിതത്തിന് അടിസ്ഥാനം കെട്ടുന്നതെന്നു കാണാം. അവർ ഇന്നത്തെ സമയം ശരിയായി വിനിയോഗിച്ച് പഠിക്കാമെന്നുണ്ടെങ്കിൽ നാളത്തെ സമയം ശരിയായി അധ്വാനിച്ച് സ്വന്തം ധർമ്മം പാലിക്കാൻ സാധിക്കും. ധർമ്മബോധം ഉളള ജനങ്ങൾക്കു മാത്രമേ കുടുംബത്തെയും നാടിനെയും പ്രകൃതിയെയും ജീവജാലങ്ങളെയു പരസ്പരം ഇണക്കി ഭരിക്കാൻ സാധിക്കുകയുള്ളൂ. ഒന്നും ഒന്നിൽനിന്ന് വേർപെട്ടല്ല ഇരിക്കുന്നത്. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഈ ലോകത്തിൽ എവിടെ ഒരു കുഴപ്പം നടന്നാലും അത് ആകെ സിസ്റ്റത്തെയും ബാധിക്കുന്നു. നമ്മിൽ നല്ലൊരു ആശയം ഉണർന്നാൽ അത് ലോകരുടെ മനസ്സിലും പ്രകൃതിയുടെ താളത്തിലും നന്മയുടെ അലകൾ ഉയർത്തുമല്ലോ? നമ്മുടെ ഉള്ളിൽ തിന്മയുണർന്നാലോ? അതാകും ലോകത്തിലേയ്ക്കും വിക്ഷേപിക്കപ്പെടുക. ഭക്തികൊണ്ടും ധർമ്മത്തിൽ അധിഷ്ഠിതമായ ജീവിതയജ്ഞം കൊണ്ടും വേണം ലോകധർമ്മം സംരക്ഷിക്കപ്പെടേണ്ടത്. ഭക്തിയില്ലാതെവരുമ്പോൾ ജീവജാലങ്ങളിലോ പ്രകൃതിയിലോ മനുഷ്യരിൽത്തന്നെയോ നമുക്ക് ശ്രദ്ധയുണ്ടാകുകയില്ല. നാം ഭരിക്കുന്ന പ്രദേശത്തെ ഏകമായി കണ്ട് സ്നേഹിക്കണം. അതായത് ഒരു ഭരണാധികാരിയെ സംബന്ധിച്ച് ഭൂമി സ്വന്തം ശരീരം തന്നെയാണ്. സ്വന്തം ശരീരം കാത്തുസൂക്ഷിക്കുമ്പോലെ ഭൂമിയിലെ ഓരോന്നിനെയും തുല്യപ്രാധാന്യത്തോടെ കാണണം. ഭൂമിയുടെ ആത്മാവാണ് ഭരണാധികാരി. കുടുംബത്തിൻറെ ആത്മാവാണ് ഗൃഹനാഥൻ. ശരീരത്തിൻറെ ആത്മാവാണ് ഈശ്വരൻ. എൻറെയെന്നും നിൻറെയെന്നും വേർതിരിവു കല്പിക്കുമ്പോൾ സ്വന്തം വീട്ടിലെ മാലിന്യങ്ങൾ പൊതിഞ്ഞ് കണ്ടവരുടെ പുരയിടത്തിലേയ്ക്ക് എറിയും. സ്വന്തം നാട്ടിലെ സമ്പത്ത് അഴിമതിയിലൂടെ കൊള്ളചെയ്ത് സ്വന്തം നാടിനെ അരാജകത്വത്തിലേയ്ക്ക് നയിക്കും. മന്ത്രിക്ക് മോഷ്ടിക്കാമെങ്കിൽ ഞങ്ങൾക്ക് എന്താ മോഷ്ടിച്ചുകൂടെ എന്നൊരു പ്രജ ചോദിക്കരുതല്ലോ? ഒറ്റയ്ക്ക് ഒറ്റയ്ക്ക് കാണുമ്പോഴാണ് കുഴപ്പം. നമ്മെ ആരൊക്കെ ചുറ്റും നിന്നു സഹായിക്കുന്നുണ്ട് എന്നതാണ് ലോകവിദ്യാഭ്യാസത്തിലൂടെ ഒരാൾ പഠിക്കേണ്ടത്. അത് ലോകത്തെ കുറിച്ചുള്ള ശരിയായ ധർമ്മജ്ഞാനം ആണ്. ലോകത്തിൻറെ ധർമ്മം അറിയാതെ നമുക്ക് എങ്ങനെയാണ് ഭരണം വ്യവസ്ഥ ചെയ്യാൻ സാധിക്കുക? ധർമ്മം അറിയാതെ എങ്ങനെയാണ് നീതിശാസ്ത്രവും അർത്ഥശാസ്ത്രവും കാമശാസ്ത്രവും മോക്ഷശാസ്ത്രവും നിശ്ചയിക്കുക? ആകെ പ്രപഞ്ചത്തിൽ എന്തൊക്കെ ധർമ്മത്തിലാണ് ഞാൻ എന്നൊരു അഹംബോധം ഈ ഭൂമിയിൽ ഈ ഭൂഖണ്ഡത്തിൽ ഈ പ്രദേശത്ത് ഈ വീട്ടിൽ സുഖമായി ഇരിക്കുന്നത് എന്ന അറിവാണ് ലോകവിദ്യകൊണ്ട് സാധിക്കേണ്ടത്. എങ്ങനെ അധികം ധനം സമ്പാദിക്കാം എന്നതല്ല പഠനത്തിൻറെ ലക്ഷ്യം. എങ്ങനെ നിലനിൽക്കുന്നു എന്ന ധർമ്മത്തെയാണ് അറിയേണ്ടത്. ധർമ്മം അനുസരിച്ച് ജീവിക്കാൻ കഴിയുക എന്നതാണ് പഠനത്തിൻറെ ലക്ഷ്യം. അറിയുന്നതെല്ലാം ധർമ്മമാണ്. അറിയുന്നതെല്ലാം ഏതൊരു ധർമ്മത്തിലാണ് നിലനിൽക്കുന്നത് എന്ന അറിവാണ് പഠനംകൊണ്ട് സാധിക്കുന്നത്. നാം ഒറ്റയ്ക്ക് ഈ ലോകത്തിൽ ഒന്നും ചെയ്യുന്നില്ല. ഈ ലോകം നമ്മുടെ മാത്രം ചുമലിൽ അല്ല എന്ന അറിവുണ്ടാകുന്നു. നാം നമ്മുടെ ഭാഗം ധർമ്മബോധത്തോടു കൂടി ചെയ്യുന്നു എന്നു വരണം. ഞാൻ ചെയ്യുന്നു എന്ന അഹങ്കാരമാലിന്യത്തെ മാറ്റി ഞങ്ങൾ ചെയ്യുന്നു എന്നു കരുതിയാൽ അണ്ണാൻ കുഞ്ഞും തന്നാലായത് എന്നതുപോലെ നമുക്കും ഈശ്വരനുവേണ്ടി ഈ പാലം പണിയാം. ഞാൻ എന്ന ഭാവം മാറുമ്പോൾ ജീവിതത്തിൻറെ ഭാരവും കുറയുന്നതായി അനുഭവപ്പെടും. ഞാൻ ആകെ ലോകത്തിലെ ഒരു അവയവമാണെന്നോ ഞാൻ ആകെ ലോത്തിൻറെ ആത്മാവാണെന്നോ കരുതിയാൽ നമുക്ക് ഒരിക്കലും ഈ പ്രപഞ്ചസംവിധാനത്തിൽ സ്വാർത്ഥം പ്രവർത്തിക്കേണ്ടി വരില്ല. സ്വാർത്ഥതയാണല്ലോ ദുരന്തം വിതയ്ക്കുന്നത്? ഗൃഹനാഥൻ സ്വാർത്ഥമായി ജീവിക്കുമ്പോൾ കുടുംബം ദുരന്തത്തിലാകുന്നു. ഭരണാധികാരി സ്വാർത്ഥനാകുമ്പോൾ നാടും ദുരന്തത്തിലാകുന്നു. മനുഷ്യൻ സ്വാർത്ഥനാകുമ്പോൾ മറ്റു ജീവികളും പ്രകൃതിയും ദുരന്തത്തിലാകുന്നു. എല്ലാം താൻ തന്നെയാണെന്ന ആത്മബോധത്തിൽ എല്ലാം ഈശ്വരനാണെന്ന ഭക്തിഭാവത്തിൽ എല്ലാത്തിനെയും ആരാധിക്കേണ്ടതുണ്ട്. ജീവിതം പഞ്ച യജ്ഞമാകേണ്ടതുണ്ട്. കടപ്പാട്

Sunday, March 12, 2023

പ്രാരബ്ധവിഷയത്തിൽ നമുക്ക് രാഗമുണ്ടായിരിക്കും എന്നതാണ് ലക്ഷണം. രാഗമുള്ള വിഷയത്തിൽ നിന്നു മാത്രമേ സുഖമോ ദുഃഖമോ അനുഭവിക്കേണ്ടതുള്ളൂ. മദ്യപിക്കാത്തൊരാള സംബന്ധിച്ച് അതിനെ ഓർത്തുള്ള പ്രശ്നമില്ല. തീർത്ഥയാത്രകളിലോ ഈശ്വരധ്യാനത്തിലോ രാഗമില്ലാത്തൊരാൾക്ക് അതിനു വേണ്ടിയുള്ള പ്രവൃത്തികൾ ഇല്ല. വിവാഹം, സന്താനം, ധനം, പ്രശസ്തി, അധികാരം തുടങ്ങിയുള്ള എല്ലാംതന്നെ കർമ്മമാർഗ്ഗത്തിലൂടെ സാധിക്കേണ്ടുന്ന പ്രാരബ്ധവിഷയങ്ങളാണ്. ആഗ്രഹം ഉണ്ടെങ്കിൽ മാത്രമേ ഏതൊന്നും നമ്മുടെ ജന്മപ്രാരബ്ധമാകുന്നുള്ളൂ. ആഗ്രഹിച്ചുപോകുകയാണ് എന്നല്ലാതെ ആഗ്രഹങ്ങളെ നാം നിയന്ത്രിക്കുകയല്ലല്ലോ? അതിനാൽ ജന്മപ്രാരബ്ധമായ ആഗ്രഹവിഷയങ്ങൾ പൂർവ്വാർജ്ജിത സംസ്ക്കാരത്തിൻറെ ഭാഗമാണെന്നു കാണാം. അർത്ഥകാമങ്ങളെന്നാണ് പ്രാരബ്ധവിഷയങ്ങളെ പൊതുവായി പറയുന്നത്. വിവാഹജീവിതവുമായി ബന്ധപ്പെട്ട പ്രാരബ്ധം അനുഭവിക്കാനുണ്ടെങ്കിൽ അതിൽ രാഗമുണ്ടാകുന്നു. ഏതൊന്നിലാണോ നമ്മുടെ ജീവിതത്തിൻറെ പൂർണ്ണതയിരിക്കുന്നതായി നമുക്ക് തോന്നുന്നത് അതിനോടാണ് നമുക്ക് രാഗമുണ്ടായിരിക്കുന്നത്. നമുക്ക് രാഗമുള്ള വിഷയത്തിൽ പൂർണ്ണതയുണ്ടോ എന്നതാണ് ജീവിതാനുഭവങ്ങളിലൂടെ കണ്ടെത്തുന്നത്. ദുഃഖമില്ലാത്ത യാതൊന്നാണ് നാം ആഗ്രഹിക്കുന്നത്? അപൂർണ്ണതയുടെ ധർമ്മ ലക്ഷണങ്ങളാണ് ദുഃഖവും നാശവും. അപൂർണ്ണമായതിനെ ആഗ്രഹിക്കുന്നു എന്നതാണ് ജന്മപ്രാരബ്ധമായ ദുഃഖത്തിനു കാരണം എന്നു വ്യക്തമാകുന്നു. ഒരാൾക്ക് സന്താനം ഇല്ല എന്ന ദുഃഖം. മറ്റൊരാൾക്ക് സന്താനം ഉണ്ടായിട്ടും ദുഃഖം. രണ്ടും സന്താനപ്രാരബ്ധം ആണ്. ഒരു പെൺകുട്ടിക്ക് ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്യണം. എന്നാൽ ആ പുരുഷൻ കൊള്ളരുതാത്തയാളാണെന്ന് വീട്ടുകാർക്ക് അറിയാവുന്നതിനാൽ അവർ വിവാഹത്തിന് സമ്മതം കൊടുക്കുന്നില്ല. പെൺകുട്ടിയാകട്ടെ തൻറെ ഇഷ്ടപുരുഷൻറെ കൂടെ ഇറങ്ങി പോകുന്നു. അങ്ങനെ അപ്പോഴത്തെ ദുഃഖം പരിഹരിച്ചുകൊണ്ട് സുഖം കണ്ടെത്തി. അതായത് വീട്ടുകാൾ സൃഷ്ടിച്ച തടസമായിരുന്നു അതുവരെ അനുഭവിച്ചിരുന്ന ദുഃഖം. തുടർന്നാകട്ടെ വിവാഹം ചെയ്ത പുരുഷൻറെ മദ്യപാനവും ചീത്തവിളിയും ഉപദ്രവവും ദാരിദ്ര്യവും നിസഹായതയും കടന്നു വരുന്നു. അങ്ങനെ ഒരേ രാഗവിഷയം തന്നെ എപ്പോഴും ദുഃഖമാണ് കൊടുക്കുന്നതെന്നു വരുന്നു. ആദ്യം കിട്ടാത്ത ദുഃഖം. രണ്ടാമത് കിട്ടിയതിനു ശേഷം അതിൽ കാണപ്പെടുന്ന ദുഃഖം. ജീവിതത്തിലെ എല്ലാ സുഖങ്ങളും ഇങ്ങനെ തന്നെയാണ്. ജീവിതപ്രാരബ്ധം എന്നു പറഞ്ഞാൽ ഇതു രണ്ടും ചേർന്നതാണ്. അതിനാൽ നമുക്ക് ജീവിതത്തിലെ പ്രശ്നങ്ങളെ ഇല്ലാതാക്കുവാൻ സാധിക്കില്ല. പ്രശ്നങ്ങളെ പ്രശ്നങ്ങളല്ലെന്നു കാണാൻ സാധിക്കും. അതാണ് പരിഹാരം. പ്രാരബ്ധവിഷയം നമ്മുടെ ആഗ്രഹങ്ങളാണല്ലോ? ആഗ്രഹങ്ങൾ നമ്മുടെ നിയന്ത്രണത്തിലുമല്ലല്ലോ? വരാൻ പോകുന്ന ദുഃഖത്തെ തടുക്കാനുള്ള ബുദ്ധിശക്തിയോ അറിവോ കായികശേഷിയോ നമുക്കുണ്ടോ? അങ്ങനെയൊരു സ്വതന്ത്രബുദ്ധി നമുക്ക് ഉണ്ടായിരുന്നെങ്കിൽ നാം ദുഃഖവിഷയങ്ങളെ ആഗ്രഹിക്കുമായിരുന്നോ? സുഖം ഉണ്ടെന്ന് പറയുന്നത് നമ്മുടെ ബുദ്ധിയാണല്ലോ? അതിൽ ദുഃഖം ഉണ്ടെന്നു കണ്ടെത്തുന്നതും നമ്മുടെ ബുദ്ധിയാണല്ലോ? അതിനർത്ഥം ബുദ്ധി നമ്മുടെതല്ല കാലത്തിൻറെതാണ് എന്നാണ്. കാലത്തെയാണ് ബുദ്ധി അനുസരിക്കുന്നത്. അന്ന് നല്ലതെന്ന് തോന്നി. കിട്ടിയപ്പോൾ ചീത്തയെന്നും തോന്നി. ഇത്രയേ നമ്മുടെ ബുദ്ധിക്ക് ഉപദേശിക്കാൻ കഴിയൂ. എന്തെന്നാൽ അത് ഉപകരണം മാത്രമാണ്. കാലത്തിനനുസരിച്ച് കാണപ്പെടുന്ന കാര്യങ്ങളെ അത് അതാത് സമയം ചിന്താരൂപത്തിലോ നിശ്ചയരൂപത്തിലോ പ്രതിഫലിപ്പിക്കുന്നു. ഏതൊരാളുടെയും പ്രാരബ്ധം നശിക്കുന്തോറും അയാളുടെ ആഗ്രഹങ്ങളും കുറഞ്ഞു കാണുന്നുണ്ട്. അങ്ങനെ ആഗ്രഹങ്ങൾ കുറയണമെങ്കിൽ അതുവരെ ആഗ്രഹമുണ്ടായിരുന്ന രാഗവിഷയങ്ങളോട് രാഗം നഷ്ടപ്പെടുവാൻ പോന്ന ദുരന്താനുഭവങ്ങൾ വന്നിട്ടുണ്ടാകണം. ദോഷം ഉണ്ടെന്ന് കണ്ടാലല്ലാതെ രാഗവിഷയത്തിൽ വൈരാഗ്യം തോന്നില്ലല്ലോ? ആരും ബലാൽ ഒന്നും ഉപേക്ഷിച്ചുകൊണ്ടല്ല സന്ന്യാസം സ്വീകരിക്കുന്നത്. സ്വാഭാവികമായി സംഭവിക്കുന്നതാണ് വൈരാഗ്യം. ഒരാൾക്ക് രാഗം സ്വാഭാവികമായതുകൊണ്ട് കർമ്മമാർഗ്ഗത്തിലൂടെ സുഖം കണ്ടെത്താൻ ശ്രമിക്കുന്നു. മറ്റൊരാൾക്ക് വൈരാഗ്യം സ്വാഭാവികമായതുകൊണ്ട് നിവൃത്തിമാർഗ്ഗധർമ്മത്തിൽ സ്വസ്ഥമായിരുന്നരുളുന്നു. ഇങ്ങനെവേണം പ്രവൃത്തിമാർഗ്ഗധർമ്മത്തെയും നിവൃത്തിമാർഗ്ഗധർമ്മത്തെയും വേർതിരിച്ചറിയേണ്ടത്. ധർമ്മബോധം ഇല്ലാതെവരുമ്പോഴാണ് ഇവയെ കൂട്ടിക്കുഴച്ച് ഉപദേശിക്കുന്നത്. ഈ ലോകത്തിലെ ഏതെങ്കിലും സുഖം കണ്ടെത്തണമെങ്കിൽ സുഖവിഷയം ഇരിക്കുന്ന സ്ഥലവും കാലവും ഒത്തു വരണം. അതിനു വേണ്ടിയുള്ള കാത്തിരിപ്പും അതിനുവേണ്ടിയുള്ള കായിക വളർച്ചയും അതിനു വേണ്ടിയുള്ള ദേശാന്തരഗമനവും ആണ് പ്രവൃത്തിമാർഗ്ഗം എന്നു പറയുന്നത്. ഈ സ്ഥലകാലസഞ്ചാരം ശരീരംകൊണ്ട് സാധിക്കേണ്ടിയിരിക്കുന്നു. അത് ജന്മങ്ങളോളം തുടരുന്നുണ്ട്. ഈ ജന്മം സന്താനം ഇല്ലാതെ സന്താനദുഃഖം അനുഭവിക്കുന്നവർ അടുത്ത ജന്മം സന്താനം ലഭിച്ച ശേഷം അതിൽ നിന്നുള്ള സന്താനദുഃഖം അനുഭവിക്കുന്നു. ഈ ജന്മം നല്ല ഭാര്യയെ കിട്ടാത്തയാൾ അടുത്ത ജന്മം നല്ല ഭാര്യയെ കിട്ടിയെങ്കിലും അവരുടെ രോഗമോ മരണമോ കൊണ്ട് ദുഃഖം അനുഭവിക്കുന്നു. ഇങ്ങനെ നമ്മുടെ അപൂർണ്ണതാബോധം ആകുന്ന ദുഃഖം പ്രാരബ്ധമായി എപ്പോഴും പിൻതുടർന്നുകൊണ്ടേയിരിക്കും. പൂർവ്വജന്മസംസ്ക്കാരമാണ് ഇങ്ങനെ ആഗ്രഹരൂപത്തിൽ നമ്മിൽ ശക്തിപ്രാപിച്ചിരിക്കുന്നത്. ഓരോ ജന്മവും ശരീരത്തിൻറെ ഉപകരധർമ്മം ആകുന്ന വളർച്ച പൂർത്തിയാകുമ്പോൾ അതാത് കാലത്ത് ഓരോ ആഗ്രഹങ്ങൾ ഉണർന്നു വരുന്നു. ഇല്ലാത്തതല്ല ഉണർന്നു വരുന്നത്. ഉള്ളിലുള്ള പൂർവ്വസംസ്കാരത്തിൽ നിന്നാണ് ആഗ്രഹങ്ങൾ വരുന്നത്. മുന്നിൽ കാണുന്ന ലോകസുഖങ്ങളോട് എല്ലാവർക്കും ആഗ്രഹം തോന്നാറില്ല. ഒരാൾ രാഗത്തോടെ നോക്കുന്ന വിഷയത്തെ മറ്റൊരാൾ അതൃപ്തിയോടെയോ ഉദാസീനമായോ വൈരാഗ്യത്തോടെയോ ആകും കാണുന്നത്. ജന്മപ്രാരബ്ധം ഉള്ള വിഷയത്തിലാണ് നമ്മുടെ മനസ്സ് ശക്തിയായി ബന്ധിക്കപ്പെടുന്നത്. ആ വിഷയബന്ധനത്തിൽ നാം ഒരു കുറ്റിയിൽ കെട്ടിയിട്ട പശുവിനെ പോലെ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കും. നമ്മുടെ പ്രാരബ്ധവിഷങ്ങൾക്ക് അപ്പുറം നമ്മുടെ സഞ്ചാരത്തിൻറെ വൃത്തത്തിന് വ്യാപ്തിയില്ല. നമ്മുടെ ജീവിതത്തിൻറെ വ്യാസം അളന്നാൽ അത് സ്വന്തം ആഗ്രഹങ്ങളിൽ നിന്നു തുടങ്ങി രാഗവിഷയങ്ങളിൽ ചെന്നവസാനിക്കുന്നതു കാണാം. ആഗ്രഹങ്ങളുടെ വൃത്തപരിധിയിലാണ് നമ്മുടെ ജീവിതത്തിൻറെ സുഖവും ദുഃഖവും. അതാണ് പ്രാരബ്ധം. ഈ വൃത്തപരിധിയെ മറികടക്കണമെങ്കിൽ അനന്തതയെ സ്നേഹിക്കേണ്ടിയിരിക്കുന്നു. അതാണ് ഈശ്വരൻ. അതാണ് ആത്മാവ്. എല്ലാ വൃത്തപരിധികളും അനന്തതയിലാണ്. ഓരോ തിരയും ഓരോ ഓളവും സമുദ്രത്തിൽത്തന്നെയാണ് എന്നതുപോലെ. ഓരോ ജീവനും ഓരോ അനന്തത ആകുകയില്ല. രണ്ട് അനന്തം ഉണ്ടാകില്ല എന്നതുപോലെ രണ്ട് ഈശ്വരനും ഉണ്ടാകില്ല. നിങ്ങളുടെ ഈശ്വരൻ സത്യമല്ല എൻറെ ഈശ്വരനാണ് സത്യം എന്നത് അജ്ഞതയാണ്. നിങ്ങളുടെ ഈശ്വരൻ സത്യമാണെങ്കിൽ എൻറെ ഈശ്വരനും സത്യമാണ് എന്നതാകണം യുക്തിനിഷ്ഠമായ ഈശ്വരദർശനം. മറ്റൊരാളുടെ ഈശ്വരനെ നിഷേധിച്ചുകൊണ്ട് സ്വന്തം ഈശ്വരനെ സ്ഥാപിക്കുമ്പോൾ ആ യുക്തി നമ്മുടെ ഈശ്വരനെത്തന്നെ നിഷേധിക്കുന്നു. ഈ വിരളമായ കാഴ്ചകളെല്ലാം ഓരോ ജ-ീവൻറെയും വൃത്തിപരിധികൾ മാത്രമാണ്. ഇങ്ങനെ പ്രാരബ്ധവിഷയമായ വൃത്തപരിധിയിലാണ് നാം ചലിച്ചുകൊണ്ടിരിക്കുന്നത്. ആനാത്മവിഷയസംബന്ധിയായ എന്തിനെ കുറിച്ച് നമുക്ക് വാദിക്കാനുണ്ടെങ്കിലും അതെല്ലാം ജന്മപ്രാരബ്ധം ആയിരിക്കുന്നു. ഈ ലോകത്തിലെ നമ്മുടെ ഇത്തരം പ്രാരബ്ധങ്ങളെ തിരിച്ചറിയണം. എന്നാൽ മാത്രമേ ആത്മാവിൻറെ സ്വാതന്ത്ര്യം ഉള്ളിൽ തെളിയുകയുള്ളൂ. പലവിധയുക്തി പറഞ്ഞ് പലതും വാദിക്കാനും സമർത്ഥിക്കാനും ഉണ്ടെങ്കിൽ അത് ഒരുകാലത്തും പൂർണ്ണതയിൽ എത്തുകയില്ല. ഗുരുക്കന്മാർ പ്രാരബ്ധവിഷയങ്ങളെ കാണുന്നു. ആത്മവിഷയത്തെ കുറിച്ചു മാത്രം ഓർമ്മപ്പെടുത്തുന്നു. കർമ്മമാർഗ്ഗത്തിൽ പ്രാരബ്ധമായ സുഖദുഃഖങ്ങളിൽപ്പെട്ട് വലയുന്നവരാണെങ്കിലോ? അവർ ആത്മവിഷയം പറഞ്ഞാലും തുടർന്ന് ജന്മപ്രാരബ്ധവിഷയങ്ങളുടെ വിവാദങ്ങളിൽപ്പെട്ട് പലവഴിക്ക് പോകുന്നു. ഇതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. എന്തെന്നാൽ ഇത് മായയാണ്! ഫലം ആഗ്രഹിച്ചു പ്രവൃത്തിമാർഗ്ഗത്തിൽ നിക്കുമ്പോൾ നമുക്ക് ഒരിക്കലും തൃപ്തിയുണ്ടാകില്ല. ഒരിക്കലും സാധിക്കാത്ത ആഗ്രഹങ്ങളുടെ വൃത്തപരിധിയിൽ ഈ ജന്മവും ചുരുങ്ങിപ്പോകുമ്പോഴാണ് ഈ ജന്മപ്രകൃതിയിൽ സുകൃതികൾ പോലും അവശരായി ചുറ്റിപ്പോകുന്നത്. നമ്മുടെ ആഗ്രഹവിഷയങ്ങളെല്ലാം പരവശമായിരിക്കുന്നു. അതാണ് നമ്മുടെ അവശതയ്ക്ക് കാരണം. സ്വവശം എന്തുണ്ടോ അതിൽ സുഖം കണ്ടെത്തിയാൽ അവിടെയാണ് പരിഹാരം. ഈ പരവശത മാറണം. സ്വവശം ആത്മാവിൽ സ്വരാജ്യം കണ്ടെത്തണം. സുകൃതഫലം കൊണ്ട് കുറച്ച് സുഖം തോന്നും. എന്നാൽ അത് ക്ഷയിക്കുമ്പോൾ വീണ്ടും സുകൃതികൾ സുഖ ഫലത്തിനായി ദുഃഖത്തോടെ വേല തുടങ്ങും. "പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം സുകൃതികൾ പോലുമഹോ! ചുഴന്നിടുന്നു! വികൃതി വിടുന്നതിനായി വേല ചെയ്‌വീ- ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിടേണം." (ആത്മോപദേശശതകം) ഈ ലോകരെ എന്തെങ്കിലും പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയിട്ടു വേണോ നമുക്ക് ജന്മസാഫല്യം നേടാൻ? ഈ ലോകത്തിൽ നിന്ന് എന്തെങ്കിലും നേടിയിട്ടു വേണോ നമുക്ക് സംതൃപ്തി ഉണ്ടാകുവാൻ? എങ്കിൽ അതൊരിക്കലും സാധിക്കുന്നതല്ല. സ്വന്തം ആഗ്രഹങ്ങളെ ഉപേക്ഷിക്കാൻ കഴിയില്ല. ആഗ്രഹവസ്തുവിൽ സുഖം ഉണ്ട് എന്ന ഫലാഗ്രഹത്തെ നമുക്ക് ഉപേക്ഷിക്കാൻ സാധിക്കും. അതായത് പ്രാരബ്ധത്തെ ഉപേക്ഷിക്കാൻ സാധിക്കില്ല. എന്നാൽ ഫലത്തിലുള്ള ആഗ്രഹം ഉപേക്ഷിച്ചുകൊണ്ട് നേട്ടത്തെയും നഷ്ടത്തെയും ഒന്നായി കണ്ട് ജീവിക്കുന്നതായാൽ ഈ ജന്മപ്രകൃതിയിലെ പൂർവ്വസംസ്ക്കാരബാധയിൽ നിന്ന് രക്ഷപ്രാപിക്കാവുന്നതാണ്. ആത്മാവിനല്ല മോക്ഷം. ദുഃഖകരമായ നശ്വരവിഷയങ്ങളോടുള്ള രാഗത്തിൽ നിന്നാണ് മോക്ഷം വേണ്ടി വരുന്നത്. വൈരാഗ്യമാണ് ആത്മസ്വരൂപം വെളിപ്പെടുന്നതിനുള്ള അർഹത. നശ്വരമായ സുഖത്തിലുള്ള ആഗ്രഹമാണ് രാഗം. അനശ്വരമായ സുഖത്തിലുള്ള ശ്രദ്ധയാണ് വൈരാഗ്യം. ഒരേ സമയത്ത് പ്രവൃത്തിമാർഗ്ഗത്തിലും നിവൃത്തിമാർഗ്ഗത്തിലും ശ്രദ്ധയുണ്ടാകുക എന്നത് സാധിക്കില്ലല്ലോ? നിവൃത്തിമാർഗ്ഗധർമ്മത്തിൽ നിൽക്കുന്ന ഗുരുക്കന്മാർക്ക് പ്രവൃത്തിമാർഗ്ഗത്തിലെ പ്രശ്നങ്ങളെ കാണാനും കഴിയും ശരിയായ ധർമ്മം ഉപദേശിക്കാനും സാധിക്കും. എന്നാൽ പ്രവൃത്തിമാർഗ്ഗധർമ്മത്തിൽ നിന്നുകൊണ്ട് ശരിയായ ധർമ്മത്തെ ഉപദേശിക്കാൻ കഴിയില്ല എന്നുമാത്രമല്ല നിവൃത്തിമാർഗ്ഗധർമ്മത്തെ കുറിച്ച് അനുഭവജ്ഞാനം ഇല്ലാത്തതിനാൽ കളിയാക്കുകയോ നിഷേധിക്കുകയോ ചെയ്തെന്നും വരും. രണ്ടു ധർമ്മത്തെയും ശരിയായി മനസ്സിലാക്കിയില്ലെങ്കിൽ ഇവയെ കൂട്ടിക്കുഴച്ച് ഉപദേശിക്കുന്ന കപടയതികളുടെ വാക്കുകളുടെ ഭംഗിയിൽ നാം ഭ്രമിച്ചുപോകും. ലോകത്തിൽ പ്രവൃത്തിമാർഗ്ഗമെന്നും നിവൃത്തിമാർഗ്ഗമെന്നും രണ്ടും ധർമ്മമേ ഉള്ളൂ. മൂന്നാമതൊന്ന് ഇല്ല. രണ്ടുംകൂടിക്കലർന്ന മാർഗ്ഗം എന്നതും ഇല്ല. ഇവയിൽ നിന്ന് സ്വധർമ്മത്തെ നാം തിരിച്ചറിയുക. അത് ഭംഗിയായി നിർവ്വഹിക്കുക. പ്രവൃത്തിമാർഗ്ഗത്തിലാണ് നാം സുഖം തേടുന്നതെങ്കിൽ അത് ഫ"ലാഗ്രഹമറ്റ് വേണം" എന്നതാണ് ഗുരൂപദേശമായ ധർമ്മം. നാം ആഗ്രഹിക്കുന്നത് സുഖമാണ്. ഈ ലോകത്തിൽ സുഖം ഉണ്ട് എന്ന ആഗ്രഹത്തെ ഉപേക്ഷിച്ചു കൊണ്ട് പ്രാരബ്ധവശാൽ ആഗ്രഹിച്ചു പോകുന്നു എന്ന കാരണം കൊണ്ട് പലതും നേടുന്നു എന്ന ധർമ്മബോധത്തോടെ ജീവിക്കുക. അപ്പോൾ പരവശമായ സുഖം മാറി സ്വവശമായ സുഖം അനുഭവിക്കാൻ സാധിക്കും. അതാണ് ആത്മാവിൻറെ സ്വാതന്ത്ര്യം! ആത്മസുഖം നിത്യമായി സ്വവശം ഉള്ളപ്പോൾ എന്തിന് അനിത്യമായവയെ ചിന്തിച്ചുള്ള പരവശത? ഓം. കടപ്പാട്

Saturday, March 11, 2023

ആയുർവേദത്തിലാകട്ടെ ജ്യോതിഷത്തിലാകട്ടെ മന്ത്രത്തിലാകട്ടെ തന്ത്രത്തിലാകട്ടെ വാസ്തുവിലാകട്ടെ എല്ലാത്തിലും അവയ്ക്ക് ആധാരമായ ദർശനം ഉണ്ട്. ദർശനം സിദ്ധിച്ചാൽ ശാസ്ത്രം സ്വയം സൃഷ്ടിക്കാവുന്നതാണ്. ദർശനം സിദ്ധിച്ചിട്ടാത്തവർക്ക് ശാസ്ത്രഗ്രന്ഥങ്ങളെ പഠിക്കേണ്ടതുണ്ട്. ദർശനം എന്താണെന്ന് കണ്ടെത്തുംവരെ മാത്രമേ ശാസ്ത്രപഠനത്തിൻറെ ആവശ്യം വരുന്നുള്ളൂ. ദർശം സിദ്ധിച്ച ആൾ അത് ലോകരോട് പറയുമ്പോഴാണ് അത് ശാസ്ത്രം ആകുന്നത്. അപ്പോൾ ശാസ്ത്രം പഠിക്കുന്നയാൾ ദർശനം ആണ് കണ്ടെത്തേണ്ടിവരുന്നത്. ശാസ്ത്രം പഠിക്കാൻ വ്യാകരണവും നിരുക്തവും തുടങ്ങിയ വിദ്യകളുടെ അഭ്യാസം മതിയാകും. എന്നാൽ ദർശനം സിദ്ധിക്കുന്നതുവരെ ശാസ്ത്രപഠനം കൊണ്ട് അർത്ഥം ശരിയായി ഗ്രഹിക്കപ്പെടുന്നില്ല. ശാസ്ത്രം എന്ന വാക്കുകൊണ്ട് ഒരുവിഭാഗം പണ്ഡിതർ സ്വയം കൊടുക്കുന്ന നിർവചനം അവരുടെ സിദ്ധാന്തത്തിനും അവരുടെ അന്വേഷണസമ്പ്രദായത്തിനും ഇണങ്ങുന്നതായിരിക്കും. എന്നാൽ സ്വന്തം ശാസ്ത്ര നിർവചനം കൊണ്ട് ദർശനത്തിൽ നിന്നുണ്ടായ ഭാരതീയ ശാസ്ത്രങ്ങളെ ചോദ്യം ചെയ്യരുതല്ലോ? ദർശനം സിദ്ധിക്കാത്തതുകൊണ്ടാണ് ശാസ്ത്രവാക്യങ്ങൾക്ക് വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ടാകുന്നത്. ദർശനം സിദ്ധിച്ചയാളാണ് ഗുരു. ഗുരുമുഖത്തു നിന്നു കേൾക്കുമ്പോൾ ശാസ്ത്രാർത്ഥം വ്യക്തമാകും. ദർശനം സിദ്ധിക്കാത്ത വ്യാകരണപണ്ഡിതൻറെ നിരുക്തമാകട്ടെ തെറ്റിദ്ധാരണകളെ പഠിപ്പിക്കുന്നതായി കണ്ടെന്നും വരാം. ശ്രദ്ധയാണ് ഇവിടെ ആവശ്യം. 'ശ്രദ്ധ'യ്ക്ക് നാം പൊതുവെ കൊടുക്കുന്ന അർത്ഥമല്ല ദർശനതലത്തിലുള്ള അർത്ഥം. ഒരു യാഗം നടത്തുമ്പോൾ കർമ്മം ചെയ്യുന്നയാൾ ശുദ്ധസങ്കല്പത്തോടെ ഈശ്വരനെ ശ്രദ്ധിച്ചിരുന്നാൽ അദ്ദേഹത്തിന് ശാന്തിയനുഭവപ്പെടും. അത് ശ്രദ്ധയുടെ ഫലമാണ്. നേരെ മറിച്ച് മറ്റൊരാളുടെ ശ്രദ്ധ തൻറെ ആജന്മശത്രുക്കളിലാണെങ്കിലോ? തൻറെ യാഗത്തിൻറെ ഫലമായി ശത്രുക്കൾക്ക് എന്ത് ദോഷം വരുന്നുണ്ട് എന്നാകും നോക്കുക. ഇതും ശ്രദ്ധയുടെ ഫലമായ അശാന്തിയാണ്. ഇതാണ് ശ്രദ്ധ എന്ന വാക്കിൻറെ ശരിയായ അർത്ഥം. ചെവി കൂർപ്പിച്ച് കേട്ടിരിക്കുന്നു എന്നതല്ല ശ്രദ്ധ. എന്ത് കേൾക്കാൻ ഇഷ്ടപ്പെടുന്നു, എന്ത് കാണാൻ ഇഷ്ടപ്പെടുന്നു, എന്ത് വിഷയം അന്വേഷിക്കുന്നു എന്നതെല്ലാമാണ് ശ്രദ്ധ. മണ്ണിൽ കിടക്കുന്ന സ്വർണ്ണം ചികഞ്ഞ് ദൂരെ എറിഞ്ഞിട്ട് ധാന്യമണി കൊത്തിത്തിന്നുന്ന പക്ഷിയുടെ ശ്രദ്ധ അതാണ്. മനുഷ്യൻ സ്വർണ്ണം ചികഞ്ഞെടുക്കുന്നു. ചില മനുഷ്യർ സ്വർണ്ണത്തെ പോലും ഗ്രഹിക്കാതെ വൈരാഗ്യത്തോടെ കണ്ട് കടന്നു പോകുന്നു. ധനനേട്ടത്തിൽ ശ്രദ്ധയുള്ളയാളെ നമ്മുടെ തോട്ടത്തിലേയ്ക്ക് വിളിച്ചുകൊണ്ടു പോയാൽ തെങ്ങിൻറെ വിളവു നോക്കും. എത്ര തെങ്ങുണ്ട് എത്ര തേങ്ങ കിട്ടും എന്നെല്ലാം ചോദിക്കും. പ്രകൃതിഭംഗിയിൽ ശ്രദ്ധയുള്ളയാൾ അവിടെ നിൽക്കുന്ന മരങ്ങളുടെ വളവും വൈവിദ്ധ്യവും കണ്ട് ആസ്വദിച്ചു സംസാരിക്കും. ആത്മധ്യാനത്തിൽ ശ്രദ്ധയുള്ളയാളിൽ ആ പ്രകൃതി മുഴുവനും ഗുരുരൂപത്തിൽ നിന്നരുളുകയാണെന്നുള്ള ആദരവു വന്നേയ്ക്കും. ഇതെല്ലാം ശ്രദ്ധമാറുന്നതിൻറെ ഫലമായ അറിവുകളാണ്. ശ്രദ്ധ എന്നത് ജന്മാന്തരഗതമായി ജീവനിലുള്ള സംസ്ക്കാരമാണ്. അത് നമുക്ക് കൊടുക്കാൻ കഴിയില്ല. അദ്ധ്യാപകന് കൊടുക്കാൻ കഴിയുന്നതല്ല ശ്രദ്ധ. അദ്ധ്യാപകൻ എന്തു പറഞ്ഞാലും കുട്ടി തൻറെ ശ്രദ്ധാവിഷയം മാത്രമേ മനസ്സിലാക്കുകയുള്ളൂ. ചില വിഷയം പറയുമ്പോൾ ചില കുട്ടികൾ പ്രതികരിക്കില്ല. മറ്റു ചില വിഷയം പറയുമ്പോൾ മറ്റു കുട്ടികൾ പ്രതികരിക്കുകയും ചെയ്യുന്നത് ശ്രദ്ധയിലുള്ള വ്യത്യാസമാണ്. സഹപ്രവർത്തകർ ഒരുമിച്ച് ഓഫീസിൽ ഇരിക്കുമ്പോൾ എന്ത് പറയുന്നു എന്നത് ശ്രദ്ധാവിഷയമാണ്. ചിലർക്ക് ചില വിഷയങ്ങളിൽ ശ്രദ്ധകാണില്ല. അവർ അത്തരം കാര്യങ്ങളുടെ ചർച്ച ശ്രദ്ധിക്കാറില്ല. ആത്മവിഷയത്തിൽ ശ്രദ്ധ ഉറച്ചുകഴിഞ്ഞവരാണ് സന്ന്യാസികൾ. അങ്ങനെയുള്ളവർ ശാസ്ത്രം പഠിപ്പിച്ചു കഴിഞ്ഞാൽ വിഷയം മാറിപ്പോകില്ല. അവർ ഒരു വേദാന്തഗ്രന്ഥത്തിന് ആമുഖം എഴുതിയാൽ ശ്രദ്ധാവിഷയം മാറിപ്പോകില്ല. നാം എന്ത് പഠിച്ചാലും എന്ത് വായിച്ചാലും എന്ത് പഠിപ്പിച്ചാലും നമ്മുടെ ശ്രദ്ധയാണ് അവിടെ ഇടപെടുന്നത്. ശ്രദ്ധയെ കുറിച്ച് 'കഠോപനിഷത്തി'ലും 'ഭഗവദ്ഗീത'യിലും എടുത്ത് പറയുന്നുണ്ട്. ശ്രദ്ധാവാന് ജ്ഞാനം സിദ്ധിക്കുന്നത് ശ്രദ്ധയുടെ ഫലമായാണ്. ധർമ്മബോധം ഇല്ലാത്ത ഒരു രാഷ്ട്രീയക്കാരനെ സ്കൂൾ കലോത്സവത്തിന് വേദിയിൽ ക്ഷണിച്ചാൽ അവിടെ നിന്ന് കൊച്ചു കുട്ടികളോട് അദ്ദേഹം തൻറെ ശ്രദ്ധാവിഷയമായ രാഷ്ട്രീയം പ്രസംഗിച്ചെന്നു വരും. രാഷ്ട്രീയക്കാരനായ ഒരു അദ്ധ്യാപകൻ താൻ പഠിപ്പിച്ച വിദ്യാർത്ഥികളുടെ രാഷ്ട്രീയം നോക്കി അവരുടെ ശരിതെറ്റുകൾ വ്യാഖ്യാനിച്ചെന്നു വരും. മഹാഭാരതമോ രാമായണമോ വായിക്കുന്ന ഒരാൾക്ക് അതിൽ ബ്രാഹ്മണാധിപത്യമോ ആര്യാധിനിവേശമോ ആണ് കാണാൻ കഴിയുന്നതെങ്കിൽ അത് ശ്രദ്ധയുടെ ഫലമാണ്. മറ്റൊരാൾക്ക് ഇതിഹാസങ്ങൾ വായിക്കുമ്പോൾ ധർമ്മം, അർത്ഥം, കാമം, മോക്ഷം ഇവയെ കുറിച്ച് വ്യക്തമായ ദർശനം സിദ്ധിച്ചെന്നു വരും. ശ്രദ്ധയുടെ ഫലമാണത്. ഒരാൾ ചോദിക്കും ശ്രീകൃഷ്ണൻ ജീവിച്ചിരുന്നോ അതോ കല്പിതകഥാപാത്രമാണോ? മറ്റൊരാളാകട്ടെ ശ്രീകൃഷ്ണ ഭഗവാനെ ധ്യാനിച്ചും ജപിച്ചും ഈശ്വരീയമായ അനുഭൂതി ദർശിക്കുന്നു. രണ്ടും ശ്രദ്ധയുടെ ഫലമാണ്. വേദാന്തകൃതി വായിച്ചാലും ഗുരുക്കന്മാരുടെ വിശുദ്ധചരിതങ്ങൾ വായിച്ചാലും ഒരാളുടെ ശ്രദ്ധാവിഷയം വിവാദവിഷയങ്ങളാണെങ്കിൽ അത്തരത്തിൽ മാത്രമേ മനസ്സിലാക്കുകയോ വ്യാഖ്യാനിക്കുകയോ ഉള്ളൂ. "ഈ ജീവൻ ശ്രദ്ധാമയൻ ആണ്" എന്ന് ശ്രുതികൾ പറയുന്നത് ശരിയാണ്. ഇത്തരത്തിൽ, ശ്രദ്ധമാറുന്നതിനനുസരിച്ചാണ് നമ്മുടെ കർമ്മങ്ങളുടെയും ശാസ്ത്രാർത്ഥങ്ങളുടെയും എല്ലാം വ്യാഖ്യാനം പലവഴിയായി മാറിപ്പോകുന്നത്. ശ്രദ്ധ ശുദ്ധമാകണമെങ്കിൽ ഏതൊരു വിദ്യയും ഈശ്വരോപാസനയോടു കൂടി പഠിക്കേണ്ടതുണ്ട്. ഉള്ളിലെ കാമക്രോധങ്ങളെ യമനിയമങ്ങൾകൊണ്ട് അടക്കാതെ എങ്ങനെയാണ് ശുദ്ധസങ്കല്പവും ശ്രദ്ധയും സാധിക്കുക? നല്ലൊരു ഉപാസകയ്ക്കോ നല്ലൊരു ഉപാസകനോ ഏതു ശാസ്ത്രത്തിൻറെയും ദർശനതലം കണ്ടെത്താൻ സാധിക്കും. ആത്മാവിൽ ശ്രദ്ധ ഉണ്ടായാൽ പിന്നെ എല്ലാം സ്വയം വെളിപ്പെട്ടുകൊള്ളും. എന്തെന്നാൽ ആത്മാവ് മറ്റൊന്നല്ലല്ലോ? സ്വയം അറിയാൻ എന്താണ് തടസ്സം! ശ്രദ്ധയുണ്ടായിട്ടില്ല എന്നതുമാത്രമാണ് തടസ്സമെന്നു കാണാം. ശിഷ്യൻ ആത്മവിഷയത്തിൽ ശ്രദ്ധയോടു കൂടി ആത്മാവിൽ ശ്രദ്ധയോടുകൂടിയ ഗുരുക്കന്മാരെ ശരണം പ്രാപിക്കണം. അപ്പോൾ അന്യവിഷയങ്ങളുടെ വിവാദങ്ങൾ വന്ന് പരസ്പരം ശ്രദ്ധയെ ചിതറിക്കുകയോ ഉള്ളിൽ കാമക്രോധങ്ങളെ ഉണർത്തുകയോ ഇല്ല. ശ്രദ്ധയെ ആത്മവിഷയത്തിൽ പിടിച്ചുനിർത്താനാണ് മന്ത്രജപാദി സാധനകളെല്ലാംതന്നെ. ശ്രദ്ധയുണ്ടായാൽ അത് മറ്റൊന്ന് അല്ലാത്തതിനാൽ സ്വരൂപം സ്വയം വെളിപ്പെട്ടുകൊള്ളും. ശ്രദ്ധ അന്യവിഷയങ്ങളിൽപ്പെട്ട് ചിതറിപ്പോകുമ്പോൾ എല്ലാം സംശയത്തോടു കൂടിയേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ശ്രദ്ധ ആത്മാവിൽ എത്തുമ്പോൾ അത് അന്യവസ്തു അല്ലാത്തതിനാലാണ് സ്വരൂപമായി വെളിപ്പെടുന്നത്. അപ്പോൾ അത് ആരെങ്കിലും പറഞ്ഞുതരുന്നതല്ല. ഇതാണ് ശ്രദ്ധ എന്ന പദത്തിൽ വെളിപ്പെടുന്ന ഋഷിദർശനം. ഇവിടെ ശാസ്ത്രങ്ങളെല്ലാം ദർശനങ്ങളിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. ശാസ്ത്രങ്ങളിൽ നിന്ന് ദർശനം ഉണ്ടാകുന്നതല്ല. ശാസ്ത്രം ലോകരുടെ വിദ്യയ്ക്കു വേണ്ടിയാണ്. ദർശനം സാധിച്ചവരാണ് അത് ചെയ്യുന്നത്. ശ്രദ്ധ മാറുമ്പോൾ ദർശനം സാധിക്കുന്നില്ല. ശ്രദ്ധയ്ക്ക് അനുസരിച്ചാണ് നാം ശാസ്ത്രങ്ങളെ വ്യാഖ്യാനിക്കുന്നത്. അതുകൊണ്ടാണ് ദർശനം സിദ്ധിച്ച ഗുരുമുഖത്തു നിന്നും ശാസ്ത്രാർത്ഥം പഠിക്കേണ്ടി വരുന്നത്. ഉള്ളിലെ കാമക്രോധങ്ങളാകുന്ന കളങ്കമെല്ലാം അകന്നു പരിശുദ്ധി നേടണം. എന്നാൽ മാത്രമേ ശാസ്ത്രാർത്ഥം ഗുരുമുഖത്തു നിന്നായാലും ശരിയായി ഗ്രഹിക്കാൻ സാധിക്കുകയുള്ളൂ. ഉപാസനയോടു കൂടി മനഃശുദ്ധി കൈവരിച്ച് ശാസ്ത്രം പഠിക്കുക. ദർശനം ഉണ്ടാകുന്നതുവരെ പഠനവും ഉപാസനയും ഗുരുപൂജയും ഒരേ സമയം തുടരണം. ഉപാസനാമൂർത്തിയെത്തന്നെ ഗുരുസ്ഥാനത്ത് കാണാവുന്നതുമാണ്. ദർശനം ഉണ്ടാകുമ്പോഴാണ് അതുവരെ വായിച്ചു കഴിഞ്ഞ ശാസ്ത്രങ്ങളുടെ എല്ലാം അർത്ഥം ഒന്നായി വെളിപ്പെടുന്നത്. അതുവരെ എല്ലാം അവ്യക്തമോ സംശയാസ്പദമോ കേട്ടുകേൾവിയോ മാത്രമായിരിക്കും! കടപ്പാട്

Friday, March 10, 2023

#കുറി_തൊടുന്നത്_എന്തിന്?... #എങ്ങനെ? ലലാടം (നെറ്റിത്തടം), കഴുത്ത്, രണ്ടു തോള്‍, രണ്ടു കൈമുട്ടുകള്‍, നെഞ്ച്, വയര്‍ ഭാഗം, രണ്ടു കണങ്കാലുകള്‍ എന്നീ ഭാഗങ്ങളില്‍ ഭസ്മം, ചന്ദനം, കുങ്കുമം ഈ മൂന്നു ദ്രവ്യങ്ങള്‍ കൊണ്ട് അങ്കനം ചെയ്യുന്ന രീതിയെ ‘തിലകമണിയല്‍ ‘ അഥവാ ‘ കുറിതൊടല്‍ ‘ എന്നു പറയുന്നു. നെറ്റിത്തടം ആന്തരിക വിദ്യയെ കുറിക്കുന്ന സ്ഥാനമാണ്. വിശാലമായ നെറ്റിത്തടം ഉത്തമ ലക്ഷണമാണ്. ശിരസ്സു പരമാത്മാവിന്‍റെയും, നെറ്റിത്തടം ആകാശത്തേയും, പുരികം വായുവിനെയും, കണ്ണ് അഗ്നിയേയും, നാക്ക് ജലത്തേയും, മൂക്ക് ഭൂമിയേയും സൂചിപ്പിക്കുന്നു. തിലകം ജ്ഞാനത്തിന്‍റെ പ്രതീകമാണ്. സ്നാനത്തിനു ശേഷമാണ് തിലകവിധി. മഹാവിഷ്ണു, പരമശിവന്‍, പരാശക്തി എന്നിങ്ങനെ മൂന്നു ആദ്ധ്യാത്മിക ശക്തികളാണല്ലൊ നമ്മുടെ സങ്കല്‍പ്പത്തില്‍. പരാശക്തി (ദേവിശക്തി) സൃഷ്ടിരൂപവും, മഹാവിഷ്ണു പരിപാലകനും, പരമശിവന്‍ സംഹാരകനുമാണ്. അരൂപിയും, നിര്‍ഗുണനും, സര്‍വ്വവ്യാപിയുമായ ആത്മദര്‍ശനമാണ് ശിവതത്വം. എല്ലാ ഭൌതിക വസ്തുക്കളും കത്തിയമര്‍ന്നതിനു ശേഷമുള്ളതാണ് ഭസ്മം. അതുപോലെ പ്രപഞ്ചമെല്ലാം സംഹരിക്കപ്പെട്ടാലും അവശേഷിക്കുന്നതാണ് ആത്മതത്വം. ശിവന്‍ ഈ പരമാത്മതത്വമാണ്. അതുകൊണ്ട് ഭസ്മം ശിവനെ പ്രതിനിധീകരിക്കുന്നു. ഭസ്മകുറി ലലാടത്തിനു കുറുകെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഇടണമെന്നാണു ശാസ്ത്രം വിധിച്ചിട്ടുള്ളത്. മൂന്നു കുറികള്‍ സന്യാസിമാര്‍ക്കെ വിധിച്ചിട്ടുള്ളൂ. കാരണം ഓരോ കുറിയും കഴിഞ്ഞുപോയ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം ഇവയെയാണ് സൂചിപ്പിക്കുന്നത്. ഭസ്മം നെറ്റിക്ക് മുകളിലേയ്ക്ക് നീളത്തില്‍ (ഗോപിക്കുറി) ധരിക്കാന്‍ പാടില്ല. നെറ്റിയുടെ ഇടതുവശത്തു ആരംഭിച്ച് മറ്റേ അറ്റം വരെ കുറിയിട്ടശേഷം തലയ്ക്കുചുറ്റുമായി പ്രദക്ഷിണംവെയ്ച്ച്, പെരുവിരല്‍ കൊണ്ട് ഭൂമദ്ധ്യത്തില്‍ (മൂക്കില്‍) സ്പര്ശിച്ച് നിറുത്തണം. ചൂണ്ടുവിരല്‍ ഉപയോഗിക്കരുത്. ചന്ദനം വിഷ്ണുതത്വത്തെ സൂചിപ്പിക്കുന്നു. വിഷ്ണു സര്‍വ്വവ്യാപിയാണല്ലൊ. അതുപോലെ ചന്ദന സുഗന്ധവും പെട്ടെന്ന് സര്‍വ്വത്ര പരക്കുന്നതാണ്. ചന്ദനം മോതിരവിരല്‍ കൊണ്ട് തൊടണം. നെറ്റിയ്ക്കു മദ്ധ്യഭാഗത്ത് മുകളിലോട്ട് നീളത്തില്‍ തൊടണം (ഗോപിക്കുറി). വൈഷ്ണവര്‍ ഇതിനെ ‘ഊര്‍ദ്ധ്വപൂണ്ഡ്രം’ (സുഷുമ്ന നാഡിയുമായി ബന്ധിച്ച്) എന്ന് വിളിക്കുന്നു. വിഷ്ണുഭഗവാന്‍റെ നടുനായകത്വം സൂചിപ്പിക്കുകയാണ് ചന്ദനക്കുറി. കുങ്കുമം ദേവിസ്വരൂപമാണ്. ലലാടത്തിനു നടുവിലോ, ഭൂമദ്ധ്യത്തിലോ (മൂക്കിനും നെറ്റിക്കും ഇടയ്ക്ക്) വൃത്താകൃതിയില്‍ തൊടാം. വിശാലമായ പ്രപഞ്ചത്തില്‍ സര്‍വ്വതിനേയും നയിക്കുന്ന മഹാശക്തിയായ ഒരു ബിന്ദുവായിട്ടാണ് ഇതിനെ സൂചിപ്പിക്കുന്നത്. ഇത് ആത്മാവും പ്രപഞ്ചവും തമ്മിലുള്ള ഐക്യത്തെ തെളിയിക്കുന്നു. നടുവിരല്‍ കൊണ്ടാണ് കുങ്കുമം തൊടേണ്ടത്. നെറ്റിക്ക് കുറുകയോ, നെടുകയോ തൊട്ടുകൂടാ. കുങ്കുമം ഭസ്മത്തിനോട്‌ ചേര്‍ത്തു തൊടുന്നത് ശിവശക്ത്യാത്മകവും, ചന്ദനക്കുറിയോടു ചേര്‍ത്തു തൊടുന്നത് വിഷ്ണുമായ പ്രതീകവും, മൂന്നും കൂടി തൊടുന്നത് ത്രിപുരസുന്ദരി പ്രതീകവും ആകുന്നു. പ്രഭാതത്തില്‍ (ബ്രാഹ്മമുഹൂര്‍ത്തം) ചന്ദനവും, പുലര്‍ച്ചെ കുങ്കുമവും, സായാഹ്നത്തില്‍ ഭസ്മവും കുറിതൊടുന്നത് ഉത്തമമാകുന്നു. ശീലമാക്കിയാല്‍ നാഡിശോധനത്തിനും രോഗനിവാരണത്തിനും ഉതകുന്ന കുറികള്‍ ഭക്തി വര്‍ദ്ധിപ്പിക്കാനും ജ്ഞാനശക്തിയുടെ കേന്ദ്രമായ ആജ്ഞാചക്രം ഉണരുവാനും വളരെ ഉപയുക്തമാവുന്നു 🙏🙏🙏
തന്നത് കാലമാണ്. തിരിച്ചെടുക്കുന്നതും കാലമാണ്. അതിനാൽ എന്തെങ്കിലുമൊന്ന് എത്രകാലം സ്നേഹത്തോടെയോ വിദ്വേഷത്തോടെയോ വൈരാഗ്യത്തോടുകൂടിയോ നമ്മുടേതായിരിക്കുന്നു എന്നത് കാലധർമ്മം മാത്രമാണ്. ആരാണോ കാലധർമ്മത്തെ അറിഞ്ഞിരിക്കുന്നത് അവർ ഒന്നും തൻറേതാണെന്നു കരുതുന്നില്ല. രാജർഷിയായ ജനകൻറെ കഥയാണ് ദൃഷ്ടാന്തം. തെറ്റു ചെയ്ത പ്രജയോട് തൻറെ രാജ്യാതിർത്തി വിട്ടുപോകുവാൻ ശിക്ഷാവിധി പറയുന്നു. എന്നാൽ ശിക്ഷാവിധി കേട്ടപ്പോൾ അദ്ദേഹം തിരിച്ചു ചോദിക്കും- "അങ്ങയുടെ രാജ്യത്തിൻറെ അതിർത്തി ഏതുവരെയാണെന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ അതു കടന്നു പോകാമായിരുന്നു." പക്ഷേ ജനകമഹാരാജാവിന് ആ ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ല. ഈ ശരീരമോ ഈ രാജ്യമോ എവിടെയാണ് എൻറെതായി തീർന്നത് എന്ന കാലത്തിൻറെ അതിർത്തി തേടിയിട്ടു കണ്ടെത്താൻ സാധിക്കുന്നില്ല. ശരീരത്തിൻറെ അതിർത്തി നോക്കിയപ്പോഴും രാജ്യത്തിൻറെ അതിർത്തി നോക്കിയപ്പോഴും കഴിഞ്ഞ ജന്മം എൻറേതായിരുന്നോ? അടുത്ത ജന്മം ഇത് ആരുടെതായിരിക്കും? പല ശരീരമെടുത്തിരിക്കുന്ന തനിക്ക് ഈ ശരീരമാണോ അതിർത്തി? ഈ രാജ്യം എൻറേതുമാത്രമാണോ? എന്നും എൻറേതായിരിക്കുമോ? എന്നീ ചോദ്യങ്ങൾ സ്വയം ചോദിക്കേണ്ടിവരുന്നു. ഒടുവിൽ ജനകൻ ഇങ്ങനെയാണ് മറുപടി പറയുന്നത്- "അങ്ങ് ഇവിടം വിട്ട് എങ്ങും പോകണ്ട. ഒന്നുകിൽ ഇതെല്ലാം അതിരുകളില്ലാതെതന്നെ എൻറെതാണ്. അല്ലെങ്കിൽ ഇതെല്ലാം എല്ലാവരുടേതുമാണ്. രണ്ടായാലും അങ്ങ് എങ്ങും പോകേണ്ടതില്ല." നാം നമ്മുടേതെന്നു കരുതുന്നതൊക്കെയും നമ്മുടേതായിരിക്കുന്നത് ഈ ജന്മത്തിലെ യോഗമാണ്. ആ നിലയ്ക്ക് ഇതെല്ലാം ഇപ്പോൾ നമ്മുടേതാണ്. എന്നാൽ ഇതെല്ലാം നമ്മുടെ ഇഷ്ടമോ അനുവാദമോ കൂടാതെതന്നെ നശിച്ചുപോകും എന്നതിനാൽ ഇതൊന്നും നമ്മുടേതാകുന്നുമില്ല. അതിനാൽ കൈകളിൽ ഉള്ളതെല്ലാം കൊടുക്കാനുള്ളതാണ് എന്ന ധർമ്മബോധത്തോടെ കൊടുക്കുക. ഒന്നും അപഹരിക്കാതിരിക്കുക. എല്ലാം കൊടുക്കാനുള്ളതാണ് എന്ന അറിവോടെ സന്തോഷത്തോടെ കൊടുക്കുക. കൊടുക്കാനുള്ളതെല്ലാം കൊടുക്കുക. ആരുടെയെങ്കിലും സ്വത്ത് നാം സ്വന്തമാക്കി എന്ന് കരുതി നേട്ടം ചിന്തിക്കാതിരിക്കുക. ഇരിക്കാനുള്ളിടത്തോളം കാലം നമ്മുടെ അടുത്തിരിക്കുന്നതാണ് ബന്ധങ്ങളും സമ്പത്തും പ്രശസ്തിയും എല്ലാം. എല്ലാം കാലധർമ്മം മാത്രം. ഈ കാലധർമ്മത്തെ അറിഞ്ഞ് കൊടുക്കാനുള്ളതെല്ലാം കൊടുക്കുക. ആരുടെയെങ്കിലും അധ്വാനഫലത്തെ നാം എടുത്തിട്ട് തൻറേതാണെന്ന് കരുതുന്നുണ്ടെങ്കിൽ അത് കൊടുക്കുക. അങ്ങനെ കൊടുക്കാനുള്ളതെല്ലാം ധർമ്മബോധത്തോടുകൂടി കൊടുക്കുക. കൈകളിലുള്ളതൊന്നും സ്വന്തമല്ലെന്ന ധർമ്മബോധത്തോടെ നിർഭയനായി ജീവിക്കുക. ഭയവും നിരാശയും വിദ്വേഷവും എല്ലാം കാലധർമ്മത്തെ അറിയാഞ്ഞിട്ടാണ്. ജ്യോതിഷം എന്ന ശാസ്ത്രം നമ്മുടെ പ്രശ്നത്തെ മാറ്റാനുള്ളതാണോ അതോ നാം പ്രശ്നമെന്നു കാണുന്നത് പ്രശ്നം അല്ല എന്ന കാല ധർമ്മത്തെ അറിയാനുള്ളതാണോ? എന്നു ചോദിച്ചാൽ പ്രശ്നത്തെ പ്രശ്നമല്ലെന്ന് അറിയാനുള്ള ധർമ്മോപദേശമാണ് ജ്യോതിഷത്തിലൂടെ സാധിക്കേണ്ടത്. നമ്മുടെ പ്രശ്നം എന്താണെന്നോ? നഷ്ടപ്പെടും എന്നുറപ്പുളള ശരീരത്തെയും ധനത്തെയും സ്വന്തമാണെന്ന് വിശ്വസിക്കുന്നു. നഷ്ടപ്പെടാനുള്ളത് നഷ്ടപ്പെടുന്നു എന്നതാണ് നമ്മുടെ പ്രശ്നം. കുറച്ചു കാലം നമ്മുടേതായിരുന്ന സമ്പത്തും കുറച്ചു കാലം നമ്മുടേതായിരുന്ന ബന്ധങ്ങളും വിട്ടു പോകുന്നുണ്ടെങ്കിൽ അത് കാലധർമ്മം മാത്രമാണ്. നേടിയത് നമ്മുടെ കഴിവുകൊണ്ടാണ് എന്ന് നാം വിശ്വസിക്കുന്നു എങ്കിൽ നഷ്ടപ്പെട്ടപ്പോൾ എന്തുകൊണ്ട് നമുക്ക് തടുക്കാനുള്ള കഴിവില്ലാതെ പോയി എന്നു ചോദിക്കേണ്ടി വരുമല്ലോ? പരിശ്രമിച്ചു നേടുന്നതെല്ലാം പരിശ്രമം കൂടാതെ നഷ്ടപ്പെടുമെന്നാണോ? ഇവിടെയാണ് നമ്മുടെ അജ്ഞത. നഷ്ടപ്പെട്ടുപോകുന്ന ശരീരങ്ങളാണല്ലോ നാം നേട്ടമെന്നു കരുതുന്ന സുഖങ്ങളെല്ലാം. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നിനെ ആരാണ് സംരക്ഷിക്കുന്നു എന്ന് വിശ്വസിക്കുന്നത്? അവിവേകം തന്നെയാണ് ആ വിശ്വാസം. ലാഭവും നഷ്ടവും, യോഗവും വിയോഗവും കർമ്മബന്ധം മാത്രമാണ്. അത് കാലധർമ്മത്താൽ പ്രവർത്തിച്ചു നശിക്കുന്നു. കർമ്മബന്ധം ഇല്ലാത്തതായി ഒന്നേയുളളൂ. അത് ഈശ്വരനാണ്. കർമ്മബന്ധം ഇല്ലാത്തതിനാൽ ഈശ്വരൻ കാലത്തിനും ലോകാതിർത്തികൾക്കും അതീതനായിരിക്കുന്നു. നമ്മുടെ ശരീരവും ശരീരസംബന്ധിയായ അർത്ഥകാമങ്ങളും കാലദേശനിമിത്തങ്ങൾക്ക് അതീതമല്ല, അധീനമാണ്. കാലധർമ്മത്തെ അറിഞ്ഞിരിക്കുന്നയാൾക്ക് ഈ ജന്മത്തിൽ ലാഭമോ നഷ്ടമോ ഇല്ല. എല്ലാം കാലത്തിൻറെ കൈകളിലാണ്. എന്നതിനാൽ കാലം എടുക്കും മുമ്പ് മനസ്സാൽ എല്ലാം ഉപേക്ഷിച്ചുകൊള്ളണം. മനസ്സാൽ ഉപേക്ഷിക്കപ്പെട്ടതിനെ ആർക്കും അപഹരിക്കാൻ സാധിക്കില്ല. ഒരു സന്ന്യാസിയുടെ ഭക്ഷണപാത്രത്തെ അപഹരിച്ചുകൊണ്ട് ഓടുന്ന ഒരു കള്ളൻ! ആ കള്ളനെ ഓടിച്ചിട്ടു പിടിച്ച ശേഷം സന്ന്യാസി ഒരു ഗ്ലാസ്സ് വച്ചു നീട്ടികൊണ്ടു പറയും- "ഇതാ ഈ ജലപാത്രവും അങ്ങയുടേതാണ്, വച്ചുകൊള്ളൂ." നമുക്ക് കാലത്തിൻറെ കൈകളിൽ ഇരിക്കുന്ന അർത്ഥകാമങ്ങളോട് അതാത് സമയത്ത് ആഗ്രഹം തോന്നും എന്നല്ലാതെ അതാത് സമയത്ത് വന്നു ചേർന്ന് അതാത് സമയത്ത് നഷ്ടപ്പെടും എന്നല്ലാതെ ഒന്നുംതന്നെ സ്വന്തമാക്കി വയ്ക്കാനുള്ള ശക്തിയുണ്ടായിരിക്കുന്നില്ല. സ്വന്തം ശരീരം തന്നെ അതിനു തെളിവാണല്ലോ? പിന്നെയല്ലേ ശരീരം കൊണ്ട് നേടുന്ന മറ്റുള്ളവയെ സംരക്ഷിക്കാൻ കഴിയുമോ എന്ന ചോദ്യം! അതിനാൽ ആരുടെയും ധനം മോഹിക്കേണ്ടതില്ല, ആരുടെയും ധനം അപഹരിക്കേണ്ടതില്ല, സ്വന്തമെന്നു കരുതുന്ന ധനാദികളെയും ഇഷ്ടത്തോടെ ലോകക്ഷേമത്തിനായി ത്യാഗം ചെയ്യുക. കൊടുക്കാനുള്ളതാണ് എന്ന അറിവോടെ കൊടുക്കുക. നഷ്ടബോധമില്ലാതെ കൊടുക്കുക. അധ്വാനിക്കുക. കഴിയുന്നത്ര ധനം നേടുക. പക്ഷേ എല്ലാം ലോകക്ഷേമത്തിനാണ് എന്ന ധർമ്മത്തിൽ വിനിയോഗിക്കുക. എല്ലാം തനിക്കു വേണ്ടി തൻറേതാക്കി നേടുമ്പോഴാണ് ധനം നമ്മുടെയും മറ്റുള്ളവരുടെയും സുഖം കെടുത്തുന്നത്. അതിനാൽ കൊടുക്കാനുള്ളതെല്ലാം തൻറെതല്ലെന്ന ഭാവത്തിൽ ഈ ജന്മം തന്നെ കൊടുക്കുക. അങ്ങനെ ഈ ജീവിതം യജ്ഞമാകും. കർമ്മങ്ങൾ ഉപാസനയാകും. ഫലമാകട്ടെ കർമ്മക്ഷയവും സ്വരൂപദർശനവും ആയിരിക്കും. കർമ്മബന്ധത്തിലെ സുഖം സ്വരൂപജ്ഞാനത്തെ മറയ്ക്കുന്നു. കർമ്മക്ഷയത്തിനു വേണ്ടിയാണ് എല്ലാ ഉപാസനാമാർഗ്ഗങ്ങളും. ആ ഒരു ലക്ഷ്യം ഉണ്ടാകുമ്പോഴാണ് കർമ്മം യോഗമാർഗ്ഗമാകുന്നത്. കർമ്മംകൊണ്ട് സാധിക്കുന്നത് ജ്ഞാനമല്ല. കർമ്മംകൊണ്ട് സാധിക്കുന്ന ഫലങ്ങൾക്ക് നാശമുണ്ട്. ആത്മജ്ഞാനം എന്നത് കർമ്മംകൊണ്ട് ഉണ്ടാകേണ്ടതോ അതുകൊണ്ടുതന്നെ നശിക്കുന്നതോ ആയ ലക്ഷണത്തോടു കൂടിയുള്ളതല്ല. കർമ്മംകൊണ്ട് കർമ്മഫലത്യാഗമാണ് സാധിക്കുന്നത്. കർമ്മക്ഷയംകൊണ്ടാണ് സ്വരൂപദർശം സിദ്ധിക്കുന്നത്. കടപ്പാട്

Thursday, March 9, 2023

ചൈതന്യ മഹാപ്രഭുവിന്റെ അവതാരരഹസ്യം🙏🕉️ ശ്രീകൃഷ്ണ ഭഗവാന്റെ ഭക്തന്മാർ എല്ലാവരും ദയാലുക്കളും കരുണയുള്ളവരുമാകുന്നു. അവർക്ക് ജീവജാലങ്ങളുടെ യാതനകൾ യാതൊരുവിധത്തിലും സഹിക്കുവാൻ സാധിക്കില്ല. അവർ അജ്ഞതമൂലം കുരുക്കിൽ പെട്ട ജീവാത്മാക്കളെ, അതായത് ദുരിതത്തെ ആനന്ദമായി കണക്കാക്കി കൊണ്ട് ജനന മരണമാകുന്ന സമുദ്രത്തെ തരണം ചെയ്യുവാൻ ശ്രമിക്കാത്ത ജീവാത്മാക്കളെ അവരുടെ ദുഃഖ പൂർണമായ അവസ്ഥയിൽ നിന്നും മോചിപ്പിക്കുവാനുള്ള വഴികളെക്കുറിച്ച് ചിന്തിക്കുന്നു. മഹാമുനി നാരദർ കലിയുഗത്തിലെ ജനങ്ങളുടെ അവസ്ഥ ദർശിച്ച മാത്രയിൽ തന്നെ വളരെയധികം ദുഃഖിതനാവുകയും അദ്ദേഹം അവരുടെ മേൽ കാരുണ്യം ചൊരിയുവാൻ തീരുമാനിക്കുകയും ചെയ്തു. ഈ അവസ്ഥ മനസ്സിലാക്കിയ അദ്ദേഹം പരമദിവ്യോത്തമ പുരുഷനായ ശ്രീകൃഷ്ണ ഭഗവാന് മാത്രമേ ഈ ദയനീയ അവസ്ഥയിൽ നിന്നും അവരെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ എന്ന നിഗമനത്തിൽ എത്തി. ദയാലുവും ഉദാരമനസ്കനുമായ ആ ഭക്തൻ ജീവാത്മാക്കളെ പരിത്രാണനം ചെയ്യുവാനായി ശ്രീകൃഷ്ണ ഭഗവാനെ ആനയിക്കുവാനായി ദ്വാരകയിലേക്ക് പുറപ്പെട്ടു. ദ്വാരകയിൽ ശ്രീകൃഷ്ണ ഭഗവാൻ തന്റെ പ്രിയ പത്നിയായ സത്യഭാമയുടെ കൂടെ സമയം ചിലവഴിച്ചതിനു ശേഷം, തന്റെ പ്രധാന പത്നിയായ രുക്മിണീ ദേവിയുടെ കൊട്ടാരത്തിലേക്ക് പുറപ്പെടുവാൻ തീരുമാനിച്ചു. ഭഗവാന്റെ പെട്ടെന്നുള്ള ആഗമനത്തെക്കുറിച്ച് അറിഞ്ഞ രുക്മിണീ ദേവി, ഉടനെ തന്നെ ഭഗവാനെ സ്വീകരിക്കുവാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തി. കൊട്ടാരം പൂർണമായും കളങ്കരഹിതമാണെങ്കിലും, ദേവി സ്വയം തന്നെ ചുറ്റുപാടും വൃത്തിയാക്കുകയും നെയ് വിളക്കുകൾ കത്തിക്കുകയും ചെയ്തു. അന്തപുരത്തിന്റെ കവാടത്തിൽ ജല കുംഭവും, അലങ്കാരങ്ങളും കൊണ്ട് തന്റെ പ്രഭുവായ ഭഗവാന്റെ പ്രീതിക്കായി പ്രവർത്തിച്ച ശേഷം, അവർ സ്വയം അലങ്കരിച്ചു കൊണ്ട് ഭഗവാന്റെ ആഗമനത്തിനായി കാത്തിരുന്നു. ശ്രീ കൃഷ്ണ ഭഗവാൻ തന്റെ കൊട്ടാരത്തിൽ എത്തിയ ഉടനെ അദ്ദേഹത്തിന്റെ പാദ പദ്മങ്ങൾ കഴുകികൊണ്ട് ആരതി ഉഴിഞ്ഞു. അവ തന്റെ നെഞ്ചിൽ വച്ചുകൊണ്ട് അത്യധികമായി അശ്രു പൊഴിക്കുവാൻ തുടങ്ങി. ഇതു കണ്ട ശ്രീകൃഷ്ണ ഭഗവാൻ ആശ്ചര്യം മൂലം കാര്യം എന്താണെന്ന് ആരാഞ്ഞു. താൻ എന്തെങ്കിലും തെറ്റു ചെയ്തോ, അല്ലെങ്കിൽ ദേവിയുടെ ഏതെങ്കിലും ആഗ്രഹം നിറവേറ്റി തന്നില്ലയോ എന്നും ചോദിച്ചു. അദ്ദേഹം തുടരെ ചോദ്യം ആവർത്തിച്ചപ്പോൾ, ദേവി പറഞ്ഞു, "അങ്ങ് എല്ലാമറിയുന്നവനാണെങ്കിലും, അങ്ങയുടെ ഭക്തർക്ക് അങ്ങയോട് തോന്നുന്ന സ്നേഹം മാത്രം അങ്ങേയ്ക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നില്ല. അതിനാൽ ഭഗവാന് എന്റെ വികാരം മനസ്സിലാക്കാൻ സാധിക്കുകയില്ല. പ്രിയ ഭഗവാനെ അങ്ങയുടെ പാദ പദ്മങ്ങളാണ് എന്റെ ജീവിതവും ആത്മാവും. അങ്ങ് കുറച്ചു സമയത്തിനുശേഷം കൊട്ടാരത്തിൽ നിന്നും മടങ്ങുന്നത് ആലോചിക്കുമ്പോൾ എന്നിൽ ദുഃഖമുണ്ടാകുന്നു. ശ്രീമതി രാധികയ്ക്ക് മാത്രമേ ഈ വികാരങ്ങൾ മനസ്സിലാകുകയുള്ളൂ. കാരണം ശ്രീമതി രാധികയാണ് പരിപൂർണ്ണ പ്രേമത്തിന്റെ മൂർത്തിമദ്ഭാവം." ഇത് ശ്രവിച്ച ശ്രീ കൃഷ്ണ ഭഗവാൻ, തനിക്കു മനസ്സിലാക്കുവാൻ സാധിക്കാത്ത എന്തോ ഒന്ന് ഉണ്ടെന്നും, അതേക്കുറിച്ച് കൂടുതൽ വിവരിക്കുവാനുമായി രുക്മിണി ദേവിയോട് പറഞ്ഞു. ഭഗവാന്റെ അഭ്യർത്ഥന മാനിച്ച് ദേവി ഭക്തന്മാർക്ക് ഭഗവാനോടുള്ള പ്രേമത്തെക്കുറിച്ചും ഭഗവാന്റെ പാദപത്മങ്ങളെ കുറിച്ചും വിശദീകരിക്കാൻ തുടങ്ങി. ശേഷം ദേവി പറഞ്ഞു, "അങ്ങേയ്ക്ക് രാധാ ഭാവത്തിൽ അതായത് ശ്രീമതി രാധികയുടെ ഭാവത്തിൽ എത്തിച്ചേരുവാൻ സാധിച്ചാൽ മാത്രമേ ഈ വികാരത്തെ കുറിച്ച് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ". ഇതു കേട്ട് ഭഗവാന്റെ ഹൃദയത്തിൽ അത്യാനന്ദം അനുഭവപ്പെടുകയും തന്റെ ഹൃദയത്തിലെ രാധാ ഭാവത്തെ രുചിക്കുവാൻ ആഗ്രഹിക്കുകയും ചെയ്തു. അപ്പോഴാണ് നാരദമുനി അവിടെ പ്രത്യക്ഷനാകുന്നത്. ഭഗവാൻ നാരദ മുനിയെ സ്നേഹബഹുമാനങ്ങളാലും സ്വാഗതം ചെയ്തു. ശേഷം അദ്ദേഹത്തിന്റെ ദുഃഖപൂർണ്ണമായ മുഖം കാണുകയും അതിന്റെ കാരണമെന്തെന്ന് ഭഗവാൻ ആരായുകയും ചെയ്തു. ഇതിന് മറുപടിയായി നാരദമുനി പറഞ്ഞു, "പ്രിയ ഭഗവാനെ ഞാൻ നിത്യവും അങ്ങയുടെ മഹിമകൾ പാടിക്കൊണ്ട് ഭഗവദ് പ്രേമം പ്രപഞ്ചത്തിൽ പ്രചരിപ്പിക്കുന്നതിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നു. എന്റെ യാത്രകൾക്കിടയിൽ മായയുടെ പിടിയിൽ കുടുങ്ങിയിരിക്കുന്നവരും, വിഷസർപ്പമായ കലിയാൽ ദംഷ്ട്രനമേറ്റതുമായ ജീവാത്മാക്കളെ കാണുവാനിടയായി.വളരെ ദുരിതപൂർണമായ ജീവിതമാണ് ഇവർ നയിക്കുന്നത്. വേദനയെ ആനന്ദമായി കരുതി കൊണ്ട് സ്വന്തം ഇന്ദ്രിയ സന്ദർപ്പണത്തിൽ മാത്രം മുഴുകിയിരിക്കുന്നരാണ് ഇക്കൂട്ടർ. ഞാൻ അങ്ങയുടെ നാമം പ്രചരിപ്പിക്കുവാൻ ശ്രമിച്ചിട്ടും അവരെ ഭക്തിയിലേക്ക് നയിക്കുവാൻ സാധിക്കുന്നില്ല. എന്റെ ഭഗവാനേ അങ്ങ് അവരിൽ കാരുണ്യം ചൊരിഞ്ഞു കൊണ്ട് ധർമ്മം പുനഃസ്ഥാപിക്കുവാൻ ഭൂമിയിൽ അവതരിക്കണം എന്ന് അപേക്ഷിക്കുന്നു." ഭക്തന്മാരുടെ ആഗ്രഹം ഭഗവാന്റെ കൂടി ആഗ്രഹമാണ്. അദ്ദേഹം തന്റെ ഭക്തന്മാരുടെ ആഗ്രഹം സഫലീകരിക്കുന്നതിൽ അങ്ങേയറ്റം ഉത്സുകനാണ്. നാരദമുനിയുടെ വാക്കുകൾ ശ്രവിച്ച ഭഗവാൻ, രാധാ ഭാവത്തിന്റെ രുചിയറിയുവാനായി ഭൂമിയിൽ ശചീനന്ദന ഗൗരഹരിയായി അവതരിക്കുവാൻ തീരുമാനിച്ചു. ഈ വിധം ചിന്തിച്ചു കൊണ്ട് അദ്ദേഹം തന്റെ സ്വർണ്ണ വർണ്ണത്തിലുള്ള അതീന്ദ്രിയ രൂപം നാരദ മുനിക്കും രുക്മിണീ ദേവിക്കും മുൻപിൽ പ്രദർശിപ്പിച്ചു. ഈ അതീന്ദ്രിയ രൂപം കണ്ട ഉടനെ അവരുടെ ഹൃദയം സംതൃപ്തിയടഞ്ഞു. താൻ നവദ്വീപിൽ ജഗന്നാഥ മിശ്രയുടെ ഗൃഹത്തിൽ, ശചീ ദേവിയുടെ ഉദരത്തിൽ ജന്മമെടുക്കുമെന്ന് ഭഗവാൻ പ്രഖ്യാപിച്ചു. മാത്രമല്ല അദ്ദേഹം രാധാ ഭാവത്തിൽ തിരുനാമവും, ഭഗവദ് പ്രേമവും വിതരണം ചെയ്യുമെന്നും അറിയിച്ചു. ഇപ്രകാരം ശ്രീകൃഷ്ണ ഭഗവാൻ ചൈതന്യ മഹാപ്രഭുവായി അവതരിച്ചു. രാധാ ഭാവത്തെ രുചിക്കുവാനും, എല്ലാ ബദ്ധാത്മാക്കളെയും ഉദ്ധരിക്കുവാനും വേണ്ടി. (ചൈതന്യ മഹാപ്രഭുവിന്റെ അമൃതസദൃശമായ ലീലകളുടെ നിധികുംഭമായ, ശ്രീല ലോചന ദാസ് ഠാക്കൂറാൽ വിരചിതമായ ചൈതന്യ മംഗളം എന്ന കൃതിയിൽ നിന്ന് ) 🕉️🔯🦚🪷🔔🪷🦚🔯🕉️ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🕉️🔯🦚🪷🔔🪷🦚🔯🕉️
കഥയ്ക്കുള്ളിലെ തത്ത്വം🙏🕉️ 🙏🕉️പുരാണങ്ങളിൽ‍ ധാരാളം കഥകൾ‍ ഉണ്ടാകും. പല കഥകളിലും മാനുഷിക വികാരങ്ങളോടെ പെരുമാറുന്നവരെ കാണാം. പുരാണങ്ങൾ‍ പഠിക്കുമ്പോൾ കഥയിൽ‍ മാത്രം ശ്രദ്ധിച്ചാൽ‍ പോരാ. ഓരോ കഥയ്ക്കും ഓരോ കഥാപാത്രത്തിനും പിന്നി‍ൽ ഒരു തത്ത്വം ഉണ്ടാവും. ഈ തത്ത്വം ഓ‍ർമിക്കണം. കണ്ണിനു കാഴ്ചയില്ലാത്ത കുട്ടിയെ കുത്തിട്ടു തീ‍ർത്ത അക്ഷരത്തി‍ൽ കൈവിരൽ‍ തൊടുവിച്ച് പഠിപ്പിക്കുന്നതു പോലെയാണിത്. തത്ത്വം ഗ്രഹിക്കാൻ‍ വേണ്ടിയുള്ള ഉപാധി മാത്രമാണ് കഥകൾ‍. ഇങ്ങനെയുള്ള ഓരോ കഥയ്ക്കുള്ളിലും ആത്മതത്ത്വം ഒളിഞ്ഞിരിക്കുന്നുണ്ട്. നമ്മൾ അതറിയണം. എങ്കിലേ അവകൊണ്ടുള്ള ശരിയായ പ്രയോജനം ലഭിക്കൂ. ദേവകിയുടെ പുത്രൻ‍ തന്നെ കൊല്ലും എന്ന അശരീരി കേട്ടപ്പോ‍ൾ മുത‍ൽ കംസൻ ഭയം ആരംഭിച്ചു. ഈ കഥയാണല്ലോ കൃഷ്ണഭഗവാന്റെ അവതാര കഥയുടെ തുടക്കം. പൂതനയെപ്പോലുള്ളവരൊക്കെ ഭഗവാനെ ആഗ്രഹിക്കാ‍ൻ ശ്രമിച്ചു. അവസാനം കംസനെ ഭഗവാ‍ൻ നിഗ്രഹിച്ചു. മാതുലനായ കംസനെ ഭഗവാൻ‍ നിഗ്രഹിച്ചത് തെറ്റായിപ്പോയില്ലേ എന്നു പലരും ചോദിച്ചു കേട്ടിട്ടുണ്ട്. എന്താണ് കംസ നിഗ്രഹത്തിലൂടെ ഭഗവാൻ‍ ലക്ഷ്യമാക്കിയത്? വെറുതെ ഈ കഥ വായിക്കുമ്പോഴാണ് ഭഗവാൻ‍ ചെയ്തത് തെറ്റായി എന്ന് തോന്നുന്നത്. ഭഗവാന്റെ ലക്ഷ്യം, ഓരോ വ്യക്തിയെയും ഈശ്വരസാക്ഷാത്കാരത്തിന്, നിത്യാനന്ദത്തിന് അർ‍‍ഹനാക്കുക എന്നതാണ്. എ‍ന്നാൽ അവിടുത്തേക്ക് എത്തുവാൻ‍ ധ‍ർ‍മത്തിന്റെ പാതയിൽ‍ക്കൂടിയല്ലാതെ സാധ്യമല്ല. ചില അവിവേകികൾക്ക് ധർ‍‍മം എന്ന വാക്ക് കേ‍ൾക്കുന്നതുകൂടി അരോചകമാണ്. ഇത്തരക്കാരെ നമുക്കു ചുറ്റും ഇപ്പോൾ‍ കൂടുതലായി കാണാം. അങ്ങനെയുള്ള ഒരു വ്യക്തിയായിരുന്നു കംസൻ‍. കംസനോട് എത്ര ഉപദേശിച്ചാലും അവയൊന്നും ചെവിക്കൊള്ളാനുള്ള പാകത ആ മനസ്സിന് ഉണ്ടായിരുന്നില്ല. ധർ‍മം വെടിഞ്ഞ ഒരു മനസ്സിന് ഒരിക്കലും പരമാത്മ തത്ത്വത്തിലെത്താനും സാധിക്കില്ല. ശ്രീകൃഷ്ണ ഭഗവാൻ‍ വന്നിട്ടുള്ളത് ധർമിക്കും അധർമിക്കും വേണ്ടിയാണ്. അധർമിയെയും ഈശ്വരങ്കൽ എത്തിക്കുക എന്ന കടമ അവിടുത്തേക്കുള്ളതാണ്. അധർമികളി‍ൽ ധർമബോധം ചെലുത്താ‍ൻ വേണ്ടതെല്ലാം അവിടുന്നു ചെയ്തു. എന്നിട്ടും ദേഹാത്മബോധത്താൽ‍ മത്തരായ അവർ‍ ധ‍ർമമാർഗം കൈക്കൊണ്ടില്ല. പിന്നീട് ഭഗവാന്റെ മുമ്പി‍ൽ ഒരു വഴിയേ ബാക്കിയുള്ളൂ. അവരുടെ എല്ലാ അധ‍ർമങ്ങ‍ൾക്കും പ്രേരകമായിരിക്കുന്ന, ബഹിർ‍മുഖങ്ങളായ ഇന്ദ്രിയങ്ങ‍ൾക്ക് അധിഷ്ഠാനമായ ശരീരം നശിപ്പിക്കുക. ശരീരമാകുന്ന തടവറയിൽ‍നിന്നും അവരുടെ ജീവനെ മോചിപ്പിക്കുക. അതാണ് ഭഗവാ‍ൻ ചെയ്തത്. അങ്ങനെേയ ശരീരത്തിന്റെ നശ്വരതയെയും ആത്മാവിന്റെ അനശ്വരതയെയും അവരെ ബോധ്യപ്പെടുത്താൻ‍ സാധിക്കുമായിരുന്നുള്ളൂ. അതുകൊണ്ടു മാത്രമേ വിഷയങ്ങളുടെ സ്പ‍ർശമേല്‍ക്കാത്ത നിത്യാനന്ദത്തിന്റെ അവകാശികളാണു തങ്ങൾ‍ എന്ന അനുഭവജ്ഞാനം അവർക്കു കൈവരൂ. സ്‌കൂളിൽ ഇട്ടുകൊണ്ടുപോയ യൂണിഫോം മുഴുവ‍ൻ‍ ചെളിയും പൊടിയും ആക്കി വരുന്ന ചില മിടുക്കന്മാരെ കണ്ടിട്ടില്ലേ? കുട്ടിയുടെ മാതാവ് അവന്റെ മുഷിഞ്ഞുനാറിയ കുപ്പായം അഴിെച്ചടുക്കുന്നത് അലക്കിത്തേച്ച പുതിയ വസ്ത്രം നല്‍കാനാണ്. അതിനെ അനീതിയെന്നു പറയാമോ? മറ്റെല്ലാ മാർഗങ്ങളും പരാജയപ്പെടുമ്പോഴാണ് നിലവിലുള്ള ശരീരത്തിൽ‍നിന്ന് അധ‍ർമിയായ ഒരു വ്യക്തിക്കു മോചനം നല്‍കുന്നത്. പുതിയ ശരീരം ലഭിക്കുമ്പോഴെങ്കിലും ധർ‍മത്തിന്റെ മഹത്ത്വം മനസ്സിലാക്കി ലക്ഷ്യത്തിലേക്കു നീങ്ങാൻ‍ അവ‍ർക്കു സാധിക്കും. കംസ‍ൻ ഈ ജന്മത്തിൽ‍ ധർ‍മമാർഗത്തിൽ‍ സഞ്ചരിക്കാൻ‍ കഴിയില്ലെന്ന് ഭഗവാന് അറിയാമായിരുന്നു. കംസന്റെ മനസ്സും ശരീരവും അത്രമാത്രം അധർമത്തിന് അടിമയായിക്കഴിഞ്ഞിരുന്നു. ഇതു നഷ്ടമായി പുതിയ ശരീരം ലഭിച്ചാൽ‍ മാത്രമേ പ്രയോജനമുള്ളൂ. ഭഗവാന്റെ കൈ കൊണ്ട് മരണം സംഭവിക്കുമ്പോ‍ൾ, അവിടുത്തെ ദ‍ർശിച്ച്, സ്മരിച്ചു കൊണ്ട് ശരീരം വെടിയുമ്പോൾ‍ പാപമെല്ലാം ക്ഷയിക്കുകയാണു ചെയ്യുന്നത്. വാസ്തവത്തിൽ‍ കംസന്റെ ആഗ്രഹം തന്നെ ഭഗവാന്റെ കൈകൊണ്ട് മരിക്കണം എന്നതായിരുന്നു. ഭഗവാ‍ൻ‍ ആ ആഗ്രഹം സാധിച്ചുകൊടുത്തു. കംസന്റെ ജീവനെ ആ ശരീരത്തി‍ൽ നിന്ന് ഭഗവാൻ‍ ഉദ്ധരിക്കുകയാണു ചെയ്തത്. കംസനു പരമാത്മാവിൽ‍ എത്താനുള്ള സാഹചര്യം അവിടന്ന് ഒരുക്കി. "സർവാത്മകനായി മേവും മുകുന്ദനെ സർ‍വദാ ഭീതിയാൽ ചിന്തിച്ചു കീടവും വേട്ടാളനായ് വരുംപോലെ കംസനുടൻ‍ ലോകേശനായ നാരായണനാം കൃഷ്ണ സാരൂപ്യവും വന്നു മുക്തനായീടിനാൻ‍" ഒരു ഭിത്തിയിൽ‍ ചോക്കുകൊണ്ട് സിംഹത്തിന്റെയും പുലിയുടെയും മറ്റും പടം വരച്ച കുട്ടി പിന്നീട് അവ മായ്ച്ചു കളയും. വരകൾ മായുമ്പോ‍ൾ പുലിയും സിംഹവും ഇല്ലാതാവും. തെളിഞ്ഞ ഭിത്തി മാത്രം ശേഷിക്കും. കാരണം ഭിത്തിയാണ് അവയ്ക്ക് ആധാരം. അവിടെ അവ‍ൻ മാനിനെയും മുയലിനെയും വരയ്ക്കും. ഇവിടെ സിംഹവും പുലിയും മരിക്കുകയും മാനും മുയലും ജനിക്കുകയുമാണോ ഉണ്ടായത്? ഏതാനും വരകൾ‍ മാറിയപ്പോൾ‍ നാമവും രൂപവും മാറി. ഭഗവാൻ‍, കംസനിലെ അധർ‍മത്തെ കളയുകയാണു ചെയ്തത്. കഥയിലെ പൊരുളും ഉണ്മയും ഇങ്ങനെയാണ് തിരിച്ചറിയേണ്ടത്. 🙏 🌹ഹരേ കൃഷ്ണ 🌹🙏
*🎼പഞ്ചദശി* (ഭാഗം 184) *ബ്രഹ്മാനന്ദത്തിൽ* *ആത്മാനന്ദപ്രകരണം* ആത്മാനന്ദോപദേശപ്രകാരം ബൃഹദാരണ്യകോപനിഷത്തിൽ യാജ്ഞവല്ക്യൻ തന്റെ ഭാര്യയായ മൈത്രേയിയെ ആത്മാനന്ദം വിവരിച്ചു കൊടുത്താണ് പ്രബുദ്ധയാക്കിത്തീർക്കുന്നത്. ലോകത്ത് എല്ലാവർക്കും എല്ലാം പ്രിയമായിരിക്കുന്നത് ആത്മപ്രിയം നിലനിറുത്താൻ വേണ്ടി മാത്രമാണ്. ഭർത്താവിന്റെ സുഖത്തിനുവേണ്ടിയല്ല ഭാര്യയ്ക്ക് ഭർത്താവ് പ്രിയപ്പെട്ടവനായിരിക്കുന്നത്. ആത്മസുഖത്തിനുവേണ്ടിയാണ് ഭാര്യയ്ക്ക് ഭർത്താവ് പ്രിയപ്പെട്ടവനായിരിക്കുന്നത്. ഭർത്താവിന് ഭാര്യ പ്രിയയായിരിക്കുന്നതിന്റെ രഹസ്യവും ഇതുതന്നെ. ഭർത്താവും ഭാര്യയും പുത്രനും വിത്തവും പശുവും ബ്രാഹ്മണ ക്ഷത്രിയന്മാരും ലോകങ്ങളും വേദങ്ങളും ദേവന്മാരും എന്നു വേണ്ട സർവ്വവും ഭോക്താവിന് തന്നോടുള്ള പ്രിയംകൊണ്ടു മാത്രം പ്രിയപ്പെട്ടവയായി കരുതപ്പെടുന്ന വസ്തുക്കളാണ്. തനിക്ക് സുഖം തരാവുന്ന പരിതഃസ്ഥിതിയിലാണ് ഭർത്താവ് എന്നു കണ്ട് അയാളിൽ ഇച്ഛവർദ്ധിക്കുന്നതോടുകൂടിയാണ് ഭാര്യ കൂടുതൽ പ്രീതി കാണിക്കുന്നത്. നേരേമറിച്ച് വിശപ്പ് കൊണ്ടോ കൃത്യാന്തര ബഹുലതകൊണ്ടോ രോഗം കൊണ്ടോ പതി പീഡിതനാണെന്നുവന്നാൽ സ്വസ്ഥാവസ്ഥയിലെന്ന പോലെ ഭാര്യ ഭർത്താവിനെ ഇച്ഛിക്കുകയോ പ്രീതികാണിക്കുകയോ ചെയ്യാറില്ല. ഉപചാരങ്ങൾ അപ്പോഴും ചെയ്യുന്നുണ്ടാവും. പക്ഷേ പ്രീതി പ്രകടനം കുറഞ്ഞിരിക്കുമെന്ന് നിശ്ചയം. ഉപചാരങ്ങൾ തന്നെയും സ്വസുഖാനുകൂലമായ പരിതഃസ്ഥിതിയിൽ പതിയെ കൊണ്ടെത്തിക്കാനുള്ള തിടുക്കംകൊണ്ടാണെന്നറിയേണ്ടതാണ്. അപ്പോൾ ഭാര്യ ഭർത്താവിനെ ഇഷ്ടപ്പെടുന്നത് സ്വാർത്ഥത്തെ മുൻനിറുത്തിയാണ്. അല്ലാതെ പരാർത്ഥം പ്രധാനമാക്കിയല്ല. ഭർത്താവ് ഭാര്യയെ ഇഷ്ടപ്പെടുന്നതിന്റെയും കഥ ഇതു തന്നെയാണ്. ഇവിടെയൊക്കെ പരസ്പരപ്രീതി നില നിൽക്കുന്നുണ്ടല്ലോ. അപ്പോൾ ഇതൊക്കെ തികച്ചും സ്വാർത്ഥനിഷ്ഠമാണെന്നു പറയാനൊക്കുമോയെന്ന് സംശയം വരാം. പരസ്പരപ്രീതിയുണ്ടെന്നുള്ളത് സത്യം തന്നെ. എങ്കിലും ഓരോരുത്തരും പ്രവർത്തിക്കുന്നത് സ്വേച്ഛയെ മുൻനിർത്തിയാണെന്നുള്ളത് ഒർക്കേണ്ടതാണ്. ആത്മ പ്രീതിക്കുവേണ്ടിയാണ് എല്ലാവരും പ്രവർത്തിക്കുന്നത് എന്ന സത്യം അറിവില്ലാത്ത പലരും നിഷേധിച്ചുവെന്നു വരാം. മാത്രമല്ല തങ്ങളൊക്കെ പരനുവേണ്ടിമാത്രം ജീവിക്കുന്നവരാണെന്ന് സ്വയം അഹങ്കരിച്ചുവെന്നുംവരാം സത്യമാലോചിച്ചാൽ ജീവൻ ബലിയർപ്പിച്ച് ലോകനന്മ നടത്തുന്നവരായി കാണപ്പെടുന്നവർപോലും ആത്മപ്രീതിക്കു വേണ്ടി പ്രവർത്തിക്കുന്നുവെന്നുള്ളതാണ് ജീവിത മഹാരഹസ്യം. അതു ചെയ്തേ അവർക്ക് ആത്മശാന്തിയുള്ളു. അതുകൊണ്ട് അവരതു ചെയ്യുന്നു. ഇതാണ് സത്യം. ആത്മഹത്യ ചെയ്യുന്നവന്റെ പോലും കഥയിതാണ്. ആത്മ പ്രീതിയെ പ്രസ്പഷ്ടമാക്കുന്ന ഒരു ചെറിയ ദൃഷ്ടാന്തം കാണിക്കാം. മുഖത്ത് മൂർച്ചയുള്ള രോമങ്ങൾ വളർന്നു നില്ക്കുന്ന ഒരു പിതാവ് തന്റെ ഓമനയായ മകനെ ചുംബിക്കുന്നുവെന്നു കരുതുക. അച്ഛന്റെ മുഖരോമങ്ങൾ കുഞ്ഞിന്റെ മൃദുമുഖത്ത് തറച്ച് വേദനിച്ചിട്ട് കുഞ്ഞ് നിലവിളിക്കുകയാണ്. എന്നിട്ടും അച്ഛൻ കുഞ്ഞിനെ ഉമ്മവച്ചു കൊണ്ടുതന്നെയിരിക്കുന്നു. ഇവിടെ ആരുടെ പ്രീതിക്കുവേണ്ടിയാണ് ഉമ്മവയ്ക്കുന്നത്? കുഞ്ഞിനോടാണ് യഥാർത്ഥ പ്രീതിയെങ്കിൽ അച്ഛൻ ഉമ്മവയ്ക്കാതിരിക്കുകയാണു വേണ്ടത്. ഇവിടെ ആത്മ പ്രീതിക്കു വേണ്ടിയാണ് പിതാവ് മകനെ ചുംബിക്കുന്നതെന്നു സ്പഷ്ടം. എല്ലാ ചുംബനങ്ങളുടെയും രഹസ്യം ഇതുതന്നെ. പക്ഷേ മറ്റു ഘട്ടങ്ങളിൽ ഈസ്വാർത്ഥം സമ്മതിക്കാൻ പലരും കൂട്ടാക്കിയില്ലെന്നുവരാം. ഇനിയും ചേതനജീവികളുടെ പരസ്പരസ്നേഹത്തിലാണ് അല്പമെങ്കിലും സംശയത്തിനുപോലും ഇടയുള്ളത്. മനുഷ്യൻ പക്ഷിമൃഗാദികളെയോ മറ്റ് ചേതനവസ്തുക്കളെയോ ഇഷ്ടപ്പെടുന്നിടത്ത് അത് ആത്മ പ്രീതിക്കുവേണ്ടിയാണെന്നുള്ള കാര്യത്തിൽ സംശയത്തിനുപോലും ഇടമില്ല. പ്രൊഫസർ ബാലകൃഷ്ണൻ സാർ... തുടരും...

Wednesday, March 8, 2023

"ആയിരം കോടി അനന്തൻ നീ ആനന- മായിരവും തുറന്നാടു പാമ്പേ!" ആയിരം കലത്തിൽ പൊങ്കാല ഇടുമ്പോൾ ആയിരവും ഏകമായ ആദർശത്തിനു വേണ്ടിയാകുന്നു. അതാണ് ഭക്തിയുടെ ആനന്ദം. ആയിരംകോടി ജീവന്മാരിലും ഒരേ സമയം ആനന്ദമായിരിക്കുന്ന പൊരുൾ! അതാണ് സമത്വമാർന്ന പുരോഗതി. പലരും പലതിനു വേണ്ടി പ്രവർത്തിച്ച് പല സുഖം അനുഭവിക്കുന്നതും എല്ലാവരും ഒരേ ആദർശത്തിനു വേണ്ടി പ്രവർത്തിച്ച് ഒരേ സുഖം അനുഭവിക്കുന്നതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്. കുടുംബം നോക്കുന്നതും സമൂഹത്തെ സേവിക്കുന്നതും തുടങ്ങി നാം എന്തെല്ലാം ചെയ്യുന്നുണ്ടോ അതെല്ലാം ഈശ്വരനു വേണ്ടി എന്ന് ചിന്തിക്കുന്നതും തനിക്കു വേണ്ടി എന്നു ചിന്തിക്കുന്നതും തമ്മിലുള്ള വ്യത്യാസം. നാം സ്വന്തം ശരീരത്തിനു വേണ്ടിയോ സ്വന്തക്കാർക്കു വേണ്ടി മാത്രമോ ആയി ഒരു പ്രവൃത്തി ചെയ്യുമ്പോൾ അത് ഏകമായ ആദർശത്തിനു വേണ്ടി ആയിരിക്കില്ല. ഏകമായ ആദർശം ഈശ്വരനോ ആത്മാവോ മാത്രമാണ്. സ്വാർത്ഥമായ ആദർശം ശരീരത്താലോ ലോകസീമകളാലോ വിഭജിക്കപ്പെടുന്നു. എന്താണ് നമ്മുടെ ജീവിതാദർശം? പാശ്ചാത്യർ ഭൗതികപുരോഗതിയുടെ മുകൾതട്ടിൽ എത്തിയിട്ടും എന്തു കുറവു തോന്നിയിട്ടാണ് ആന്തരികമായ പുരോഗതി തേടി കാലങ്ങളായി ഭാരതത്തിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്? പുരോഗതിയുടെ ആദർശം ഭൗതികമാണെങ്കിൽ അതുണ്ടാകില്ലായിരുന്നു. പുരോഗതിയുടെ ആദർശം ആന്തരികമായ അവബോധം ആയതുകൊണ്ടാണ് കൊട്ടാരസുഖങ്ങൾ പോലും ഉപേക്ഷിച്ചുകൊണ്ട് ഇവിടെ രാജാക്കന്മാർ തപോഭൂമിയിലേയ്ക്ക് പോയിരിക്കുന്നത്. ഭൗതികസമ്പത്തിനു വേണ്ടി തമ്മിൽ തല്ലുകയും തമ്മിൽ ചതിക്കുകയും ചെയ്യുന്നതാണോ പുരോഗതി? അതോ ഭൗതികസുഖങ്ങളുണ്ടായിട്ടും അതെല്ലാം സഹോദരങ്ങൾക്കും പ്രജകൾക്കും ആത്മസാക്ഷാൽക്കാരത്തിനും വേണ്ടി ത്യാഗം ചെയ്യുന്നതാണോ പുരോഗതി? ത്യാഗമാണ് പുരോഗതിയുടെ മാനം. ഇതിൽ ഇപ്പോൾ നമ്മുടെ ജീവിതാദർശം ഏതാണെന്നു നോക്കൂ. ശരീരം, മനസ്സ്, ബുദ്ധി, അഹങ്കാരം, ആത്മാവ്, ഈശ്വരൻ, ലോകം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളുണ്ട്. നാം ഇതിൽ എന്തിനെ സത്യമെന്നു കരുതുന്നുവോ അതിനെ ജീവിതാദർശമാക്കി അതിനു വേണ്ടി ജീവിക്കുന്നു. ഏന്തിനു വേണ്ടി ജീവിക്കുന്നുവോ അതിനു വേണ്ടി നാം പ്രശ്നം സൃഷ്ടിക്കുന്നു. എന്തിനു വേണ്ടി ജീവിച്ചാലാണോ പ്രശ്നം ഇല്ലാതെ ജീവിക്കാനാകുന്നത് അത് മനുഷ്യ പുരോഗതിയുടെ പരമമായ ആദർശമായിരിക്കും. കളിച്ചു ചിരിച്ചു നടക്കുന്ന കുട്ടികൾക്ക് ശരീരവും ആഹാരവും കളിയും ശരീര സൗന്ദര്യവുമാണ് ശ്രദ്ധാവിഷയം. അവർ ശരീരത്തിൽ സുഖം കണ്ടെത്തുമ്പോൾ അവരുടെ അച്ഛനമ്മമാരോ? അവർ ശരീരസംബന്ധിയായ ലോകക്കാഴ്ചയിൽ നിന്നു വിട്ടു പോന്നിരിക്കുന്നു. മാനസികമായ ലോകക്കാഴ്ചകളിലാണ് ജീവിക്കുന്നത്. അതിനാൽ സ്നേഹബന്ധങ്ങളാണ് അവിടെ പ്രധാനം. സ്വന്തം ശരീരത്തെ ശ്രദ്ധിച്ചു ജീവിക്കുന്ന കുട്ടികൾക്ക് ആ പ്രായത്തിൽ അച്ഛനമ്മമാരെ ശ്രദ്ധിക്കാൻ സാധിക്കില്ല. എന്നാൽ അച്ഛനമ്മമാരാകട്ടെ മക്കൾ, കൂട്ടുകാർ, വയസ്സായ അച്ഛനമ്മമാർ എന്നിവരോടുള്ള സ്നേഹബന്ധം കാരണം അവർക്കു വേണ്ടി പ്രവർത്തിക്കുന്നു. ഇവിടെ പുരോഗതിയുടെ മാനം നോക്കുമ്പോൾ ശരീരത്തിനു വേണ്ടി ജീവിക്കുന്ന കുട്ടികളെ അപേക്ഷിച്ച് മാനസിക ബന്ധങ്ങളിൽ ജീവിക്കുന്ന മുതിർന്നവർ വളർന്നിട്ടുണ്ട്. എന്നാൽ സ്വന്തം കുടുംബം നോക്കാതെ മദ്യപിച്ചും അന്യബന്ധങ്ങളിൽപ്പെട്ടും ശരീരസുഖത്തിൽ വീണു ജീവിക്കുന്നവർ അത്രത്തോളം പോലും വളർന്നിട്ടില്ലെന്നർത്ഥം. ശരീരം, മനസ്സ് എന്നീ രണ്ട് തലങ്ങളിലെ ജീവിതത്തിലും പ്രശ്നങ്ങളുണ്ട്. അങ്ങനെയാണ് ജീവൻ ശരീരത്തെ ആശ്രയിച്ചു സുഖം കണ്ടെത്താൻ സാധിക്കില്ല എന്ന് തിരിച്ചറിയുന്നത്. തുടർന്ന് മാനസിക ബന്ധങ്ങളെ ആശ്രയിച്ചു സുഖം കണ്ടെത്താൻ സാധിക്കില്ല എന്ന് തിരിച്ചറിയുന്നത്. അപ്പോൾ മറ്റൊരു ആശ്രയം വേണ്ടി വരുന്നു. ആ മറ്റൊരാശ്രയം ഈശ്വരനാണ്, അത് ആത്മാവാണ്. ശരീരത്തിനു വേണ്ടി ജീവിച്ചവർ സ്നേഹബന്ധങ്ങളുടെ പ്രശ്നങ്ങളെ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. അതൊരു കുറവാണ്. ബന്ധങ്ങൾക്ക് വിലകൊടുക്കുന്നവരുടെ തണലിലാണ് ബന്ധങ്ങൾക്ക് വിലകൊടുക്കാതെ ശരീരസുഖങ്ങളിൽ മതിമയങ്ങുന്നവർ ജീവിക്കുന്നത്. കുട്ടികൾ മുതിർന്നവരുടെ തണലിൽ ആടിപ്പാടി മുടി ചീകിയും കണ്ണാടി നോക്കിയും പൗഡറണിഞ്ഞും സൗന്ദര്യം നോക്കി ജീവിക്കുന്നതുപോലെ. നമ്മുടെ ആദർശം മാറുന്നതിനനുസരിച്ച് നമ്മിൽ നിന്നുള്ള കുഴപ്പങ്ങളും കുറയുന്നു. അതായത് ശരീരസുഖത്തിനു വേണ്ടി മാത്രം ജീവിക്കുന്നവർക്ക് ജനങ്ങളെ വഞ്ചിച്ച് അഴിമതി നടത്താൻ സാധിക്കും. മറ്റ് ലോകങ്ങളെ ചൂഷണം ചെയ്ത് സ്വന്തം സാമ്രാജ്യം വിസ്തൃതിപ്പെടുത്താം എന്ന ഹിംസയുടെ ആദർശമാണത്. നാം അവരെ ചരിത്രപുരുഷന്മാരായി പഠിപ്പിക്കുന്നു. എന്നാൽ സഹോദരങ്ങളോ കൂട്ടുകാരോ തമ്മിൽ കളിപ്പാട്ടത്തിനു വേണ്ടിയോ ആഹാരത്തിനു വേണ്ടിയോ തുണിക്കു വേണ്ടിയോ അടികൂടുന്നതു കണ്ടാൽ നാം അവരെ ചരിത്രപുരുഷന്മാരെ കാണുന്നതുപോലെ അല്ല കാണുക. ഗുണദോഷിക്കും. മൃഗങ്ങളെ പോലെ അന്യമനുഷ്യരെയും അന്യരാജ്യത്തെയും തകർത്ത് സ്വന്തം സുഖം തേടുന്നത് പുരോഗതിയുടെ ശരിക്കും പ്രാകൃതമായ മൃഗീയതലമാണ്. മാനസികമായ നന്മയുടെ വളർച്ചയാണ് പുരോഗതിയുടെ രണ്ടാം ഘട്ടം. അവിടെ സാമമാർഗ്ഗം കാണാം. ശരീരങ്ങൾ തമ്മിലുള്ള ബന്ധം മാറി മനസ്സുകൾ തമ്മിലുള്ള ബന്ധമാണ് അവിടെ കാണുക. ശരീരത്തെ കടന്നു നിൽക്കുന്ന മാനസിക നന്മകളുടെ വളർച്ചയാണ് അവിടെ ജീവിതസുഖങ്ങളുടെ ആദർശം. സ്നേഹബന്ധങ്ങളുടെ സ്വാർത്ഥതയുടെ പേരിലായിരിക്കും അവിടെ അസൂയയും കുശുമ്പും വിരഹവും കലഹവും പ്രശ്നങ്ങളുയർത്തുന്നത്. മൂന്നാമത്തെ തലം ആത്മാവിൻറെയോ ഈശ്വരൻറെയോ ആശ്രയംകൊണ്ട് ജീവിതസുഖം കണ്ടെത്തുന്ന ആദർശത്തിൻറെതാണ്. ശരീരത്തെ ആശ്രയിക്കുന്നവർ അതിനു വേണ്ടി പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ, മാനസിക ലോകത്തിൽ ബന്ധങ്ങളെ ആശ്രയിച്ച് സുഖം കണ്ടെത്തുന്നവർ ബന്ധങ്ങളുടെ പേരിൽ പ്രശ്നങ്ങളുണ്ടാക്കുമ്പോൾ ആത്മാവിനെ ആശ്രയിച്ച് സുഖം കണ്ടെത്തുന്നവർക്ക് പ്രതിയോഗി ഉണ്ടായിരിക്കുന്നില്ല. തനിക്ക് താൻതന്നെ ആശ്രയമാകുമ്പോൾ എന്തിനു വേണ്ടി ലോകത്തെ വഞ്ചിക്കണം? എന്തിനു വേണ്ടി പ്രജകളെ വഞ്ചിക്കണം? എന്തിനു വേണ്ടി ഭാര്യയെയോ ഭർത്താവിനെയോ വഞ്ചിക്കണം? എന്തിനു വേണ്ടി പ്രകൃതിയെയോ ജീവജാലങ്ങളെയോ ചൂഷണം ചെയ്യണം? നാം പുരോഗമിച്ചു എന്നു പറയുകയും പ്രകൃതിയെ നശിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ യഥാർത്ഥത്തിൽ പുരോഗമിച്ചവരുടെ ആദർശം എന്താണെന്നോ? അവർ "എല്ലാവരും ആത്മസഹോദരർ എന്നല്ലേ ചൊല്ലേണ്ടത്" എന്ന് പറയും. കാവുകളെയും കാടുകളെയും തീർത്ഥങ്ങളെയും അവർ ഭക്തിയോടെ സംരക്ഷിക്കുന്നു. പ്രകൃതിയെ ഈശ്വരിയായി കണ്ട് പൂജിക്കുന്നവരുടെ ആദർശം ഈശ്വരീയമാണ്. എന്നതിനാൽ അവരിൽ പ്രകൃതിസ്നേഹം ഉണർത്തുവാൻ ബോധവൽക്കരണം നടത്തുന്ന കഠിനപ്രയത്നം വേണ്ടി വരുന്നില്ല. ഒരാൾ ശരീരസുഖമാകുന്ന ഭൗതികാദർശത്തിൽ നിന്നുയർന്ന് ലോകംനിറഞ്ഞു പ്രകാശിക്കുന്ന ഈശ്വരനെ സ്വന്തം ആത്മാവായി കണ്ട് ആരാധിക്കുവാൻ തുടങ്ങിയാൽ അയാളിൽ നിന്ന് ലോകത്തിന് ഉപകാരമല്ലാതെ ഉപദ്രവം ഉണ്ടാകുകയില്ല. സ്വന്തക്കാരെയും സ്വന്തം ശരീരത്തെയും സ്വന്തം സമ്പത്തിനെയും മാത്രം സ്നേഹിക്കാൻ കഴിയുന്ന ഒരാളുടെ ആദർശം എന്താണ്? എല്ലാവരും ആത്മസഹോദരർ എന്ന ഭാവത്തിൽ എങ്ങും നിറഞ്ഞുനിൽക്കുന്ന ഈശ്വരനെ സ്നേഹിക്കാൻ കഴിയുന്ന ആദർശം എന്താണ്? സ്വാർത്ഥതയാണോ നിസ്വാർത്ഥതയാണോ മനുഷ്യപുരോഗതിയുടെ ശരിയായ മാനം? മുന്നിൽ കാണുന്നത് ഈശ്വരനെയാണോ ശത്രുമിത്രാദികളെയാണോ? ബന്ധുവും ശത്രുവുമെല്ലാം ശരീരത്തെ കാണുമ്പോഴുള്ള അറിവാണ്. ബന്ധവും വിയോഗവുമെല്ലാം മാനസികബന്ധങ്ങൾക്കാണ്. എല്ലാവരിലും ഒന്നുപോലെ എന്തുണ്ടോ അത് ആത്മാവിൻറെയോ ഈശ്വരൻറെയോ ദർശനമാണ്! കടപ്പാട്
Happy holi❤❤❤ പ്രഹ്ലാദന്റെ പിതാവ്‌ ഹിരണ്യകശ്യപുവിന്റെ സഹോദരിയായിരുന്നു ഹോളിഗ. മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു അഹങ്കാരം കൊണ്ടു നിറഞ്ഞു ഭഗവാൻ വിഷ്ണുവിനെ വരെ തനിക്കു കീഴടക്കാനാകുമെന്നു വിശ്വസിച്ചു. ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്നു ലോകത്തിലുമുള്ള സകലരും തന്നെ ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ തന്റെ അഞ്ചുവയസുകാരനായ മകൻ പ്രഹ്ലാദനെ മാത്രം അയാൾക്കു ഭയപ്പെടുത്താനായില്ല. തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു പ്രഹ്ലാദൻ. വിഷ്ണുവിന്റെ ഉത്തമഭക്‌തൻ. അച്ഛന്റെ ആജ്ഞയെ ധിക്കരിച്ചു പ്രഹ്ലാദൻ വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു. തുടർന്നു പ്രഹ്ലാദനെ വധിക്കാൻ ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ വിഷ്ണുവിന്റെ ശക്‌തിയാൽ ആർക്കും അവനെ ഒന്നും ചെയ്യാനായില്ല. ഒടുവിൽ, ഹിരണ്യകശ്യപു തന്റെ സഹോദരി ഹോളിഗയുടെ സഹായം അഭ്യർഥിച്ചു. അഗ്നിദേവൻ സമ്മാനിച്ച വസ്‌ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരം ഹോളിഗയ്ക്കു കിട്ടിയിരുന്നു. അവർ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. എന്നാൽ, ഒറ്റയ്ക്കു തീയിലിറങ്ങിയാൽ മാത്രമേ വരത്തിനു ശക്‌തിയുണ്ടാവൂ എന്നവർ മനസ്സിലാക്കിരുന്നില്ല. വിഷ്ണുവിന്റെ അനുഗ്രഹത്താൽ പ്രഹ്ലാദൻ ചെറിയൊരു പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. ഹോളിഗ തീയിൽ വെന്തുമരിക്കുകയും ചെയ്‌തു. ഹിരണ്യകശ്യപുവിനെ പിന്നീട്‌ വിഷ്ണുവിന്റെ അവതാരമായ നരസിംഹം കൊലപ്പെടുത്തി. തിന്മയുടെ മേൽ നന്മ വിജയം നേടിയത്‌ ആഘോഷിക്കാൻ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്‌. ഹോളിയുടെ തലേന്നു രാത്രിയാണ് ഈ ചടങ്ങ്🙏🕉️

Tuesday, March 7, 2023

ഞാൻ ആരാണ് ? . ഓരോ മനുഷ്യനും മുഴുവന്‍ ദിവസവും ഞാന്‍ ഞാന്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ ഞാന്‍ എന്ന് പറയുന്നത് ആരാണ് എന്ന് ചോദിച്ചാല്‍ അവര്‍ പറയും ഞാന്‍ സുരേഷ് ആണ് അല്ലെങ്കില്‍ ഞാന്‍ അശ്വതി ആണ് എന്നെല്ലാം. എന്നാല്‍ ചിന്തിക്കുകയാണെങ്കില്‍ വാസ്തവത്തില്‍ ഇത് ശരീരത്തിന്‍റെ പേര് മാത്രമാണ് എന്ന് മനസിലാകും. വാസ്തവത്തില്‍ താങ്കളുടെ പേരെന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരമാണിത്. ശരീരം എന്‍റെ ആണ്. എന്‍റെ ശരീരം എന്നാണല്ലോ നമ്മള്‍ പൊതുവേ പറയാറുള്ളത്. അങ്ങനെയെങ്കില്‍ ഞാന്‍ എന്ന പദം ശരീരമല്ലാത്ത മറ്റൊന്നിനെ ഉദ്ദേശിച്ചാണ് പ്രയോഗിക്കുന്നത് എന്ന് വേണം മനസിലാക്കുവാന്‍. മറ്റു ചിലര്‍ നിങ്ങള്‍ ആരാണെന്ന ചോദ്യത്തിന് ഞാനൊരു പോലീസാണെന്നോ വക്കീലാണെന്നോ കര്‍ഷകനാണെന്നോ ഉത്തരങ്ങള്‍ പറയുന്നു. അവര്‍ ചെയ്യുന്ന തൊഴിലാണത്, പക്ഷേ അവര്‍ ആരാണെന്ന ചെറിയ ചോദ്യത്തിന് ഉത്തരമില്ലാത്തതിനാല്‍ ഇപ്രകാരം പറയേണ്ടതായി വരുന്നു. താങ്കള്‍ ആരാണ് ….. ഈ ഒരു കൊച്ചു കടങ്കഥയുടെ ഉത്തരം കിട്ടാത്തതുകാരണം അല്ലെങ്കില്‍ അവനവന്‍ ആരാണെന്ന് അറിയാത്തതുകാരണം ഇന്ന് എല്ലാ മനുഷ്യരും ആശയക്കുഴപ്പത്തിലും അസംപ്തൃതിയിലും ജീവിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. എല്ലാവരും കാമക്രോധാദി വികാരങ്ങള്‍ക്ക് വശംവദരായിരിക്കുന്നു, ദുഃഖിതരായിരിക്കുന്നു. എല്ലാവരിലും തന്നെ അറിഞ്ഞു കൂടാത്ത വിധം ഏതോ ഒരു അജ്ഞത നിറഞ്ഞിരിക്കുന്നു. ഞാന്‍ ആരാണ് ? ഈ സൃഷ്ടി നാടകം എങ്ങനെ പ്രവര്‍ത്തിക്കുന്നു ? ഞാന്‍ എവിടെനിന്നും ഇവിടേക്ക് വന്നു? എപ്പോള്‍ വന്നു ? സുഖവും ശാന്തിയും എല്ലാവരും ആഗ്രഹിക്കുന്നുണ്ടെങ്കിലും എന്തു കൊണ്ട് അത് പ്രയോഗികമാകുന്നല്ല ? ഈ മഹാ പ്രപഞ്ചത്തിന്‍റെ സംവിധായകന്‍, അദ്ധ്യക്ഷന്‍, ആരാണ് ? ഈ രഹസ്യങ്ങളെ കുറിച്ച് ചിന്തച്ചു നോക്കിയിട്ടുണ്ടോ? ആത്മാവ് എന്നാല്‍ എന്ത് ? മനസ്സ് എന്നാല്‍ എന്ത് ?മനുഷ്യന്‍ തന്‍റെ ഒരു ദിവസത്തെ സംസാരത്തിനിടയില്‍ എത്ര പ്രാവശ്യം ഞാന്‍ എന്ന ശബ്ദം അറിയാതെ തന്നെ പ്രയോഗിക്കുന്നു ! എന്നാല്‍ ഞാന്‍ അല്ലെങ്കില്‍ എന്‍റെ എന്ന ശബ്ദം പലതവണ പ്രയോഗിച്ചിട്ടുകൂടി ഈ ഞാന്‍ എന്നുപറയുന്ന സത്തയുടെ സ്വരൂപമെന്താണെന്നോ ഞാന്‍ എന്ന ശബ്ദം എന്തിനെ സൂചിപ്പിക്കുന്നുവെന്നോ അതെന്താണെന്നോ അറിയുന്നില്ല എന്നതാണ് ആശ്ചര്യം. ഇന്ന് മനുഷ്യന്‍ ശാസ്ത്രസാങ്കേതികതയുടെ സഹായത്തോടെ വളരെയധികം സാധനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ലോകത്തിലെ ധാരാളം സമസ്യകള്‍ക്കും അവര്‍ ഉത്തരം കണ്ടുപിടിച്ചുകഴിഞ്ഞു. അതേപോലെ ഇനിയും അവശേഷിക്കുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടുപിടിക്കുന്നതില്‍ അവന്‍ വ്യാപൃതനായിരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഞാന്‍ എന്നു പറയുന്ന ആള്‍ ആരാണെന്നതിനെപ്പറ്റിയുള്ള സത്യം അവന്‍ അറിയുന്നില്ല. അതായത് അവന്‍ സ്വയം തന്നെ തിരിച്ചറിയുന്നില്ല. ഇന്ന് ആരോടെങ്കിലും താങ്കള്‍ ആരാണ് എന്ന് ചോദിച്ചാല്‍ ഉടന്‍ അയാള്‍ തന്‍റെ ശരീരത്തിന്‍റെ പേരുപറയും. അല്ലെങ്കില്‍ ഏതു ജോലി ചെയ്യുന്നുവോ അതിന്‍റെ പേരുപറയും.വാസ്തവത്തില്‍ ഞാന്‍ എന്ന ശബ്ദം ശരീരത്തില്‍ നിന്നും ഭിന്നമായ ചൈതന്യസത്തയായ ആത്മാവിനെയാണ് സൂചിപ്പിക്കുന്നത്. ഇതാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. മനുഷ്യന്‍ (ജീവാത്മാവ്) ആത്മാവും ശരീരവും കൂടിചേര്‍ന്നതാണ്. ഏതുപോലെ ശരീരം അഞ്ചുതത്വങ്ങള്‍കൊണ്ട് (ഭൂമി, ജലം, അഗ്നി, വായു, ആകാശം) നിര്‍മ്മിതമായിരിക്കുന്നുവോ അതേപോലെ ആത്മാവ് മനസ്സും, ബുദ്ധിയും, സംസ്കാരവും ചേര്‍ന്നതാണ്. ആത്മാവില്‍ തന്നെയാണ് ചിന്തിക്കുന്നതിനും നിര്‍ണ്ണയിക്കുന്നതിനും ഉള്ള ശക്തിയുള്ളത്. അതുപോലെ ആത്മാവ് എന്തു ചെയ്യുന്നുവോ അതനുസരിച്ച് അതിന്‍റെ സംസ്കാരവും ഉണ്ടാവുന്നു. ആത്മാവ് ഒരു ചൈതന്യവും അവിനാശിയും ആയ ജ്യോതിര്‍ബിന്ദുവാണ്. ഇത് മനുഷ്യശരീരത്തില്‍ പുരികങ്ങള്‍ക്കിടയില്‍ വസിക്കുന്നു. രാത്രിയില്‍ ആകാശത്ത് മിന്നിത്തിളങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങള്‍ ഒരു ബിന്ദുവായി കാണപ്പെടുന്നതുപോലെ ആത്മാക്കളും ദിവ്യദൃഷ്ടിയിലൂടെ ഒരു നക്ഷത്രത്തെപോലെയാണ് കാണപ്പെടുന്നത്. അതിനാല്‍ ഒരു ചൊല്ലുണ്ട് “ഭൃഗുഡിയില്‍ മിന്നിത്തിളങ്ങുന്ന ഒരു ചൈതന്യനക്ഷത്രം”. ആത്മാവ് ഇരു പുരിക മദ്ധ്യത്തില്‍ മസ്തിഷ്കത്തിനുള്ളില്‍ വസിക്കുന്നതു കൊണ്ടാണ് ഭക്തര്‍ ഇവിടെ തിലകം തൊടുന്നത്. മസ്തിഷ്ക്കത്തിന്‍റെ ബന്ധം മുഴുവന്‍ ശരീരത്തിലും വ്യാപിപ്പിക്കുന്നത് ജ്ഞാനതന്തുക്കളില്‍ കൂടിയാണ്. ആത്മാവില്‍തന്നെയാണ് ആദ്യം സങ്കല്പങ്ങള്‍ ഉയരുന്നത്. പിന്നീട് അവ മസ്തിഷ്കം അഥവാ തന്തുക്കളിലൂടെ വ്യക്തമാകുന്നു. ശാന്തിയോ സുഖമോ അനുഭവം ചെയ്യുന്നതും നിര്‍ണ്ണയിക്കുന്നതും ആത്മാവ് തന്നെയാണ്. അതില്‍തന്നെയാണ് സംസ്കാരം അടങ്ങിയിരിക്കുന്നതും.അതായത് മനസ്സും ബുദ്ധിയും ആത്മാവില്‍ നിന്ന് വേറെയല്ല. എന്നാല്‍ ഇന്ന് ആത്മാവ് സ്വയം തന്നെ മറന്നിട്ട് ദേഹം, സ്ത്രീ, പുരുഷന്‍, വൃദ്ധന്‍, യുവാവ് ഇങ്ങനെയുള്ള ബോധത്തില്‍ ഇരിക്കുകയാണ്. ഈ ദേഹാഭിമാനം തന്നെയാണ് ദുഃഖത്തിന്‍റെ കാരണവും. മേല്‍പറഞ്ഞ രഹസ്യം ഒരു മോട്ടോര്‍കാറിന്‍റെയും ഡ്രൈവറുടെയും ഉദാഹരണത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണിവിടെ. ശരീരം മോട്ടോറിന് സമാനമാണിവിടെ. ആത്മാവ് ഇതിന്‍റെ ഡ്രൈവറും. ഡ്രൈവര്‍ ഒരു മോട്ടോര്‍ കാറിനെ നിയന്ത്രിക്കുന്നതുപോലെ ആത്മാവ് ശരീരത്തെ നിയന്ത്രിക്കുന്നു. കാറിന് സഞ്ചരിക്കേണ്ട ഗതിയോ വിധമോ അറിയില്ല അതിന് ഗതിയും വേഗതയും നല്‍കുന്നത് ഡ്രൈവറാണ്. അതുപോലെ ശരീരമെന്ന കാറില്‍ ആത്മാവാണ് ഡ്രൈവര്‍. പരമപിതാവായ പരമാത്മാവ് പറയുന്നു ……. സ്വയം തന്നെ തിരിച്ചറിയുന്നതിലൂടെ മാത്രമേ മനുഷ്യന് ഈ ശരീരമാകുന്ന മോട്ടോറിനെ നടത്തിക്കുവാനും തന്‍റെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാനും കഴിയൂ. ഡ്രൈവര്‍ കാറോടിക്കുന്നതില്‍ സമര്‍ത്ഥനല്ലായെങ്കില്‍ അപകടത്തിനിരയാകുകയും കാറിനും അതിലെ യാത്രികര്‍ക്കും പരിക്കുപറ്റുകയും ചെയ്യുന്നു. അതേ പോലെ സ്വയം തന്നെ തിരിച്ചറിവില്ലാത്ത മനുഷ്യന്‍ സ്വയം ദുഃഖിതനും, അശാന്തനുമായിരിക്കുമെന്ന് മാത്രമല്ല തന്‍റെ സമ്പര്‍ക്കത്തില്‍ വരുന്ന ബന്ധുമിത്രാദികള്‍ക്കുകൂടി ദുഃഖവും അശാന്തിയും ഉണ്ടാക്കുന്നു. അതായത് സത്യമായ സുഖത്തിനും ശാന്തിക്കും വേണ്ടി സ്വയം അവനവനെ (ആത്മാവിനെ) അറിയുക എന്നത് വളരെ ആവശ്യമാണ്.

Monday, March 6, 2023

എന്നോട് അന്യര്‍ ഇന്നത്‌ ചെയ്തു കൂടാ എന്ന് എല്ലാവര്‍ക്കും നിയമമുണ്ട്. ആ നിയമം ഇല്ലാതെ ഒരാളും ഈ ലോകത്തില്ല. എന്‍റെ മക്കള്‍ എന്നോടു പെരുമാറിയത് ശരിയായില്ല. എന്‍റെ ഭാര്യ പെരുമാറിയത് ശരിയായില്ല. എന്‍റെ അച്ഛന്‍ പെരുമാറിയത് ശരിയായില്ല. എന്‍റെ ഭര്‍ത്താവ് പെരുമാറിയത് ശരിയായില്ല. ഞാന്‍ അവിടെ ചെന്നപ്പോള്‍ ആ ആചാര്യന്‍റെ പെരുമാറ്റം ശരിയായിരുന്നില്ല. ഇങ്ങനെയെല്ലാം പരാതി മനുഷ്യനുണ്ട്‌. യാദൃശ്ചികമായി ആ പെരുമാറ്റം എന്തുകൊണ്ടാണ് എനിക്കു ലഭിച്ചത് എന്ന് ഒരാളും ചിന്തിക്കാറില്ല... നിക്ഷേപിച്ചതല്ലാതെ ഒന്നും തിരിച്ചെടുക്കാനാവില്ല. നിങ്ങള്‍ ബാങ്കില്‍ നിക്ഷേപിച്ച തുകയും അതിന്‍റെ പലിശയുമേ നിങ്ങള്‍ക്ക് എടുക്കാനാകൂ. അതുകൊണ്ട് ആദ്യം ആലോചിക്കേണ്ടത് ഞാന്‍ ഈ ലോകത്തില്‍ അങ്ങനെ നേരത്തേ പെരുമാറിയതാണോ എനിക്ക് ഇപ്പോള്‍ ഇങ്ങനെ ലഭിക്കുന്നത് എന്നാണ്... ഈ പ്രപഞ്ചത്തിലെ ഓരോ അണുവും അപരിമേയമായ ഒരു ഭഗവദ്ധര്‍മ്മത്തിലാണ് നിലകൊള്ളുന്നതും പ്രവര്‍ത്തിക്കുന്നതും. അല്ലെങ്കില്‍ ഇത് ഇങ്ങനെ പ്രവര്‍ത്തിച്ചു പോകാന്‍ പറ്റില്ല. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അനേകയൂഥങ്ങളും ഈ കാണായ ജീവജാലങ്ങളും എല്ലാം ഒരു രാജ്യത്തിന്‍റെയും ഭരണഘടന കൊണ്ടല്ല ചലിച്ചുപോകുന്നത്. ഈ പ്രപഞ്ചം ഒരു വ്യക്തിയും ഉണ്ടാക്കിയ നിയമം കൊണ്ടല്ല ചലിച്ചുപോകുന്നത്. കാരണം ആ നിയമങ്ങളൊക്കെ ചോദ്യം ചെയ്യപ്പെടാവുന്നതാണ്. അതിനെയൊക്കെ സമര്‍ത്ഥമായി അതിജീവിക്കാന്‍ അറിഞ്ഞും അറിയാതെയും വ്യക്തികള്‍ക്ക് പറ്റുന്നുണ്ട്. ലക്ഷക്കണക്കിന് പോലീസുകാര്‍ ഓടിയാലും അവരുടെ കണ്ണുകള്‍ കാണാതെയും, അവരുടെ കണ്ണുകളെ കാണിക്കാതെയും, കണ്ട അവരുടെ കണ്ണുകളെ അടപ്പിച്ചും, അവര്‍ കണ്ടതിനു മുകളില്‍ അത് കണ്ടവന്‍റെ യുക്തിയെ മാറ്റിമറിച്ചും ഈ ലോകത്ത് എല്ലാ അധര്‍മ്മവും ചെയ്യാന്‍ കഴിയുമെന്നും ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്‍റെ പ്രജകളായ എനിക്കും നിങ്ങള്‍ക്കും നന്നായിട്ടറിയാം. ഈ ലോകത്ത് അതേ നടക്കൂ – വീട്ടിലായാലും പുറത്തായാലും. ഈ പ്രപഞ്ചത്തില്‍ ഒരു നിയമമേയുള്ളൂ. എന്നോട് ഇന്നതൊന്നും ചെയ്യരുത് എന്ന എല്ലാ മനുഷ്യരുടെയും ഉള്ളിലുള്ള ആ ആന്തരികനിയമം. ' ആത്മനോ പ്രതികൂലാനി പരേഷാം ന സമാചരേത് ' അവനവന് ഇഷ്ടമല്ലാത്തതൊന്നും അന്യനോട്‌ പെരുമാറരുത്‌. ഈ നിയമം ഓരോ മനുഷ്യന്‍റെയും അനുഭവമാണ്. ഇത്രയും മാത്രമേ ഈ ലോകത്ത് പഠിക്കാനുള്ളൂ. ബാക്കി മുഴുവന്‍ ഇതിന്‍റെ വിശദീകരണമാണ്. ബാക്കി എല്ലാ ലോകനിയമങ്ങളും ഇതിന്‍റെ വിശദീകരണം മാത്രമാണ്. അറിവുള്ളവരെല്ലാം ഇത് പറഞ്ഞിട്ടുണ്ട്. യേശുക്രിസ്തു പറഞ്ഞിട്ടുണ്ട് - “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‍വിൻ” – മറ്റുള്ളവര്‍ നിന്നോട് എന്തു ചെയ്യണം എന്ന് നീ ആഗ്രഹിക്കുന്നുവോ അത് നീ മറ്റുള്ളവരോട്‌ ചെയ്യുക. അതേ ചെയ്യാവൂ. ആധുനികനായ ശ്രീനാരായണഗുരുവും ഇതുതന്നെ പറഞ്ഞിട്ടുണ്ട്... നിർമ്മലാനന്ദം
ഭക്തർ ഭക്തിവിശ്വാസങ്ങളോടെ ക്ഷേത്രദർശനം നടത്തുന്നു. ക്ഷേത്രദർശനം നടത്തുമ്പോൾ ഈശ്വരദർശനം സാധിക്കുന്നുണ്ടോ എന്നതാണ് വിഷയം. വിഷയസുഖങ്ങൾ ആഗ്രഹിക്കുന്നവർ വിഷയലബ്ധിയിലൂടെ ഈശ്വരദർശനം സാധിക്കുന്നു. വിഷയകാംക്ഷയില്ലാതെ ക്ഷേത്രദർശനം നടത്തുന്നവർ ഈശ്വരദർശനം നടത്തുന്നു. വിഷയസുഖങ്ങൾ കിട്ടുമ്പോൾ അതിലൂടെ ഈശ്വരാനുഗ്രഹത്തെ ദർശിക്കുന്നവർ വിഷയസുഖങ്ങൾ നഷ്ടപ്പെടുമ്പോൾ ഭഗവാനേ ഞാൻ എന്തു തെറ്റു ചെയ്തു എന്നിങ്ങനെ വിലപിക്കുന്നു. വിഷയസുഖങ്ങളെല്ലാം നശിക്കുന്നതാണ് എന്ന ധർമ്മബോധത്തോടെ ജീവിക്കുന്ന ഭക്തർക്ക് നാശരഹിതമായ ആനന്ദസ്ഥാനമാണ് ഈശ്വരൻ. അതിനാൽ അവരുടെ ജീവിതത്തിൽ എന്തൊക്കെ വന്നാലും നഷ്ടപ്പെട്ടാലും ഈശ്വരനെയോ ജീവിതത്തെയോ പഴിക്കുകയില്ല. ജീവബോധം ഓരോരോ അറിവിനനുസരിച്ചാണ് ജീവിതത്തെ അനുഭവിക്കുന്നതെന്നു വ്യക്തമാകുന്നു. നാം ഏതു വിഷയത്തെ കുറിച്ച് ചിന്തിച്ചാണോ ദുഃഖിക്കുന്നത് അത് മറ്റൊരാളെ സംബന്ധിച്ച് ദുഃഖത്തിന് കാരണമാകുന്നില്ലായിരിക്കാം. വിഷയങ്ങളെ ഏതൊരറിവോടെ സമീപിക്കുന്നു എന്നതിലാണ് ഈ വ്യത്യാസം. അർത്ഥാർത്ഥിയാകട്ടെ ജ്ഞാനാർത്ഥിയാകട്ടെ ദുഃഖിതരാകട്ടെ ഈശ്വരദർശനത്തിനായി ക്ഷേത്രത്തിൽ എത്തിച്ചേരുമ്പോൾ ക്ഷേത്രപാലകർ എന്താണ് ചെയ്യേണ്ടത്? ക്ഷേത്രചൈതന്യം വർദ്ധിപ്പിക്കാനായി എന്തു ക്രിയയാണ് പ്രധാനമായും ചെയ്യേണ്ടത്? ഏതു യജ്ഞംകൊണ്ടാണ് ഈ ക്ഷേത്രങ്ങളിലെ ചൈതന്യം വർദ്ധിക്കേണ്ടത്? ഭക്തർക്ക് സ്വയം ബോദ്ധ്യപ്പെടണം തങ്ങൾ ഭക്തിയോടെ കടന്നുചെല്ലുന്ന ക്ഷേത്രത്തിൽ ചൈതന്യം ഉണ്ടെന്ന്. വെറും വിശ്വാസം എന്ന നിലയിൽ അല്ല, സ്വന്തം അനുഭവത്തിൽത്തന്നെ. ജ്ഞാനയജ്ഞവും ദാനയജ്ഞവും കൊണ്ടാണ് ക്ഷേത്രചൈതന്യം വർദ്ധിക്കേണ്ടത്. ക്ഷേത്രത്തിൽ കിട്ടുന്ന ധനത്തിൽ വലിയൊരുഭാഗം എടുത്ത് അവിടെവരുന്ന അവശരായ ഭക്തരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദാനം ചെയ്യണം. അത് ദാനയജ്ഞമാണ്. ഒരു ഭക്തന് താൻ വിശ്വസിച്ച് ദർശനം നടത്തുന്ന ക്ഷേത്രത്തിൽ നിന്നുതന്നെ ഇത്തരത്തിൽ വേണ്ടുന്ന സഹായം ലഭിച്ചാൽ? ആ ക്ഷേത്രത്തിലെ ചൈതന്യം അവനിൽ അങ്ങനെയാണ് അനുഭവത്തിൽ വരേണ്ടത്. ജ്ഞാനം ആഗ്രഹിച്ചെത്തുന്ന ഭക്തൻറെ കാതുകളിൽ ക്ഷേത്രത്തിൽ നിന്നും ഗീതോപനിഷത്തുകളുടെയും ഇതിഹാസപുരാണങ്ങളുടെയും ശ്രുതികൾ വന്നനുഗ്രഹിക്കണം. ഒരു ക്ഷേത്രത്തിൽ എത്തുന്ന ഭക്തൻറെ ആവശ്യം രണ്ടിലേതായാലും അത് ക്ഷേത്രധർമ്മം എന്ന നിലയ്ക്ക് പരിഹരിക്കണം. ജീവിതത്തിൻറെ ആത്യന്തിക ലക്ഷ്യം ആത്മജ്ഞാനമാണ്. എന്നാൽ വിശന്നു കരയുന്നവന് ആദ്യം ആവശ്യം അന്നമാണല്ലോ? അതിനാൽ ഒരാളെ ആദ്യം ഭൗതികമായി സന്നദ്ധമാക്കേണ്ടതുണ്ട്. ഭൗതികമായി സന്നദ്ധരായവരുണ്ട്. അവർ തങ്ങളുടെ ധനം ദാനം ചെയ്യാൻ മടിക്കുകയും ആഡംബരപൂർവ്വം ധനം സ്വാർത്ഥമായി ചെലവിട്ടു ജീവിക്കുകയും ചെയ്താൽ ഈ ദാനയജ്ഞവും അതിനെ തുടർന്നുള്ള ജ്ഞാനയജ്ഞവും സാധിക്കുകയില്ല. ഈശ്വരസന്നിധിൽ ലഭിക്കുന്ന ധനം എടുത്ത് ഈശ്വരസന്നിധിയിൽ ദാരിദ്ര്യദുഃഖവുമായി വരുന്ന ആളുകളുടെ പ്രശ്നം പരിഹരിക്കാൻ സാധിക്കണം. അങ്ങനെ ആ ക്ഷേത്രചൈതന്യം വർദ്ധിക്കുന്നു. അത് അവിടെ എത്തുന്ന ഭക്തർ അങ്ങനെ അനുഭവിച്ചറിയണം. ഏതു ക്ഷേത്രമാണോ ഈ ദാനയജ്ഞവും ജ്ഞാനയജ്ഞവും യഥായോഗ്യം ചെയ്യുന്നത് അവിടെ ക്ഷേത്രചൈതന്യം വർദ്ധിപ്പിക്കാനായി മറ്റൊന്നും തന്നെ ചെയ്യേണ്ടിവരുന്നില്ല. ധനം സമാഹരിക്കുന്നതും ധനം വിനിമയം ചെയ്യുന്നതും ഇത്തരത്തിൽ ധാർമ്മികമായിരിക്കുമ്പോൾ അത് ഈശ്വരൻറെ സാന്നിദ്ധ്യത്തെ അനുഭവപ്പെടുത്തിത്തരുന്നു. ആവശ്യത്തിന് ധനവും ആഹാരവും ഉള്ളവനെ സംബന്ധിച്ച് ഇനി ഈശ്വരദർശനം ആണ് വേണ്ടത്. ആവശ്യത്തിന് ഭൗതികസമ്പത്ത് ഇല്ലാത്തവരെ സംബന്ധിച്ച് ഈശ്വരദർശനത്തിനു വേണ്ടി ഭൗതികസാഹചര്യം ഒരുക്കിക്കൊടുക്കേണ്ടതുണ്ട്. ഓരോ ക്ഷേത്രത്തിലെയും ഈശ്വരചൈതന്യം അവിടെവരുന്ന ഭക്തരിലൂടെയും ക്ഷേത്രപാലകരിലൂടെയും ആണ് വെളിപ്പെടേണ്ടത്. നാം നിത്യവും വണങ്ങുന്ന ക്ഷേത്രത്തിൽനിന്നുതന്നെ നമുക്ക് വേണ്ടുന്ന ആൾസഹായമോ സാമ്പത്തികസഹായമോ ജ്ഞാനസിദ്ധിയോ ലഭിക്കുമെങ്കിൽ ഓരോ ഭക്തനും അതിൽപ്പരം ഈശ്വരസാന്നിദ്ധ്യവും ആനന്ദവും വേറെയുണ്ടോ? നമ്മുടെ നാട്ടിൽ സമ്പന്നമായ ക്ഷേത്രങ്ങളുണ്ട്. സമ്പന്നമായ ആഘോഷങ്ങൾ നടത്താൻ ശേഷിയുള്ള ക്ഷേത്രങ്ങളുണ്ട്. ഈ ധനവിനിയോഗം ഈശ്വരീയധർമ്മത്തിന് അനുസരിച്ചായാൽ ഇവിടെ വിരോധാഭാസം ഉണ്ടാകുകയില്ല. അതായത് സമ്പന്നരായ ഭരണാധികാരികളും ദരിദ്രരായ പ്രജകളും എന്ന അവസ്ഥ! സമ്പമായ ക്ഷേത്രങ്ങളും ദരിദ്രരായ കുറച്ച് ഭക്തജനങ്ങളും എന്ന വിരോധാഭാസം വരില്ല. മനസ്സുവച്ചാൽ കുറച്ചുകാലം കൊണ്ടുതന്നെ സമുദായത്തിന് പരസ്പരം ഈശ്വരനെ ദർശിച്ച് ഒരുമിച്ച് ഭൗതികമായും ആദ്ധ്യാത്മികമായും ഉയർച്ചപ്രാപിക്കാവുന്നതാണ്. ക്ഷേത്രങ്ങൾക്ക് അത് സാധിക്കും. ധർമ്മബോധമുള്ള, ഈശ്വരാനുഗ്രഹമുള്ള, ത്യാഗബുദ്ധികളായ ക്ഷേത്രപാലകർക്ക് അതു സാധിക്കും. ക്ഷേത്രചൈതന്യം ജ്ഞാനയജ്ഞം കൊണ്ടും ദാനയജ്ഞം കൊണ്ടും പുണ്യാത്മാക്കളുടെ തപസ്സുകൊണ്ടും വർദ്ധിക്കും! "ക്ഷേത്രങ്ങളോടനുബന്ധിച്ച് വിദ്യാസ്ഥാപനങ്ങൾ തുടങ്ങണം" എന്ന ഗുരൂപദേശം ധാർമ്മികമാണ്. ക്ഷേത്രവരുമാനം കൊണ്ട് സമൂഹത്തിന് ഉപയോഗമുള്ള കാര്യങ്ങൾ ത്യാഗബുദ്ധിയോടെ ചെയ്യാൻ സാധിക്കും. അവിടെ മുടക്കുമുതൽ എന്നത് ഭക്തിയും ത്യാഗവുമാണ്. അവിടെ മൂലധനം ബിസിനസ്സിനല്ല. അധ്വാനിക്കാനുള്ള ആരോഗ്യമുള്ള ഗൃഹസ്ഥർ അവിടെ എത്തി ധനം ഭഗവാന് സമർപ്പിക്കുന്നുണ്ട്. അതെടുത്ത് നാം ത്യാഗം ചെയ്താൽ മാത്രം മതിയാകും. സൗജന്യമായി വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയവ ചെയ്ത് ഈശ്വരസാന്നിദ്ധ്യം അതാത് ക്ഷേത്രങ്ങളിൽത്തന്നെ അവിടെ എത്തുന്ന ഭക്തർക്ക് അനുഭവപ്പെടണം. ഈ യജ്ഞധർമ്മം ശരിയായി നിർവ്വഹിക്കപ്പെടുന്നിടത്ത് ഈശ്വരസാന്നിദ്ധ്യം ഉണ്ടാകുകതന്നെ ചെയ്യും. ഭക്തർക്ക് പരിഹാരങ്ങളും തേടി സ്വദേശം വിട്ട് പല ക്ഷേത്രങ്ങളിൽ പോകേണ്ടി വരില്ല. ഒരിടത്തിരുന്നുതന്നെ പ്രശ്നങ്ങൾ പരിഹരിച്ച് ഈശ്വരധ്യാനവും തപസ്സും ചെയ്യാനാകും. ക്ഷേത്രവും ക്ഷേത്രപാലകരും ക്ഷേത്രജീവനക്കാരും ഭക്തരും ഒരേ ക്ഷേത്രംകൊണ്ടുതന്നെ അഭിവൃദ്ധിപ്രാപിക്കണം. കടപ്പാട്
*🪔🛕ഭക്തി മാഹാത്മ്യം🛕🪔* ഭക്തിയെന്നാൽ ശക്തിയാണ്, ധൈര്യമാണ്, ജീവിക്കാനുള്ള പ്രചോദനമാണ്. എന്തെല്ലാം തടസങ്ങളുണ്ടായാലും, അനേക ജന്മങ്ങൾക്കുശേഷം പണിപ്പെട്ട് ലഭിച്ച മർത്ത്യ ജന്മം ധന്യമാകാൻ ഓരോരുത്തരും സ്വന്തം മനസ്സിൽ അൽപമെങ്കിലും ഭക്തി വളർത്തിയെടുക്കാൻ ശ്രമിക്കേണ്ടതാണ്. ഭഗവാനിൽ പൂർണ്ണ വിശ്വാസം നമുക്കു വേണം. നാം ഒരു യാത്രയ്ക്ക് ഒരുങ്ങുമ്പോൾ ടിക്കറ്റ് നേരത്തെ തന്നെ ബുക്ക് ചെയ്തു വയ്ക്കാറുണ്ട്. ആ ഒരു ചെറിയ കടലാസ് കഷ്ണം ഉള്ളത് കൊണ്ടു നമുക്കുള്ള സീറ്റ് ആരും എടുക്കുകയില്ല എന്നു വിശ്വസിക്കുന്നില്ലേ? അത്രയും വിശ്വാസം എന്തു കൊണ്ടു ഭഗവാനിൽ വയ്ക്കുന്നില്ല? പ്രാർത്ഥന എന്ന ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ നമുക്കുള്ളത് തീർച്ചയായും നമുക്കു തന്നെ കിട്ടും എന്ന വിശ്വാസം വേണം; ദൃഡമായ വിശ്വാസം. ദൃഡ വിശ്വാസവും ഭക്തിയും ഭഗവാനിൽ നമുക്കും വരണം. അത് പോലെ അന്യ ചിന്തകളൊക്കെ വിട്ടിട്ടു ഭഗവാനെ തന്നെ ചിന്തിക്കണം. അങ്ങനെയായാൽ നമ്മുടെ ജീവിതവും വിജയിക്കും. ഭക്തന്മാർ ഒരിക്കലും തോൽക്കുന്നില്ല. അവരുടെ ദൃഢ വിശ്വാസം അവരെ സദാ രക്ഷിക്കുന്നു. എന്ത് നടന്നാലും അത് ഭഗവാന്റെ ഇഷ്ടം എന്ന് കരുതിയിരിക്കുക. ആര്, എന്തു ഭക്തിയോടെ കൊടുത്താലും ഭഗവാൻ സ്വീകരിക്കുന്നു. ഭഗവാൻ നൽകുന്ന ആളിന്റെ സ്ഥിതിയെയോ, അല്ലെങ്കിൽ വസ്തുവിന്റെ ഗുണത്തിനെയോ നോക്കുന്നില്ല. അതിലുള്ള ഭക്തിയെ മാത്രമാണ് കണക്കാക്കുന്നത്. തനിക്കുള്ളത് എല്ലാം തന്നെ ഭഗവാനുകൊടുക്കണം എന്ന ഭാവം ഉണ്ടാകണം. ഭഗവാനോട് പ്രീതി ഉണ്ടാവണം. തനിക്ക് എത്ര പ്രയാസങ്ങൾ ഉണ്ടായാലും, തന്നെ ആശ്രയിക്കുന്നവർക്ക് സന്തോഷം കിട്ടണം എന്നു വിചാരിക്കുന്ന ഉത്തമമായ ഭക്തി ഉണ്ടാകണം. ഭഗവാന് ഭക്തരിൽ യാതൊരു ഭേദവും ഇല്ല. 'നാസ്തി തേഷു ജാതി വിദ്യാ രൂപ കുലാദി ഭേദഃ' തന്റെ ഭക്തന്മാരിൽ കുലമോ, ജാതിയോ, വിദ്യയോ ധനമോ തുടങ്ങിയ യാതൊരു ഭേദവും ഭഗവാൻ നോക്കുന്നില്ല. ഭക്തി മാത്രമാണ് ഭഗവാൻ ഗണിക്കുന്നത്. യാതൊരു ചിന്തയും ഇല്ലാതെ ഭഗവാനെ മാത്രം ചിന്തിച്ചിരുന്ന നമ്മെ ഭഗവാൻ ഒരിക്കലും കൈവെടിയുകയില്ല. ഭഗവാനു പ്രീതിയോടെ അർപ്പിച്ചു സ്വീകരിച്ചാൽ അതു നമ്മേ ശുദ്ധീകരിക്കും. ഭഗവാനു നൽകാനുള്ള മനോഭാവം ഉണ്ടാവണം. നാം നൽകുന്നത് സ്വീകരിക്കാൻ ഭഗവാൻ കാത്തിരിക്കുകയാണ്. ഭഗവാൻ ഭക്തിക്കു മയങ്ങുന്നു. ഭക്തിയോടെ നാം എന്തു കൊടുത്താലും അതു ആർത്തിയോടെ സ്വീകരിക്കുന്നു. വിദുര പത്നി സ്വയം മറന്നു പഴത്തിനു പകരം തൊലിയാണ് കൊടുത്തത്. എന്നാൽ ഭഗവാനും ബോധം ഇല്ലായിരുന്നു. വിദുര പത്നിയുടെ ദിവ്യ പ്രേമത്തിൽ മയങ്ങി അതു ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നു. (ഭക്തിയിൽ സ്വയം മറക്കണം. നമ്മുടെ ഭക്തി ഭഗവാനെയും മയക്കുന്നതാകണം. വിദുരരുടെ പത്നിക്കു അതു പോലെ ആഴമായ ഭക്തി ഉണ്ടായിരുന്നു). നാം നല്കുന്ന വസ്തുക്കൾ ആ കരുണാസാഗരന് എത്ര ആഗ്രഹത്തോടെ സ്വീകരിക്കുന്നു! ഭഗവാൻ സ്വീകരിക്കാൻ തയ്യാറായി നില്ക്കുകയാണ്. നൽകാനാണ് ആളില്ലാത്തത്! നാമ്മുടെ നിവേദ്യമൊക്കെ വെറും ചടങ്ങുകളായി തീരുകയാണ്. നാം ഇനിയെങ്കിലും നമ്മളുടെ ചിന്തകളെ ഭാഗവാനിലേക്ക് തിരിക്കണം. നാം തരുന്നതും കാത്തു ആ കരുണാസാഗരൻ ആകാംക്ഷാ പൂർവ്വം ഇരിക്കുകയാണ്. ആ സ്നേഹനിധിയെ നാം അലക്ഷ്യപ്പെടുത്തരുത്. അദ്ദേഹം വർഷിക്കുന്ന കൃപാധാരയ്ക്ക് പകരമായി നമുക്ക് മറ്റെന്താ ചെയ്യാൻ കഴിയുക? വീട്ടിലെ കുഞ്ഞുങ്ങൾക്ക് എത്ര വാല്സല്യത്തോടെയും ശ്രദ്ധയോടെയും ആണ് നാം ഭക്ഷണം നൽകുക. അതു പോലെ ഭഗവാനെ വീട്ടിലെ ഒരംഗമായി കണക്കാക്കുക! ഒരു പഴം കഴിക്കുകയാണെങ്കിൽ പോലും നാം അതു ശരിയായി പാകം എത്തിയോ എന്നു നോക്കിട്ടാണ് കഴിക്കുന്നത്. അതേ പോലെ ഭഗവാനു നേദിക്കുന്ന സമയത്തും പാകത്തിന് പഴുക്കാത്ത ഫലങ്ങൾ നേദിക്കരുത്. ഹൃദയ പൂർവമായി ഭഗവാനെ സ്നേഹിച്ചാൽ ഭഗവാനോടുള്ള നമ്മുടെ സമീപനവും മാറും. കർമ്മങ്ങൾ ചെയ്യുന്നത് കൊണ്ടു നാം ഭക്തിയിൽ നിന്നും അകലുന്നില്ല. ചെയ്യുന്ന കർമ്മങ്ങൾ ഭഗവാന് വേണ്ടി ചെയ്തു കൊണ്ടിരുന്നാൽ മാത്രം മതി ഭഗവാനെ മുറുകെ പിടിക്കണം. ഒരു ക്ഷണം പോലും ഭഗവാനെ മറക്കരുത്. മറക്കേണ്ട ആവശ്യവും ഇല്ല. സദാ സർവദാ കൃഷ്ണ സ്മരണം ചെയ്യണം. 'എന്നെ മാത്രം ചിന്തിച്ചു കൊണ്ടു, മറ്റു ചിന്തകളെ വെടിഞ്ഞു ആരാണോ എന്നെ ആരാധിക്കുന്നത്, അവരുടെ യോഗവും ക്ഷേമവും ഞാൻ വഹിക്കുന്നു' എന്നു ഭഗവാൻ ഗീതയിൽ പറയുന്നു. യോഗം എന്നാൽ കിട്ടാൻ പ്രയാസമായത് കിട്ടുന്നത്. ക്ഷേമം എന്നാൽ അതിനെ സംരക്ഷിക്കുന്നത്. ഭഗവാൻ നമുക്കു ഒരു ജന്മത്തിനു മുഴുവനും വേണ്ട കൃപ ചെയ്യാൻ കാത്തിരിക്കുന്നു. പക്ഷേ നാം അപ്പപ്പോൾ ഉള്ള ആവശ്യത്തിനു അനുസരിച്ചു ഫലം ആഗ്രഹിക്കുന്നു ഭഗവാൻ നമുക്കു നല്ലത് തന്നെ ചെയ്യുന്നു. നാം അതു മനസ്സിലാക്കി വരുന്നതെന്തും സന്തോഷത്തോടെ സ്വീകരിക്കണം. ഓരോരുത്തരും അവരവരുടെ ഗൃഹത്തിൽ ഇരുന്നുകൊണ്ട് നാമജപം ചെയ്യേണ്ടതാണ്. നാമം ജപിക്കുന്ന സമയത്ത് നമ്മുടെ മറ്റു ചിന്തകൾ നമ്മിൽ നിന്നും അകന്നു നില്ക്കും. ഭഗവാൻ തന്നെയാണ് ഗതി. ആത്മാവ് ഭഗവാന്റെ സ്വന്തമാണ്, നമ്മുടേതല്ല. എപ്പോൾ ആത്മാവ് തന്നെ ഭഗവാന്റെയാകുമ്പോൾ, ഈ ശരീരം, ഇന്ദ്രിയങ്ങൾ, മനസ്സ്, ആ ശരീരത്തെ ആധാരമാക്കിയുള്ള ജീവിതം എല്ലാം തന്നെ ഭഗവാന്റെ ചുമതലയാണ്. അത് കൊണ്ടു നിശ്ചിന്തയോടെ, നിർഭയത്തോടെ ജീവിതം നയിക്കണം. എന്നും ഉണരുമ്പോൾ ഹൃദയം പുഷ്പിക്കണം. അതിനു എന്നും ഭഗവത് ധ്യാനം ചെയ്യണം. യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത ഒരു വിഷയമാണ് ഭഗവത് ധ്യാനം. ഏറ്റവും സുഖകരമായ ഒന്നാണ് അത്. മനസ്സ് ഇപ്പോഴും ഭഗവാനെ തന്നെ ഓർക്കണം. എന്നാൽ ആനന്ദം അനുഭവിക്കാം. ഭക്തി വളരെ ശ്രേഷ്ടമാണ്.🙏
ലോകപ്രസിദ്ധമായ_ആറ്റുകാൽ_പൊങ്കാല "അനന്തപുരിയിൽ വാഴുന്ന അഭീഷ്ട വരദായിനി ആയ ജഗദമ്മക്ക് വേണ്ടി നാളെ ലക്ഷോപലക്ഷങ്ങൾ പൊങ്കാല അർപ്പിക്കും. നാളെ അനന്തപുരി ഒരു യാഗശാലയായി മാറും". "രാവിലെ 10.30ന് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടു കൂടി ചടങ്ങുകൾ ആരംഭിക്കും. തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നും ദീപം പകർന്ന് മേൽശാന്തി പി കേശവൻ നമ്പൂതിരിക്ക് കൈമാറും. മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പിൽ തീ പകർന്ന ശേഷം അതേ ദീപം സഹ മേൽശാന്തിക്ക് കൈ­മാറും". "സഹമേൽശാന്തി ക്ഷേത്രത്തിന് മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്ക് തീ പകരും. ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദ്യം". 🙏🏼 എല്ലാ ഭക്തജനങ്ങൾക്കും കരിയം ദേവീക്ഷേത്രട്രസ്റ്റിന്‍റെ ആറ്റുകാൽ പൊങ്കാല ആശംസകൾ #സർവ്വമംഗള_മംഗല്യേ #ശിവേ_സർവ്വർത്ഥ_സാധികേ #ശരണ്യേ_ത്രയംബകേ_ഗൗരി #നാരായണി_നമോസ്തുതേ🙏🏼
യോജന - പുരാതന ഭാരതത്തിൽ നിലവിലുണ്ടായിരുന്ന് ഒരു നീള അളവ്. ഏകദേശം 9 മൈൽ. 13 കിലോമീറ്റർ ആണ് ഒരു യോജന എന്ന് അറിയപ്പെട്ടിരുന്നത്. വൈദിക കാലത്തും രാമായണത്തിലും എല്ലാം ദൂരം അളക്കാനായി ഈ അളവാണ് പ്രയോഗിച്ചുകാണുന്നത്.
ഇതാണ് പ്രപഞ്ചത്തിന്റെ പരമകാരണത്വം ഇതി വേദാന്തഡിണ്ഡിമ: 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 പ്രപഞ്ചത്തിന്റെ പരമകാരണത്തെക്കുറിച്ചുള്ള അന്വേഷണമാണു സത്യാന്വേഷണം.ശക്തിസ്പന്ദനം മുതൽ സൂര്യചന്ദ്രാദി സൗരയൂഥഘടകങ്ങൾ വരെ ജഗത്തായിക്കാണപ്പെടുന്ന എല്ലാ കാഴ്ചകളും ഏതിലോ ഉണ്ടായി നിലനിന്നു മറയുന്ന കാഴ്ചകളാണ്. ഇവ ഏതിൽ പൊന്തിവരുന്നു;ഏതിൽ നിലനിൽക്കുന്നു;ഏതിൽ തിരിച്ചു ലയിക്കുന്നു എന്ന ചിന്തയാണു പരമകാരണചിന്ത. അങ്ങനെ ഒരു പരമകാരണം കണ്ടെത്താത്തിടത്തോളം പ്രപഞ്ചമെന്ന കടംകഥ ഒരിക്കലും അഴിഞ്ഞുകിട്ടുകയില്ല.അപ്പോൾ ഒരു പരമകാരണം ഉണ്ടായേ പറ്റൂ.പരമകാരണം എന്തുതന്നെയായാലും അതിനു ചില സവിശേഷതകൾ അംഗീകരിക്കേണ്ടിവരും. അതു മറ്റൊന്നിൽ നിന്നു ജനിച്ചതാകാൻ പറ്റില്ല.മറ്റൊന്നിൽ നിന്നു ജനിക്കുന്നതിനു പരമകാരണത്വം സാദ്ധ്യമല്ല.മറ്റൊന്നിൽ നിന്നു ജനിച്ചു എന്നു വന്നാൽ ആ മറ്റൊന്നായിരിക്കും പരമകാരണം.അതുകൊണ്ടു പരമകാരണം എപ്പോഴും അജമായിരുന്നേ പറ്റൂ.ജനിക്കാത്തതാണെങ്കിൽ അതു മരിക്കുകയില്ല. അതുകൊണ്ടു പരമകാരണം അമരമായിരുന്നേ പറ്റൂ. ജനിക്കാത്തതും മരിക്കാത്തതുമാണെങ്കിൽ അതിനു മറ്റൊരു രൂപവികാരവും സാദ്ധ്യമല്ല. അതുകൊണ്ടു പരമകാരണം നിർവികാരമായിരുന്നേ പറ്റൂ. പരമകാരണം രണ്ടുണ്ടാകാൻ പറ്റില്ല. രണ്ടുണ്ടെന്നു വന്നാൽ രണ്ടിനും മാറിമാറി നിൽക്കാൻ ഇടമരുളുന്ന മറ്റൊന്നിനെ അംഗീകരിക്കേണ്ടി വരും. അപ്പോൾ പരമകാരണം ആ മറ്റൊന്നാണെന്നു തീരുമാനിക്കേണ്ടതായും വരും. അതുകൊണ്ടു പരമകാരണം അദ്വയമായിരുന്നേ പറ്റൂ. ഇങ്ങനെ അജവും അമരവും നിർവികാരവും അദ്വയവുമായ ഒന്നിനു മാത്രമേ പരമകാരണത്വം സംഭവിക്കൂ. ഇനിയും ജഗത്തിനിങ്ങനെയൊരു പരമകാരണമുണ്ടെന്നു വന്നാൽ അതിൽനിന്ന് യഥാർഥത്തിൽ ഒന്നിനും ജനിക്കാനേ സാദ്ധ്യമല്ല. യഥാർഥത്തിൽ ജനിക്കുക എന്നു പറഞ്ഞാൽ വികാരപ്പെടുക എന്നാണർഥം. ജനിക്കാത്ത നിർവികാരമായ ഒന്നിൽനിന്ന് വികാരരൂപമായ ജനനം എങ്ങനെ സംഭവിക്കാനാണ്. മറ്റൊന്നു ജനിക്കുന്നേ ഇല്ലെങ്കിൽ പിന്നെ അതിന്റെ നില നില്പിന്റെയും ലയത്തിന്റെയും പ്രശ്നം ഉദിക്കുന്നുമില്ല. അപ്പോൾ ജഗത്തിനൊരു പരമകാരണമുണ്ടെങ്കിൽ അതിലീ ജനനമരണരൂപങ്ങളായ നാനാത്വങ്ങൾ എങ്ങനെ സംഭവിക്കുന്നു ? അതിനുള്ള ഉത്തരമാണു "മായ'. എന്താണു മായ ? പദാർഥമൊന്നുമില്ലാതെ അതുണ്ടെന്നു തോന്നിക്കുന്ന വസ്തുശക്തിയാണു മായ.കയറിൽ പാമ്പുണ്ടെന്നു തോന്നും പോലെ.മരുഭൂമിയിൽ വെള്ളമുണ്ടെന്നു തോന്നും പോലെ കയറിനു ചലനമോ വികാരമോ ഒന്നും സംഭവിക്കാതെ അതിൽ പാമ്പുണ്ടെന്നു തോന്നുന്നു. അതുപോലെ മരുഭൂമിയിൽ വെള്ളവും. കയറിൽ പാമ്പിനെ കാണുമ്പോൾ അങ്ങനെ തോന്നിക്കാനുള്ള ഒരു ശക്തി കയറിനുണ്ടെന്നൂഹിക്കാം. അതുപോലെ വെള്ളമുണ്ടെന്നു തോന്നിക്കാനുള്ള ശക്തി മരുഭൂമിക്കുമുണ്ടെന്നൂഹിക്കാം. ഇങ്ങനെയുള്ള കാരണകാര്യഭാവങ്ങളെയാണു വേദാന്തം വിവർത്തകാരണകാര്യഭാവമായി വിവരിക്കു ന്നത്. കയറിൽ പാമ്പിനെക്കാണുന്നത് മായകൊണ്ടുള്ള വിവർത്തകാരണ കാര്യഭാവമാണ്. കയറ് വിവർത്തകാരണം. പാമ്പ് വിവർത്തകാര്യം. കാരണത്തിനു വികാരമോ ചലനമോ സംഭവിക്കാതെ കാര്യമുണ്ടെന്നു തോന്നുന്നിടത്താണു വിവർത്തകാരണകാര്യഭാവം. അങ്ങനെ പ്രപഞ്ചത്തിന്റെ പരമകാരണത്തിനും പ്രപഞ്ചമെന്ന കാര്യത്തിനും വിവർത്തകാരണകാര്യഭാവമാണുള്ളത്.പരമകാരണമുണ്ടെന്നു വന്നാൽ "മായ' എന്ന ശക്തിയിലൂടെ വിവർത്തകാരണകാര്യഭാവമംഗീകരിക്കാതെ പ്രപഞ്ചത്തെ യുക്തിപൂർവം വിവരിച്ചു കാണിക്കാൻ ഒരു ചിന്തകനും ഒരിക്കലും സാദ്ധ്യമാവുകയില്ല. അതിരിക്കട്ടെ. പ്രപഞ്ചത്തിനൊരു പരമകാരണമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ടോ ? ഉണ്ടല്ലോ. എന്താണത് ? പ്രപഞ്ചത്തിന്റെ പരമകാരണമാണ് ഉപനിഷത് പ്രസിദ്ധമായ ബ്രഹ്മം.എന്താണു ബ്രഹ്മത്തിന്റെ സ്വരൂപം ?ബോധമാണു ബ്രഹ്മത്തിന്റെ സ്വരൂപം."പ്രജ്ഞാനം ബ്രഹ്മ' എന്ന മഹാവാക്യത്തിലൂടെ ഐതരേയോപനിഷത്തു പ്രഖ്യാപിക്കുന്നത് ഈ ബ്രസ്വരൂപമാണ്.പ്രജ്ഞാന പദത്തിനു ബോധമെന്നർഥം.ബോധമാണു പ്രപഞ്ചത്തിന്റെ പരമകാരണമെന്നെങ്ങനെയറിയാം ? അറിയാൻ കഴിയുമല്ലോ. ബോധ മുണ്ടോ പ്രപഞ്ചമുണ്ട്;ബോധമില്ല. പ്രപഞ്ചമില്ല. ഈ അനുഭവം തന്നെയാണു യുക്തി.പക്ഷെ പരമകാരണത്തിന്റെ സവിശേഷതകളൊക്കെ ഈ ബോധത്തിനു ചേരുമോ ?ഈ ചോദ്യത്തിനുത്തരം കാണാനാണ് അല്പം പരീക്ഷണം ആവശ്യമായി വരുന്നത്.എല്ലാ മനുഷ്യവ്യക്തികളുടെയും ഉള്ളിൽ "ഞാൻ, ഞാൻ' എന്നിങ്ങനെ ഈ ബോധം സദാ സ്ഫുരീക്കുന്നുണ്ടല്ലോ.ഒരാൾ രാഗദ്വേഷങ്ങളെന്ന മറമാറ്റി ഈ ബോധത്തെ ശുദ്ധമാക്കി അനുഭവിച്ചുനോക്കട്ടെ. ഇന്നുവരെ അതു സാധിച്ചിട്ടുള്ളവരൊക്കെ പറയുന്നത് അങ്ങ നെ മറമാറിത്തെളിയുന്ന ബോധത്തിന് പരമകാരണത്തിന്റെ എല്ലാ സവിശേഷതകളും ഉണ്ടെന്നാണ്. മറമാറിത്തെളിയുന്നതോടെ പ്രപഞ്ചനാനാത്വ ഭ്രമമെല്ലാം വിട്ടകലുന്നു. അവിടെ അതദ്വയമാണ്. രണ്ടില്ലാത്തതുകൊണ്ടുതന്നെ അതജമാണ്,അമരമാണ്,നിർവികാരമാണ്,കേവല സുഖസ്വരൂപമാണ്.ഇനിയും ആർക്കുവേണോ ഇതു പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇനി നമുക്കു പരമകാരണത്തോടു ചേർത്തു പ്രപഞ്ചത്തെ ഒന്നു വിവരിക്കാം. അദ്വയവും നിശ്ചലവും സുഖരൂപവുമായ അഖണ്ഡബോധത്തിൽ അതിൻറ ശക്തിയായ മായ ഉണ്ടെന്നു തോന്നിക്കുന്ന വിവർത്തകാര്യങ്ങളാണു പ്രപഞ്ചമായി കാണപ്പെടുന്ന നാനാത്വഭ്രമങ്ങൾ, വേദാന്തത്തിന്റെ ഈ തീരുമാനത്തെ യുക്തിയുക്തം ചോദ്യം ചെയ്യാൻ ഒരിക്കലും ആർക്കും കഴിയുന്നതല്ല. കടപ്പാട്

Sunday, March 5, 2023

ആത്മാ വൈ പുത്രനാമോസി ഞാന്‍ തന്നെ പുത്രനായി ജനിയ്ക്കുന്നു എന്ന്‍ ഭാരതീയശാസ്ത്രം. ഞാൻ തന്നെ പുത്രനായി ജനിക്കുമ്പോൾ ഞാൻ ചെയ്തു കൂട്ടിയിട്ടുള്ള കർമ്മ കലാപങ്ങളുടെ പരിണതിയിൽ നല്ലൊരു ശതമാനം എന്റെ അടുത്ത തലമുറയും അനുഭവിക്കേണ്ടി വരുന്നു. അടുത്ത തലമുറയുടെ ജീവിത രംഗങ്ങളിൽ അവരുടെ വളര്‍ച്ചയിലും മൃത്യുവിലും മൃത്യുകഴിഞ്ഞുള്ള തുടര്‍നാടകങ്ങളിലും എല്ലാം ഒരു ചരടായി ഞാനുണ്ടവും, എന്നെ മാറ്റിനിര്‍ത്തി എന്റെ അടുത്ത തലമുറ ഇല്ല തന്നെ. കർമ്മണാ മനസാ വാചാ പരപീഡാം കരോതി ച , തത് ബീജം ജന്മ ഫലതി പ്രഭൂതം തസ്യ ചാ സുഭാ യാതൊരുവൻ മനസാ വാചാ കർമണാ അന്യർക്ക് ദുരിതം ഉണ്ടാക്കുന്നു അവന്റെ ആ പരപീഡാരൂപമായ ബീജത്തിൽ നിന്നുതന്നെ അവന് അശുഭ ഫലമുണ്ടാകുന്നു. [ വിഷ്ണു പുരാണം 1/19/6 ] ഈ ഒരു ജന്മം കൊണ്ട് തീരുന്നതല്ല കർമ്മ ഫലങ്ങൾ. ദേഹം മാത്രമേ നശിക്കുന്നുള്ളു. 'ഞാൻ' നശിക്കുന്നില്ല. പുത്രനിലൂടെ, പുത്രിയിലൂടെ പൗത്രനിലൂടെ ഒക്കെ ഞാൻ തന്നെയാണ് ജനിക്കുന്നത്. ഈ തത്വം ശരിക്കും മനസ്സിലാക്കിയാൽ പരമ്പരാപ്രാപ്തമായ ഈ ജീവിതം സുഖ സന്തോഷത്തോടെ നിർഭയം ജീവിച്ചു തീർക്കാം. ഹരി ഓം

Saturday, March 4, 2023

ഭക്തിയുടെ സഹായത്താൽ ഈശ്വരാർപ്പിതമായി ഒരു പ്രവൃത്തി ചെയ്തപ്പോൾ മനഃശുദ്ധിയുണ്ടായി. ആ അന്തരംഗശുദ്ധിയിലാണ് ഈശ്വരാനുഗ്രഹം പ്രതിഫലിച്ചത്. അങ്ങനെ പരിശുദ്ധമായ പ്രവൃത്തിയിൽ പ്രതിഫലിച്ച ആനന്ദം തുടർന്ന് നിലനിൽക്കാത്തത് പിന്നീട് ചെയ്ത പ്രവൃത്തികളിൽ ഈശ്വരാർപ്പിതം എന്ന ഭാവം നഷ്ടപ്പെട്ടതിനാലാണ്. ഭർത്താവിനു വേണ്ടിയോ മക്കൾക്കു വേണ്ടിയോ എന്തെങ്കിലും ചെയ്തു കൊടുക്കുമ്പോഴുള്ള ആനന്ദം അപരിചിതർക്ക് വേണ്ടി ആകുമ്പോൾ അത് നഷ്ടമെന്നോ ബുദ്ധിമുട്ടെന്നോ തോന്നുമെങ്കിൽ ശാന്തിയോ ആനന്ദമോ സിദ്ധിക്കില്ലല്ലോ? നമ്മുടെ ആനന്ദത്തിൻറെയോ ഈശ്വരാനുഗ്രഹമായ ശാന്തിയുടെയോ മുറിവ് ഇവിടെയാണ്. ഇടതടവില്ലാതെ ഒഴുകുന്ന സ്നേഹവും ധാരമുറിയാതെ ഒഴുകുന്ന ഭക്തിയും ഉണ്ടോ? ഉണ്ടെങ്കിൽ അത്തരം കർമ്മവും അത്തരം ഭക്തിയും ശാന്തിമാർഗ്ഗമാകുന്നു. നോക്കുന്നിടത്തെല്ലാം ഈശ്വരനെ കാണുന്നുവെങ്കിൽ ഒരിക്കലും ഭക്തിഭാവം മുറിഞ്ഞുപോകുന്നില്ല. ജീവജാലങ്ങളെല്ലാം ആത്മസഹോദരരാണെന്നു കാണുമ്പോൾ സ്നേഹവും മുറിഞ്ഞുപോകുന്നില്ല. ഭക്തിയും സ്നേഹവും എന്തിനോടാണ് എന്നുള്ളിടത്താണ് പ്രശ്നം. ഏതൊന്നിനെ സ്നേഹിച്ചാൽ എല്ലാവരെയും സ്നേഹിക്കാൻ കഴിയുമോ അത് ശരീരമല്ല, ആത്മാവാണ്. ഏതൊന്നിനോട് ഭക്തിതോന്നിയാൽ എല്ലാ ജീവജാലങ്ങളിലും ഈശ്വരനെ കാണുവാൻ സാധിക്കുമോ അത് സ്വാർത്ഥമായ രൂപമല്ല, എങ്ങും നിറഞ്ഞിരിക്കുന്ന ആത്മാവാണ്. എൻറെ ഈശ്വരരൂപം, എൻറെ മതം, എൻറെ ഗുരു, എൻറെ സമ്പ്രദായം, എൻറെ ബന്ധു, അന്യജീവി എന്നെല്ലാം ഭേദം കല്പിക്കുമ്പോൾ അത് രൂപമഹിമയിലെ സ്വാർത്ഥസ്നേഹം മാത്രമായിരിക്കുന്നു. അതിന് മുറിവുണ്ട്. മുറിവുള്ളതിന് അഖണ്ഡാനുഭൂതി നൽകുന്നതിന് കഴിവില്ലതന്നെ! ചില രൂപങ്ങളെ സ്വന്തമെന്നു കരുതി അതിൻറെ മാത്രം മഹിമയെ സ്നേഹിക്കുമ്പോൾ അങ്ങനെ ഉണ്ടാകുന്ന സുഖം കർമ്മബന്ധം മാത്രമായിരിക്കുന്നു. അതിനെയാണ് ഉണ്ടായി മാറുന്ന അറിവെന്നു പറയുന്നത്. അതിന് നാശമുണ്ട്. അത് ശരീരസംബന്ധിയാണ്. ആത്മസംബന്ധിയല്ല. ഒരാളെ കാണുമ്പോൾ ഉണ്ടായ സുഖം മറ്റൊരാളെ കാണുമ്പോൾ വിദ്വേഷമായി നഷ്ടപ്പെടുന്നു. സ്വന്തം കുട്ടിയുടെ നേട്ടം കാണുമ്പോൾ അഭിമാനം തോന്നി ഉണ്ടായ സുഖം മറ്റൊരാളുടെ കുട്ടിയുടെ നേട്ടം കാണുമ്പോൾ അസൂയതോന്നി നഷ്ടപ്പെടുന്നു. സ്വന്തം ഈശ്വരൻറെയോ ഗുരുവിൻറെയോ രൂപം കാണുമ്പോൾ ഉണ്ടാകുന്ന ആനന്ദം മറ്റൊരാളുടെ ഈശ്വരരൂപത്തെയോ ഗുരുരൂപത്തെയോ കാണുമ്പോൾ ഉണ്ടാകുന്നില്ല. ഈശ്വരനു വേണ്ടിയോ ബന്ധുവിനു വേണ്ടിയോ ചെയ്യുന്ന കാര്യങ്ങൾ സുഖകരമാകുമ്പോൾ മറ്റൊരാൾക്കു വേണ്ടിയോ മറ്റൊരു ജീവിക്കുവേണ്ടിയോ ആകുമ്പോൾ അങ്ങനെ അല്ലാതെയാകുന്നു. ഇതാണ് ആനന്ദവും ഈശ്വരാനുഭൂതിയും ധാരമുറിയാതെ നിലനിൽക്കാത്തതിന് കാരണം. നമ്മുടെ നഷ്ടസുഖങ്ങളെല്ലാം സ്വാർത്ഥമായ രൂപങ്ങളോടായിരിക്കുന്നു. എല്ലാ രൂപങ്ങളിലും ഒന്നുപോലെ പ്രകാശിക്കുന്നതിനെ സ്നേഹിച്ചാലല്ലാതെ അഖണ്ഡാനുഭൂതിയോടെ ജീവിക്കാൻ സാധിക്കില്ലല്ലോ??? സനാതനധർമ്മം ബഹുദേവതാരൂപങ്ങളെ ധർമ്മാനുസരണം ഉപദേശിച്ചിരിക്കുന്നു. എന്നാൽ എല്ലാം സനാതനമായ ആത്മതത്ത്വത്തിലോ ബ്രഹ്മത്തിലോ ആണ് പ്രതിഷ്ഠിതമായിരിക്കുന്നത്. രൂപം പലതായാലും അവയിലെല്ലാം പ്രതിഫലിക്കുന്നത് ഒരേ ആത്മചൈതന്യം തന്നെയാണ്. അറിയേണ്ടത് അറിയാതെ വരുമ്പോഴാണ് തത്ത്വസംബന്ധമോ ഈശ്വരസംബന്ധമോ ആയ നമ്മുടെ വിശദീകരണങ്ങളുടെ ആമുഖങ്ങളെല്ലാം രൂപമഹിമയുടെ സ്വാർത്ഥതയിൽ പെട്ട് വഴിതിരിഞ്ഞു പോകുന്നത്. ആമുഖം തെറ്റുമ്പോൾ വ്യാഖ്യാനവും തെറ്റുന്നു. നാം കാണുന്നത് ശരീരമഹിമയാണോ ആത്മതത്ത്വമാണോ എന്നതിനനുസരിച്ചുമാത്രമേ നമുക്ക് ഗുരുവചനങ്ങളെയോ ഈശ്വരതത്ത്വത്തെയോ വിശദീകരിക്കാൻ സാധിക്കുകയുള്ളൂ. നാം ആത്മാവിനെ വിട്ടുകളയുമ്പോൾ നമ്മുടെ ആമുഖങ്ങളും വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും എല്ലാം വഴിതെറ്റിപോകുന്നു. അങ്ങനെ നമ്മുടെ പ്രവൃത്തിയിലെ ശുദ്ധി നഷ്ടപ്പെടുന്നു. ശുദ്ധി നഷ്ടപ്പെടുമ്പോൾ സ്വാർത്ഥതകൊണ്ട് ആനന്ദവും മുറിഞ്ഞുപോകുന്നു. പ്രാരബ്ധവശാൽ ഈ ജീവിതത്തിൽ നമുക്ക് പലതും ചെയ്യാനുണ്ട്. അങ്ങനെ ചെയ്യുന്ന പ്രവൃത്തികളിലെ പരിശുദ്ധിയാണ് ആനന്ദത്തിന് ആശ്രയം. എൻറെതെന്നും നിൻറെതെന്നും രൂപമഹിമയെ സ്ഥാപിക്കാനുള്ളിടത്തോളം കാലം ആത്മദർശനം സാധിക്കുകയുമില്ല. രണ്ടിടത്തും ഏകമായെന്തുണ്ടെന്നതാണ് കണ്ടെത്തേണ്ടത്. ഭൂമിയിലോ സ്വർഗ്ഗത്തിലോ പിതൃഭൂമിയിലോ വ്യത്യസ്തമായി എന്തുണ്ട് എന്നതല്ല കണ്ടെത്തേണ്ടത്. ത്രിഭുവനസീമ കൊണ്ട് തടയപ്പെടാതെ എങ്ങും ഒരുപോലെ ഉള്ളതായി എന്തുണ്ട് എന്നതാണ് കണ്ടെത്തേണ്ടത്. അങ്ങനെ ഏകമായിരിക്കുന്ന പൊരുളിനെ ആത്മാവെന്നോ ഈശ്വരനെന്നോ ബ്രഹ്മമെന്നോ പറയാവുന്നതാണ്. അങ്ങനെ ഏകമായിരിക്കുന്നതിനെ ഏതു രൂപത്തിൽ വേണോ കണ്ട് ആരാധിക്കാവുന്നതുമാണ്. ഒരേ തത്ത്വത്തെയാണ് പലരും പലതായി ആരാധിക്കുന്നതെന്നതും മനസ്സിലാക്കേണ്ടതുണ്ടെന്നുമാത്രം! "പലതായി പറയുകയും പലതായി അറിയുകയും പലതായി ആരാധിക്കുകയും ചെയ്യുന്ന സത്യം ഒന്നുതന്നെയാണ്." വ്യാസഭഗവാനും ശ്രീശങ്കരാചാര്യസ്വാമികളും ശ്രീനാരായണഗുരുസ്വാമികളും പറയുന്നത് ഇതേ ശ്രുതിദർശനം തന്നെയാണെന്ന് അറിയുമ്പോൾ രൂപമഹിമ വിട്ട് നാം ആത്മസ്വരൂപത്തിലെ അഖണ്ഡമായ ആനന്ദമാകുമല്ലോ അനുഭവിക്കുന്നത്? ഗുരുക്കന്മാരുടെ പേരിലോ സമ്പ്രദായങ്ങളുടെ പേരിലോ മതങ്ങളുടെ പേരിലോ ഭേദം കാണുന്നത് ആത്മദർശനം വിട്ട് രൂപമഹിമയിൽ സ്വാർത്ഥവാസന വളരുന്നതുകൊണ്ടാണ്. ആത്മാവിനെ വിട്ട് രൂപത്തെ ആര് സ്നേഹിക്കുന്നുവോ അവരുടെ ശാന്തിയും ആനന്ദവും ശരീരസംബന്ധിയായ കർമ്മബന്ധങ്ങളിൽ പെട്ട് ഉണ്ടായി നിലനിന്ന് നശിച്ചുപോകുന്നു. ആത്മപരിശുദ്ധിയോടെ പ്രാരബ്ധവേല ചെയ്യുന്നുവെങ്കിലാകട്ടെ ഓരോ കർമ്മവും അഖണ്ഡമായ ആനന്ദത്തെ പ്രകാശിപ്പിക്കുകയും ചെയ്യും! ചുരുക്കത്തിൽ ഈശ്വരപൂജ ചെയ്യുമ്പോൾ നമുക്ക് ആനന്ദം കിട്ടുന്നതായി അനുഭവം വന്നിട്ടുണ്ടെങ്കിൽ കുടുംബത്തിലും സമൂഹത്തിലും ജോലിസ്ഥലത്തും അതേ ഭാവശുദ്ധിയോടെ പ്രവൃത്തിക്കണം. എന്നാൽ മാത്രമേ ഈശ്വരീയമായ ആനന്ദാനുഭൂതി അഖണ്ഡമായിരിക്കുകയുള്ളൂ. ഉണ്ടായി മാറുന്ന സുഖങ്ങളെല്ലാം ശരീരസംബന്ധിയായ നാമരൂപങ്ങളിൽ മുറിഞ്ഞുപോകുന്ന പ്രാരബ്ധസുഖങ്ങളായിരിക്കുന്നു. പ്രവൃത്തി ഒന്നുതന്നെ. എന്നാൽ ആത്മബോധത്തോടെ ചെയ്യുന്ന പ്രവൃത്തി ശുദ്ധവും ആത്മബോധമില്ലാതെ ശരീരാത്മബോധത്തോടെ ചെയ്യുന്ന പ്രവൃത്തി അശുദ്ധവും ആയിപ്പോകുന്നു. പരിശുദ്ധിയാർന്ന പ്രവൃത്തിയുടെ ആനന്ദം അഖണ്ഡമായിരിക്കും. നാമരൂപങ്ങളിൽ ചിലതിനോടു മാത്രം തോന്നുന്ന സുഖം ഉണ്ടായി നശിക്കുന്നതുമാണ്! "ഉണ്ടായി മാറുമറിവുണ്ടായി മുന്നമിതു കണ്ടാടുമംഗമകവും കൊണ്ടായിരം തരമിരുണ്ടാശയം പ്രതി ചു- രുണ്ടാ മഹസ്സിൽ മറയും കണ്ടാലുമീനിലയിലുണ്ടാകയില്ലറിവ- ഖണ്ഡാനുഭൂതിയിലെഴും തണ്ടാരിൽ വീണു മധുവുണ്ടാരമിക്കുമൊരു വണ്ടാണു സൂരി സുകൃതീ." (ജനനീ നവരത്നമഞ്ജരി) കടപ്പാട്
തിരുവോണം > ഓണം അഥവാ വാമന ജയന്തി മഹാബലിയെന്ന് കേള്‍ക്കുന്ന മാത്രയില്‍ ഏതൊരു മലയാളിയുടെയും മനസ്സില്‍ കപ്പടാമീശയും ഉന്തിയ വയറുമുള്ള ഒരു പൊണ്ണത്തടിയന്‍ ഓലക്കുടയുമായി വരുന്ന ഒരു അപഹാസ്യചിത്രമാണ് തെളിയുന്നത്. പുരാണകഥാപാത്രങ്ങളെ ഇത്തരത്തില്‍ വികൃതമായി ചിത്രീകരിക്കുവാനും പുരാണകഥകളെ വളച്ചൊടിച്ച് അസംബന്ധങ്ങള്‍ പലതും പ്രചരിപ്പിക്കുവാനും ചില കുത്സിതമതികളും മാധ്യമങ്ങളും മത്സരിക്കുകയാണ്. ഹൈന്ദവധര്‍മ്മത്തെ അപമാനിക്കുവാനും അപകീര്‍ത്തിപ്പെടുത്തുവാനുമുള്ള ഇത്തരത്തിലുള്ള കുത്സിത പ്രവര്‍ത്തനങ്ങളെ ശക്തമായും യുക്തമായും എതിര്‍ത്തു തോല്‍പ്പിക്കേണ്ടതുണ്ട്. മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും നല്ലവനും സത്യസന്ധനുമായ മഹാബലിയുടെ കാലത്തെപ്പറ്റി കേരളത്തിലെങ്ങും പ്രചാരമുള്ള ഒരു നാടന്‍ പാട്ടാണിത്. നല്ലവനായ മഹാബലിയെന്ന ദളിതനായ അസുര ചക്രവര്‍ത്തിയെ വാമനനെന്ന സവര്‍ണ്ണന്‍ ചതിച്ച്, മഹാബലി അടക്കി വാണിരുന്ന മൂന്നുലോകവും രണ്ടടികൊണ്ടളന്നു കൈക്കലാക്കി മൂന്നാമത്തെ കാലടി വയ്ക്കുവാന്‍ സ്ഥലമില്ലാതെ വന്നപ്പോള്‍ മഹാബലിയുടെ തലയില്‍ കാല്‍വെച്ച് പാതാളത്തിലേക്കു ചവിട്ടിത്താഴ്തിയത്രെ. പ്രതിവര്‍ഷം ചക്രവര്‍ത്തിക്ക് തന്റെ പ്രജകളെ കാണുന്നതിനുവേണ്ടി വാമനന്‍ പ്രത്യേക അനുവാദം കൊടുത്തുവെന്നും അതനുസരിച്ച് മഹാബലി തന്റെ പ്രജകളെ കാണുവാന്‍ കേരളത്തിലേക്ക് എല്ലാവര്‍ഷവും ചിങ്ങത്തിലെ തിരുവോണത്തിന് വരുന്നതാണ് ഓണാഘോഷമെന്നുമാണ് കേരളത്തില്‍ പ്രചാരത്തിലുള്ള ഓണക്കഥ. പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ ഒന്നും തന്നെ ഇതിന് ഉപോല്‍ബലകങ്ങളായ പരാമര്‍ശങ്ങളോ വിവരണങ്ങളോ ഇല്ലാതെ ഈ അസത്യമായ ഓണക്കഥ കേരളത്തില്‍ മാത്രം എങ്ങനെ പ്രചാരണത്തില്‍ വന്നു? ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിലും വെട്ടം മാണിയുടെ പുരാണ നിഘണ്ടുവിലും കുട്ടികള്‍ക്ക് പഠിക്കുവാനുള്ള പാഠപുസ്തകങ്ങളിലുമെല്ലാം വാമനമൂര്‍ത്തി മാവേലിമന്നനെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്ന് എഴുതിവെച്ചിരിക്കുന്നതാണ് അത്യന്തം ഖേദകരമായിത്തോന്നുന്നത്. ശ്രീമദ്ഭാഗവതത്തിലെ അഷ്ടമസ്‌കന്ധത്തിലെ 15-ാമത് അദ്ധ്യായം മുതല്‍ 23-ാമത് അദ്ധ്യായം വരെയുള്ള ഭാഗമാണ് വാമനചരിതമെന്ന മഹാബലിയുടെ കഥയ്ക്കാധാരമായിട്ടുള്ളത്. സര്‍വ്വേശ്വരനായ ഭഗവാന്‍ ശ്രീഹരി ഒന്നുമില്ലാത്തവനെപ്പോലെ എന്തിനാണ് മൂന്നടി മണ്ണ് യാചിച്ചത്? എല്ലാം ലഭിച്ചിട്ടും നിരപരാധിയായ ബലിയെ ബന്ധിച്ചതെന്തിനാണ്? എന്നിങ്ങനെയുള്ള പരീക്ഷിത്തിന്റെ ചോദ്യങ്ങള്‍ക്കുത്തരമായിട്ടാണ് ഭാഗവതത്തില്‍ ശ്രീശുകബ്രഹ്മര്‍ഷി മഹാബലിയുടെ കഥ വിവരിക്കുന്നത്. ദേവേന്ദ്രനാല്‍ തോല്‍പ്പിക്കപ്പെട്ട്, നിഗ്രഹിക്കപ്പെട്ട ബലിക്ക് ശുക്രാചാര്യരുടെ മൃതസഞ്ജീവനികൊണ്ട് ജീവിതം തിരിച്ചു കിട്ടി. സ്വര്‍ഗ്ഗം ജയിക്കുവാന്‍ ആഗ്രഹിച്ച മഹാബലിയെക്കൊണ്ട് ഗുരുനാഥന്‍ ‘വിശ്വജിത്ത്’ എന്ന യാഗം ചെയ്യിപ്പിച്ചു. മുത്തച്ഛനായ പ്രഹ്ലാദന്‍ നല്‍കിയ വാടാത്ത മാല്യമണിഞ്ഞ് ഗുരു അനുഗ്രഹിച്ചു നല്‍കിയ ദിവ്യരഥമേറി ബലി ദേവലോകം പിടിച്ചടക്കുവാനായി പുറപ്പെട്ടു. അദ്ദേഹത്തിന്റെ പടപ്പുറപ്പാടുകണ്ട് പരിഭ്രമിച്ച ഇന്ദ്രന്‍ ഗുരുവായ ബൃഹസ്പതിയെ കണ്ട് ബലിയുടെ പുനര്‍ജ്ജന്മത്തിന്റെയും തിരിച്ചുവരവിന്റെയും കാരണമാരാഞ്ഞു. ”ശുക്രാചാര്യരാണ് ശിഷ്യനെ തേജസ്വിയാക്കിത്തീര്‍ത്തത്. വിഷ്ണുഭഗവാനല്ലാതെ മറ്റാര്‍ക്കും ബലിയെ നേരിടാനുള്ള ശക്തിയില്ല. ഏതൊരു ഗുരുവിന്റെ അനുഗ്രഹത്താലാണോ ബലി പ്രതാപശാലിയായിത്തീര്‍ന്നത് അതേ ശുക്രാചാര്യരുടെ ഉപദേശത്തിന് വിപരീതമായി പ്രവര്‍ത്തിക്കുമ്പോള്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട ബലിയില്‍ നിന്ന് ദേവന്മാര്‍ക്ക് സ്വര്‍ഗ്ഗം തിരിച്ച് കിട്ടും. ഇപ്പോള്‍ കാലം അസുരന്മാര്‍ക്കനുകൂലമായതിനാല്‍ കാത്തിരിക്കുക” എന്ന ഗുരുവിന്റെ ഉപദേശപ്രകാരം യുദ്ധം ചെയ്യാതെ ദേവന്മാര്‍ ഭൂമിയില്‍ വേഷംമാറി സഞ്ചരിച്ചു. ത്രൈലോക്യ ജേതാവായ മഹാബലിയുടെ ഇന്ദ്രപദവി സ്ഥിരമാക്കിത്തീര്‍ക്കുവാനായി ശുക്രമഹര്‍ഷി ബലിയെക്കൊണ്ട് നൂറ് അശ്വമേധയാഗങ്ങള്‍ കഴിപ്പിച്ചു. ഗുരുവിന്റെ അനുഗ്രഹത്താല്‍ മഹാബലിയുടെ കീര്‍ത്തി ലോകമെമ്പാടും വ്യാപിച്ചു. അസുരന്മാര്‍ സ്വര്‍ഗ്ഗാധിപത്യം നേടിയതും തന്റെ മക്കള്‍ എല്ലാം നഷ്ടപ്പെട്ടവരായിത്തീര്‍ന്നതും കണ്ട് ദേവമാതാവായ അദിതി അത്യന്തം ദുഃഖിതയായിത്തീര്‍ന്നു. ദേവന്മാരുടെ അച്ഛനും തന്റെ ഭര്‍ത്താവുമായ കശ്യപന്‍ ഒരിക്കല്‍ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വ്യസനിച്ചിരിക്കുന്ന അദിതിയെക്കണ്ട് ദുഃഖകാരണമാരാഞ്ഞു. നഷ്ടപ്പെട്ട ഐശ്വര്യവും സ്ഥാനമാനങ്ങളും തന്റെ പുത്രന്മാര്‍ക്ക് തിരിച്ചുകിട്ടുവാന്‍ താന്‍ എന്തു ചെയ്യണമെന്ന് അദിതി കശ്യപ പ്രജാപതിയോട് ചോദിച്ചു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ദേവമാതാവായ അദിതി പയോവ്രതമനുഷ്ഠിച്ച് ഭഗവാനെ ആരാധിച്ചു. പാല്‍മാത്രമാഹരിച്ചുകൊണ്ട് വിഷ്ണുഭഗവാനെ വ്രതനിഷ്ഠയോടെ പൂജിക്കുന്ന പന്ത്രണ്ടു ദിവസത്തെ പയോവ്രതത്താല്‍ സംപ്രീതനായ ഭഗവാന്‍ പതിമൂന്നാം നാള്‍ വ്രതാവസാനത്തില്‍ അദിതിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ആനന്ദാശ്രുക്കള്‍ പൊഴിച്ചുകൊണ്ട് ഗദ്ഗദകണ്ഠയായി അദിതിമാതാവ് ഭഗവാനെ സ്തുതിച്ചു. അദിതിയുടെ സ്തുതിയാല്‍ സംപ്രീതനായ ഭഗവാന്‍ ”അമ്മേ, ശത്രുക്കളാല്‍ സ്ഥാനഭ്രഷ്ടരാക്കപ്പെട്ട അനാഥരായിത്തീര്‍ന്ന പുത്രന്മാരെ ഓര്‍ത്ത് ദുഃഖിക്കുന്ന അമ്മയുടെ മനോരഥം എനിക്കറിയാം. ഈശ്വരാനുകൂലത്വം യഥേച്ഛമുള്ളതുകൊണ്ട് ഇപ്പോള്‍ അസുരന്മാരെ ജയിക്കുക എളുപ്പമല്ല. എന്നാല്‍ എന്നെ ആരാധിച്ചു നടത്തിയ പയോവ്രതം നിഷ്ഫലമാകുവാനും പാടില്ല. അതുകൊണ്ട് ഞാന്‍ തന്നെ അമ്മയുടെ മകനായവതരിച്ച് ദേവന്മാരെ രക്ഷിച്ചുകൊള്ളാം.” എന്നരുളി ചെയ്ത് അന്തര്‍ധാനം ചെയ്തു. ഭഗവദനുഗ്രഹത്താല്‍ തന്നില്‍ ഈശ്വര ചൈതന്യം പ്രവേശിച്ചതറിഞ്ഞ കശ്യപന്‍ അദിതിയില്‍ വീര്യാധാനം ചെയ്തു. ഗര്‍ഭഗതവിഷ്ണുവിനെ ബ്രഹ്മാദിദേവതകള്‍ വന്ന് സ്തുതിച്ചു. അങ്ങനെ ചിങ്ങത്തിലെ വെളുത്ത ദ്വാദശിയും തിരുവോണവും കൂടിയ ദിവസം ഉത്രട്ടാതിയുടെ അവസാനത്തെ പതിനഞ്ചുനാഴികയും തിരുവോണത്തിന്റെ ആദ്യത്തെ നാലുനാഴികയും കൂടിയ അഭിജിത്ത് എന്ന ശുഭമുഹൂര്‍ത്തത്തില്‍ മഹാപ്രഭുവായ ഭഗവാന്‍ അവതരിച്ചു. (ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/18/5) വെളുത്ത ദ്വാദശിയിലെ സൂര്യന്‍ ഉച്ചത്തില്‍ നില്‍ക്കുമ്പോള്‍ വിജയ എന്ന മുഹൂര്‍ത്തത്തിലാണ് ശ്രീഹരിയവതരിച്ചത്. ചതുര്‍ബാഹുവായി എല്ലാ ആയുധങ്ങളോടുംകൂടിയാണ് ഭഗവാനവതരിച്ചത്. എല്ലാവരും സ്തുതിച്ച് വന്ദിച്ചപ്പോള്‍ ശ്രീഹരി ഒരു നടന്‍ വേഷം മാറുന്നതുപോലെ പെട്ടെന്ന് വാമനനായി മാറി (ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/18/12). കശ്യപപ്രജാപതി ഉണ്ണിയുടെ ഉപനയനം നടത്തി. സൂര്യദേവന്‍ നേരിട്ട് ഗായത്രീമന്ത്രം ഉപദേശിച്ചു. ഉമാദേവിയില്‍ നിന്ന് ഭിക്ഷയും സ്വീകരിച്ച് വാമനമൂര്‍ത്തി മഹാബലിയുടെ യജ്ഞശാലയിലേക്ക് പുറപ്പെട്ടു. മഹാബലി നര്‍മ്മദാനദിയുടെ വടക്കേ തീരത്തുള്ള ‘ഭൃഗുകച്ഛം’ എന്ന തീര്‍ത്ഥഭൂമിയില്‍ 99 യാഗങ്ങള്‍ കഴിഞ്ഞ് നൂറാമത്തെ അശ്വമേധയാഗമാരംഭിച്ചിരുന്നു. യാഗശാലയില്‍ എത്തിച്ചേര്‍ന്ന ഉജ്ജ്വല തേജസ്സോടുകൂടിയ ബാലനെക്കണ്ടപ്പോള്‍ എല്ലാവരും എഴുന്നേറ്റ് എതിരേറ്റ് സ്വീകരിച്ചു. കുടയും ദണ്ഡവും കമണ്ഡലുവുമായി ഭിക്ഷാംദേഹിയായി തന്റെ യജ്ഞശാലയില്‍ സമാഗതനായ ബ്രഹ്മചാരിക്കുട്ടിയെ മഹാബലി നമസ്‌കാരപൂര്‍വ്വം പാദപൂജ ചെയ്തു. ‘എന്ത് വേണമെങ്കിലും ചോദിച്ചോളൂ. ഞാന്‍ നിനക്ക് എന്തും നല്‍കും’ എന്ന് വാഗ്ദാനവും നല്‍കി. മഹാബലിയുടെ സ്വാഗതവചസ്സുകള്‍ കേട്ട് സന്തുഷ്ടനായ ഭഗവാന്‍ ബലിയെ പ്രശംസാവചനങ്ങള്‍കൊണ്ട് മൂടി. ‘ദാനശീലരില്‍ ശ്രേഷ്ഠനായ അങ്ങയില്‍ നിന്ന് ഞാന്‍ എന്റെ കാല്‍കൊണ്ടളന്നെടുക്കാവുന്ന മൂന്നടി മണ്ണ് മാത്രമാണ് ആഗ്രഹിക്കുന്നത്’ എന്ന ബ്രഹ്മചാരിയുടെ യാചന കേട്ടപ്പോള്‍ (‘പദാനി ത്രീണി ദൈത്യേന്ദ്ര സംമിതാനി പദാ മമ. – ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/19/17)’, ‘ത്വം ബാലോ ബലിശമതിഃ’ – ‘നീ കണ്ടാല്‍ മാത്രമല്ല സ്വഭാവം കൊണ്ടും കുട്ടിതന്നെ. മൂന്ന് ലോകത്തിനുമധിപതിയായ എന്നെ ഇത്രയൊക്കെ സ്തുതിച്ചിട്ട് വെറും മൂന്നടിമണ്ണാണോ ആവശ്യപ്പെടുന്നത്? എന്നോടൊരിയ്ക്കല്‍ യാചിച്ചൊരാള്‍ പിന്നീട് ഒരിയ്ക്കലും മറ്റൊരാളോട് യാചിക്കാനിടവരരുത് എന്നെനിക്ക് നിര്‍ബ്ബന്ധമുണ്ട്. അതിനാല്‍ അങ്ങ് വരം മാറ്റി ചോദിച്ചുകൊള്ളൂ.’ എന്ന് അല്പം അഹങ്കാരവും പരിഹാസവും കലര്‍ന്ന സ്വരത്തോടെ മഹാബലി പറഞ്ഞു (‘മാം വചോഭിഃ സമാരാധ്യ ലോകാനാമേകമീശ്വരം’ – ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/18/19). മറ്റൊന്നും വേണ്ടെന്ന വാമനന്റെ മറുപടികേട്ട മഹാബലി ”അങ്ങയുടെ ആഗ്രഹം പോലെ സ്വീകരിക്കൂ.” എന്ന് പറഞ്ഞ് ജലസഹിതം ദാനം ചെയ്യുവാനായി ജലപാത്രം കയ്യിലെടുത്തു. കപടവേഷധാരിയായി വന്ന വിഷ്ണുവിന് സര്‍വ്വസ്വവും ദാനം ചെയ്യാനൊരുമ്പെട്ട ശിഷ്യനെ ശുക്രാചാര്യന്‍ തടഞ്ഞു. ദാനം നല്കാതിരിക്കുന്നതിനുവേണ്ടി ഗുരുനാഥന്‍ പലപലന്യായങ്ങളും പറഞ്ഞുവെങ്കിലും മഹാബലി അതൊന്നും ചെവിക്കൊണ്ടില്ല. ”ഒരു സാധാരണഗൃഹസ്ഥനെ സംബന്ധിച്ചിടത്തോളം അവിടുന്ന് ഇപ്പോള്‍ പറഞ്ഞതെല്ലാം സത്യമാണ്, സ്വീകാര്യവുമാണ്. പക്ഷേ മുത്തച്ഛനായ പ്രഹ്ലാദനില്‍നിന്ന് സത്യത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച ഞാന്‍, തരാമെന്ന് പ്രതിജ്ഞ ചെയ്തിട്ട് ഒരു വഞ്ചകനെപ്പോലെ എങ്ങനെ അത് നിരാകരിക്കും? യജ്ഞേശ്വരനായ ഭഗവാന്‍ വിഷ്ണുതന്നെയാണ് തന്റെ മുന്നില്‍ വേഷപ്രച്ഛന്നനായി വന്നിരിക്കുന്നതെങ്കില്‍ ആ ഭഗവാന് ഞാനീ ഭൂമി നല്‍കുന്നതിലുപരിയായി പുണ്യകരമായിട്ടെന്തുണ്ട്?” എന്ന ശിഷ്യന്റെ മറുപടി കേട്ടപ്പോള്‍ തന്റെ ഉപദേശം അംഗീകരിക്കാത്തവനും സത്യസന്ധനും ധീരനുമായ മഹാബലിയെ ശുക്രാചാര്യര്‍ ”നിന്റെ എല്ലാവിധ ഐശ്വര്യങ്ങളുമധികാരവും നഷ്ടപ്പെട്ടുപോകട്ടെ”എന്ന് ശപിച്ചു. ദാനസങ്കല്പം കഴിഞ്ഞതും വാമനന്‍ മൂന്നുലോകവും നിറഞ്ഞ വിശ്വരൂപത്തെ സ്വീകരിച്ചു. (തദ് വാമനം രൂപം അവര്‍ധതാദ്ഭുതം ഹരേരനന്തസ്യ ഗുണത്രയാത്മകം (ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/21/21)) ഒരടികൊണ്ട് അധോലോകങ്ങളും രണ്ടാമത്തെ അടികൊണ്ട് ഊര്‍ധ്വലോകങ്ങളും അളന്നെടുത്ത് മൂന്നാമത്തെ അടി എവിടെ വെക്കണമെന്ന വാമനമൂര്‍ത്തിയുടെ ചോദ്യത്തിന് ‘ലോകാനാമേകമീശ്വരം’ എന്നഹങ്കരിച്ച മഹാബലിക്ക് മറുപടിയില്ലാതായി. വാഗ്ദാനം പാലിച്ചില്ലെങ്കില്‍ നരകവാസമായിരിക്കും ഫലമെന്നും വാമനന്‍ ബലിയെ ഓര്‍മ്മിപ്പിച്ചു. ”തനിക്ക് നരകത്തെയോ വരുണപാശത്തെയോ തെല്ലും ഭയമില്ല. വാക്ക് പാലിക്കാന്‍ പറ്റാത്തതാണെന്റെ ഖേദം. അതിനാല്‍ എന്റെ വാക്ക് വീണ്‍വാക്കാകാതിരിക്കാന്‍, പ്രഹ്ലാദന്റെ പേരക്കുട്ടി പ്രതിജ്ഞ ലംഘിച്ചവനാണെന്ന ചീത്തപ്പേര് കേള്‍പ്പിക്കാതിരിക്കാന്‍ മഹാപ്രഭോ! ഞാനെന്നെത്തന്നെ നിവേദ്യമായി അങ്ങയ്ക്ക് സമര്‍പ്പിക്കുന്നു. അങ്ങയുടെ തൃപ്പാദമെന്റെ ശിരസ്സില്‍ വെച്ച് മൂന്നാമത്തെ അടി അളന്നെടുത്ത് എന്നെ സത്യവ്രതനാക്കേണമേ.” (യദ്യുത്തമശ്ലോക ഭവാന്മമേരിതം വചോ വ്യളീകം സുരവര്യ മന്യതേ കരോമ്യതം തന്ന ഭവേത് പ്രലംഭനം പദം തൃതീയം കുരു ശീര്‍ഷ്ണി മേ നിജം. – ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/22/2) എന്ന് മഹാബലി വാമനനോട് അഭ്യര്‍ത്ഥിച്ചു. ഈ സമയത്ത് ബ്രഹ്മാവും പ്രഹ്ലാദനുമവിടെ സമാഗതരായി. ബ്രഹ്മാവ് മഹാബലിയെ രക്ഷിക്കണമേ, നിഗ്രഹിക്കരുതേ എന്ന് ഭഗവാനോടഭ്യര്‍ത്ഥിച്ചു. വിശ്വരൂപിയായിരുന്ന വാമനന്‍ ബ്രഹ്മചാരിക്കുട്ടിയായി മാറി തന്റെ തൃപ്പാദം ബലിയുടെ ശിരസ്സില്‍ സ്പര്‍ശിച്ച് അനുഗ്രഹിച്ചതുകണ്ട ഭക്തോത്തമനായ പ്രഹ്ലാദനാകട്ടെ, ”ഭഗവന്‍! ഈ ബലിയുടെ സ്വത്ത് അങ്ങ് പിടിച്ചുപറിച്ചിട്ടില്ല. ഒരു കാലത്ത് ഇന്ദ്രന്‍ ഐശ്വര്യത്താല്‍ മദോന്മത്തനായെന്ന് കണ്ടപ്പോള്‍ ലോകാധിപത്യം ഇന്ദ്രനില്‍നിന്നെടുത്ത് താല്‍ക്കാലികമായി ബലിയുടെ കൈവശമേല്പിച്ചു. ഇവനും ഇന്ദ്രനെപ്പോലെ ഐശ്വര്യമദം കൊണ്ട് ദുഷിച്ചുപോകുന്നുവെന്ന് കണ്ടപ്പോള്‍ അങ്ങത് തിരിച്ചെടുക്കുന്നു. ഇതൊരനുഗ്രഹമാണ്, നിഗ്രഹമല്ല”, എന്ന് വിനയാന്വിതനായി ഭഗവാനോടുണര്‍ത്തിച്ചു. (ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/23/610) ”ബന്ധഹേതുവായ അജ്ഞാനം നശിച്ച് ശുദ്ധനായ മഹാബലിയ്ക്ക് ബന്ധനമല്ല മുക്തിയാണ് നല്‍കേണ്ടത്” എന്ന ബ്രഹ്മാവിന്റെ വാക്ക് കേട്ട് ഭഗവാന്‍ പറഞ്ഞു. ”ഹേ ബ്രഹ്മന്‍! ഞാനൊരു ഭക്തനെയനുഗ്രഹിക്കുവാന്‍ ആഗ്രഹിച്ചാല്‍ ആദ്യം അവന്റെ ഐശ്വര്യത്തെ അപഹരിക്കും. ഐശ്വര്യമദംകൊണ്ട് ഉന്മത്തനായ മനുഷ്യന്‍ ലോകത്തെയും എന്നെയും അപമാനിക്കുന്നു (ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/22/24). ദാനവദൈത്യന്മാരിൽ അഗ്രഗണ്യനായ ഈ മഹാബലി ആര്‍ക്കും ജയിക്കാന്‍ കഴിയാത്ത മായയെപ്പോലുമിന്ന് ജയിച്ചിരിക്കുന്നു. ദൃഢവ്രതനായ മഹാബലി ധനമെല്ലാം നഷ്ടപ്പെട്ടിട്ടും സ്ഥാനഭ്രഷ്ടനാക്കപ്പെട്ടിട്ടും ശത്രുക്കളാല്‍ ബന്ധിക്കപ്പെട്ടിട്ടും ഗുരുശാപമേല്‍ക്കേണ്ടി വന്നിട്ടും പലവിധ ക്ലേശങ്ങളനുഭവിക്കേണ്ടി വന്നിട്ടും സത്യവ്രതനായതുകൊണ്ട് സത്യത്തില്‍നിന്ന് വ്യതിചലിച്ചില്ല. ആയതിനാല്‍ ദേവന്മാര്‍ക്കുപോലും പ്രാപിക്കാനാകാത്ത സുദുര്‍ലഭസ്ഥാനമാണ് ഞാനിവന് കൊടുക്കുന്നത്. (ഏഷ മേ പ്രാപിതഃ സ്ഥാനം ദുഷ്പ്രാപമമരൈപി. സാവര്‍ണേരന്തരസ്യായം ഭവിതേന്ദ്രോ മദാശ്രയഃ. – ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/22/31). ഇനി വരുന്ന സാവര്‍ണിമന്വന്തരത്തിലെ ഇന്ദ്രപദമാണ് ഞാനെന്റെ മഹാബലിയ്ക്ക് നല്‍കുന്നത്. അതുവരെ, വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച സ്വര്‍ഗവാസികള്‍പോലും പോകുവാനാഗ്രഹിയ്ക്കുന്ന സുതലത്തില്‍ വസിക്കട്ടെ ഇന്ദ്രസേന! അങ്ങയ്ക്ക് മംഗളം ഭവിക്കട്ടെ. അങ്ങ് ബന്ധുമിത്രാദികളോടുകൂടി ദേവന്മാര്‍ക്കും പ്രാപ്യമല്ലാത്ത സുതലത്തിലേക്ക് പോവുക. ഇനി ലോകപാലന്മാര്‍ക്കുപോലും അങ്ങയെ ആക്രമിക്കുവാന്‍ സാധ്യമല്ല. അങ്ങയുടെ കല്പനയെ ലംഘിക്കുന്ന അസുരന്മാരെ എന്റെ സുദര്‍ശനചക്രം നിഗ്രഹിക്കും. ഞാനങ്ങയെ ഒരാപത്തും വരാതെ രക്ഷിക്കുന്നതാണ്. സുതലത്തില്‍ സന്നിഹിതനായ തന്നെ എന്നും അങ്ങയ്ക്ക് കാണുവാന്‍ കഴിയും (ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/22/32 -36) എന്നിപ്രകാരം വാമനമൂര്‍ത്തി മഹാബലിയെ അനുഗ്രഹിച്ചു. വാമനന്റെ ഇപ്രകാരമുള്ള അനുഗ്രഹവചസ്സുകള്‍ കേട്ട് കൃതാര്‍ത്ഥനായ മഹാബലി ഗദ്ഗദകണ്ഠനായി പറഞ്ഞു. ഇത്യുക്തവന്തം പുരുഷം പുരാതനം മഹാനുഭാവോൽ അഖിലസാധുസമ്മതഃ ബദ്ധാഞ്ജലിര്‍ബാഷ്പ കലാകുലേക്ഷണോ ഭക്ത്യുദ്ഗലോ ഗദ്ഗദയാ ഗിരാബ്രവീത് – ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/23/1 ”ഭഗവാനേ ! അങ്ങയുടെ കാരുണ്യാതിരേകം അത്യാശ്ചര്യകരം തന്നെ. ഞാനങ്ങയെ നമസ്‌കരിക്കുവാൻ ഉദ്ദേശിച്ചപ്പോഴേക്കും തപോദാനാദികളിലൂടെ പോലും ലഭിക്കാത്ത ഫലമെനിയ്ക്കങ്ങ് നല്‍കി അനുഗ്രഹിച്ചിരിക്കുന്നു”. ഇത്രയും പറഞ്ഞ് മഹാബലി ത്രിമൂര്‍ത്തികളെയും വണങ്ങി അത്യന്തം സന്തോഷത്തോടെ അസുരന്മാരോടൊപ്പം സുതലത്തിലേയ്ക്ക് പോകാനൊരുങ്ങി. (ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം /23/1112) ഇന്ദ്രാനുജനായ വാമനമൂര്‍ത്തി (ഉപേന്ദ്രന്‍) ഇന്ദ്രന് അര്‍ഹതപ്പെട്ട സ്വര്‍ഗത്തെ നല്‍കിയശേഷം മാതാവായ അദിതിയെ നമസ്‌കരിച്ച് തന്റെ അവതാരദൗത്യം നിറവേറ്റിയതായി അറിയിച്ചു. ഭഗവദ്ഭക്തിയില്‍ മുങ്ങിയ പ്രഹ്ലാദന് ‍”ബ്രഹ്മാദിദേവന്മാര്‍ക്കുപോലും നല്‍കാത്ത കാരുണ്യമങ്ങ് ഞങ്ങളില്‍ പ്രദര്‍ശിപ്പിച്ചല്ലോ. ഇതിന് ഞങ്ങള്‍ക്കര്‍ഹതയുണ്ടോ ഭഗവാനേ” എന്ന് ചോദിച്ചപ്പോള്‍ ”വത്സാ, പ്രഹ്ലാദ! നിങ്ങളെല്ലാവരും സുതലത്തിലേക്ക് പോയ്‌ക്കൊള്‍ക. പൗത്രാദികളോടൊപ്പം സുഖമായി കഴിയുക. സുതലദ്വാരത്തില്‍ ഗദാപാണിയായ ഞാന്‍ നിനക്ക് സദാ ദര്‍ശനമേകും” എന്ന് ഭഗവാന്‍ പ്രഹ്ലാദനെയനുഗ്രഹിച്ച് മഹാബലിയോടൊപ്പം സുതലത്തിലേയ്ക്ക് യാത്രയാക്കി. മഹാബലിയുടെ യാഗത്തില്‍ വന്ന ന്യൂനത പരിഹരിച്ച് യാഗം പൂര്‍ത്തിയാക്കാന്‍ ശുക്രാചാര്യരോട് വാമന മൂര്‍ത്തി നിര്‍ദ്ദേശിച്ചതനുസരിച്ച് ശുക്രാചാര്യര്‍ യാഗം പൂര്‍ത്തിയാക്കി. ബ്രഹ്മാവ് പിന്നീട് ലോകരുടെയും ലോകപാലന്മാരുടെയുമെല്ലാം പിതാവായി വാമനമൂര്‍ത്തിയെ നിശ്ചയിച്ചു. (ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/23/21) ബ്രഹ്മശിവാദികള്‍ ഭഗവാന്റെ കൃത്യത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് സ്വസ്ഥാനങ്ങളിലേക്ക് പോയി. ഇപ്പോള്‍ നടന്നുവരുന്ന മന്വന്തരത്തിലവതരിച്ച വാമന മൂര്‍ത്തിയുടെ അവതാരകഥയുടെ സാരാംശമിപ്രകാരമാണ് ശ്രീമദ് ഭാഗവതത്തില്‍ അഷ്ടമ സ്‌കന്ധത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത്. ശ്രീമദ് ഭാഗവതത്തിലോ നാരായണീയത്തിലോ മറ്റേതെങ്കിലും പ്രാമാണികഗ്രന്ഥങ്ങളിലോ വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്ന് പറയുന്നില്ല. മറിച്ച് സത്യസന്ധനും ധര്‍മ്മിഷ്ഠനുമായ മഹാബലിയെ വാമനമൂര്‍ത്തി പരീക്ഷിക്കുകയും പരീക്ഷണത്തില്‍ വിജയിച്ച ബലിയെ വാമനന്‍ അനുഗ്രഹിക്കുകയുമാണ് ചെയ്‌തെന്നാണ് പ്രാമാണിക ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നത്. ശബ്ദതാരാവലിയിലും പുരാണനിഘണ്ടുവിലും ചില ഭാഗവത കഥാസംഗ്രഹഗ്രന്ഥങ്ങളിലും പ്രാമാണിക ഗ്രന്ഥങ്ങളുടെ പിന്തുണയില്ലാതെ പറഞ്ഞുവരുന്ന തെറ്റായ കഥ എങ്ങനെ വന്നുവെന്നതജ്ഞാതമാണ്.വായ്‌മൊഴിയായി പറഞ്ഞുപരന്ന ചില നാടോടിക്കഥകളെയാധാരമാക്കി കഥയെ വികൃതവും വികലവുമാക്കിയതാകാം. കേരളമുള്‍പ്പെടെയുള്ള പരശുരാമക്ഷേത്രം മഹാബലിയുടെ ഭരണകാലത്ത് ഉണ്ടായിരുന്നില്ല. പരശുരാമന്‍ ഇരുപത്തിയൊന്ന് തവണ ഭൂമി മുഴുവന്‍ സഞ്ചരിച്ച് ദുഷ്ടക്ഷത്രിയ നിഗ്രഹം നടത്തി പിടിച്ചെടുത്ത ദേശമെല്ലാം കശ്യപമഹര്‍ഷിയ്ക്കും ബ്രാഹ്മണര്‍ക്കുമായി ദാനം ചെയ്തു. ദാനം കൊടുത്ത ഭൂമിയില്‍ താമസിക്കുന്നത് ശരിയല്ലാത്തതിനാല്‍ സമുദ്രത്തോട് ഭൂമിചോദിച്ചുവാങ്ങുവാനുള്ള കശ്യപമഹര്‍ഷിയുടെ ഉപദേശപ്രകാരം പരശുരാമന്റെ പ്രാര്‍ത്ഥനയുടെ ഫലമായി സമുദ്രം മാറി കരയായി ഉയര്‍ന്നുവന്നതാണ് പരശുരാമക്ഷേത്രമായ നമ്മുടെ കേരളം. കന്യാകുമാരിക്കടുത്തുള്ള മഹേന്ദ്രപര്‍വതത്തില്‍ തപസ്സനുഷ്ഠിച്ചുവന്ന പരശുരാമന്‍ അവിടെ നിന്ന് മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണെന്നും പറഞ്ഞുവരുന്നു. പരശുരാമാവതാരം വാമനാവതാരത്തിന് ശേഷമാണ് സംഭവിച്ചതെന്നിരിക്കെ മഹാബലിയുടെ കാലത്ത് നിലവില്ലാതിരുന്ന കേരളത്തില്‍ മഹാബലി എങ്ങനെ നാടുവാഴിയായി? തമിഴ്‌നാട്ടിലുള്ളതുപോലെ കേരളത്തിലും പുതുവര്‍ഷപ്പിറപ്പ് മേടം ഒന്നിന് വിഷുദിനത്തിലായിരുന്നുവത്രെ. ചേരമാന്‍പെരുമാള്‍ രാജാവ് യുദ്ധത്തില്‍ കൊല്ലം നഗരം കീഴ്‌പ്പെടുത്തി സ്വന്തമാക്കിയതിന്റെ ഓര്‍മ്മയ്ക്കാണ് 1196 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലവര്‍ഷമാരംഭിച്ചതെന്നാണ് ചരിത്രം. ചിങ്ങമാസം പഞ്ഞക്കര്‍ക്കിടകം കഴിഞ്ഞുള്ള വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും മാസമാണ്. ചിങ്ങത്തില്‍ സൂര്യന്‍ സ്വക്ഷേത്രബലവാനാകയാല്‍ സൂര്യനെയടിസ്ഥാനപ്പെടുത്തിയുള്ള ചിങ്ങംതൊട്ടുള്ള കാലനിര്‍ണയവും ഉത്തമം തന്നെയെന്ന് തോന്നിയിരിക്കാം. വിളവെടുപ്പുത്സവവും പുതുവര്‍ഷപ്പിറപ്പും ഒന്നിച്ചാഘോഷിക്കാമല്ലോ എന്ന കാഴ്ചപ്പാടായിരിക്കണം ഓണമഹോത്സവത്തിന്റെ തുടക്കം. മഹാബലിയുടെ മഹാസാമ്രാജ്യമായിരുന്ന ഭാരതത്തില്‍ മറ്റൊരിടത്തുമില്ലാത്ത ഓണം കേരളത്തില്‍ മാത്രമെങ്ങനെവന്നു? കേരളത്തിന്റെ ഉത്തരഭാഗത്ത് ഓണം അത്രമാത്രം പ്രധാനവുമല്ല. ശ്രീമദ്ഭാഗവതം പോലെയുള്ള പുരാണഗ്രന്ഥങ്ങളെയനുസന്ധാനം ചെയ്താല്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാകുന്നതാണ്. സത്യസന്ധനും ധര്‍മ്മിഷ്ഠനും നീതിമാനുമായിരുന്ന മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല. ”ലോകാനാമേകമീശ്വരം” എന്ന് തന്റെ ഐശ്വര്യത്തിൽ അഹങ്കരിച്ചുപോയ ബലിയുടെയഹങ്കാരത്തെ നീക്കി അനുഗ്രഹിക്കുകയാണ് ചെയ്തത്. തന്റെ ഭക്തനായ മഹാബലിയെ ചിരഞ്ജീവിയാക്കി, ദേവന്മാര്‍പോലും കൊതിക്കുന്ന (സുതലം സ്വര്‍ഗ്ഗിഭിഃ പ്രാര്‍ത്ഥ്യം) സുതലത്തിന്റെ അധിപതിയാക്കിയുയര്‍ത്തി. അടുത്ത മന്വന്തരമായ സാവര്‍ണിമന്വന്തരത്തില്‍ ഇന്ദ്രസേനനെന്ന മഹാബലിയെ ഇന്ദ്രപദത്തിലേക്ക് ഉയര്‍ത്തുവാനും തീരുമാനിച്ചു. (സാവര്‍ണേരന്തരസ്യായം ഭവിതേന്ദ്രോ മദാശ്രയഃ) മന്വന്തരമെന്നാല്‍ മനുവിന്റെ കാലഘട്ടമെന്നര്‍ത്ഥം. ഒരു മന്വന്തരത്തില്‍ ഇന്ദ്രനും മനുവും സപ്തര്‍ഷികളും മനുപുത്രന്മാരുമെല്ലാം ലോകരക്ഷയ്ക്കായി നിയോഗിക്കപ്പെടുകയാണ്. ഒരു മന്വന്തരത്തില്‍ ദേവേന്ദ്രനായി നിയമിക്കപ്പെട്ടാല്‍ അടുത്ത മന്വന്തരം വരെ അദ്ദേഹം തന്നെ ഇന്ദ്രപദത്തില്‍ തുടരുമെന്നാണ് ഭഗവന്നിയോഗം. അഹങ്കാരം കാരണം മഹാബലി ഈ ഈശ്വരനിയമം ലംഘിച്ചുകൊണ്ടാണ് ദേവലോകത്തെയാക്രമിച്ച് കീഴടക്കിയത്. അതുകൊണ്ടുതന്നെയാണ് മഹാവിഷ്ണു വാമനനായവതരിച്ച് മഹാബലിയില്‍ നിന്ന് ദേവലോകം കരസ്ഥമാക്കിയതും ഇന്ദ്രന് തിരിച്ച് നല്‍കിയതും. ശ്രാവണമാസത്തിലെ തിരുവോണം വാമനാവതാര ദിവസമാണ്. വാമനജയന്തിയാണ്. ഓണത്തപ്പനായിട്ട് വാമനമൂര്‍ത്തിയെയാണ് പൂജിക്കുന്നത്. കുടവയറും കപ്പടാമീശയുമായി ഓലക്കുടയും ചൂടിവരുന്ന മഹാബലിയാണ് ഓണത്തപ്പന്‍ എന്ന് ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്. മണ്ണുകൊണ്ടും ചാണകംകൊണ്ടും മറ്റും തൃക്കാക്കരയപ്പനെയുണ്ടാക്കി പൂക്കളമിട്ട് അടനിവേദ്യം സമര്‍പ്പിക്കുന്നത് തൃക്കാക്കരയിലെ വാമനമൂര്‍ത്തിയ്ക്കാണ്, മഹാബലിയ്ക്കല്ല. ദക്ഷിണകേരളത്തിലെങ്ങും ഈ ആചാരാനുഷ്ഠാനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുവരുന്നുമുണ്ട്. മഹാബലിയുടെ സാമ്രാജ്യമെന്നത് ഉത്തര ഭാരതത്തിലായിരുന്നു. അദ്ദേഹം അശ്വമേധയാഗങ്ങള്‍ നടത്തിയത് നര്‍മ്മദാനദിയുടെ തീരത്തെ ‘ഭൃഗുകച്ഛ’ മെന്ന തീര്‍ത്ഥ ഭൂമിയിലാണ്. (അന്ന് നിലവിലില്ലാതിരുന്ന കേരളത്തിലല്ല). മഹാബലി സത്യസന്ധനും പരാക്രമിയുമായ ധീരയോദ്ധാവായിരുന്നു. കൊമ്പന്‍മീശക്കാരനായ കുടവയറനല്ല. മഹാബലിയെ ഇപ്രകാരം വിചിത്രമായി ചിത്രീകരിക്കുന്നതില്‍ മനംനൊന്ത തിരുവിതാങ്കൂര്‍ രാജാവായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വീരപുരുഷനായ യുവാവായ മഹാബലിയുടെ ഒരു മനോഹരമായ ചിത്രം നാലഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ചില മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. പരശുരാമ ക്ഷേത്രത്തിലേക്ക് നമ്പൂതിരിമാര്‍ കുടിയേറിപ്പാര്‍ത്തു തുടങ്ങിയത് ക്രിസ്തുവര്‍ഷം അഞ്ചാം നൂറ്റാണ്ടിനടുത്താണെന്നും ബ്രാഹ്മണരായതിനാല്‍ അവര്‍ വാമനജയന്തി ആഘോഷിച്ചുതുടങ്ങിയതാവാമെന്നും ചില അഭിജ്ഞര്‍ പറയുന്നു. പില്‍ക്കാലത്ത് ആ നമ്പൂതിരിമാര്‍ ജന്മികളായപ്പോള്‍ വിളവെടുപ്പുത്സവവും വാമനജയന്തിയും കൂട്ടിയിണക്കി ഓണാഘോഷം തുടങ്ങിയിരിക്കാമെന്നുമാണ് ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നത്. മഹാബലി കേരളം കാണാന്‍ വരുന്നുവെന്നുള്ള കഥ ജനങ്ങളെയാകര്‍ഷിക്കാന്‍വേണ്ടി പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്തതായിരിക്കാം. പുരാണങ്ങളില്‍ വിശ്വസിക്കുവാനും വിശ്വസിക്കാതിരിക്കുവാനും ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ നമ്മുടെ വിലപ്പെട്ട നിധികളായ അവയെ വികലവും വികൃതവുമായി ചിത്രീകരിക്കുന്നത് തികച്ചും അപലപനീയമാണ്. അടുത്ത കാലത്തായി ഹൈന്ദവപുരാണങ്ങളിലെ കഥാപാത്രങ്ങളെയും നമ്മുടെ ആദര്‍ശമൂര്‍ത്തികളെയുമെല്ലാം വികൃതമായി ചിത്രീകരിക്കുന്ന, പരസ്യമായി പരിഹസിക്കുന്ന പ്രവണത പതിവാക്കിയിരിക്കുന്നു. ഈ ദുഷ്പ്രവണതയെ നിയമപരമായ രീതിയിൽ തടയുന്നത് ദേശാഭിമാനികളുടെ കര്‍ത്തവ്യമാണ്. നമ്മുടെയിടയില്‍ മനഃപൂര്‍വ്വം പടച്ചിറക്കുന്ന മഹാബലിയുടെ പാതാളക്കഥപോലെയുള്ള കെട്ടുകഥകളെ നാം ജനമനസ്സില്‍ നിന്നും തൂത്തെറിയുകതന്നെവേണം ! സമാഹരണം : ശ്രീ. ബിനിൽ സോമസുന്ദരം Source : https://jagrathanews.online/2020/08/27/15657/uncategorized/ അഗ്നിഹോത്രം അധ്യാത്മത്തിന്‍റെ മഹത്ത്വവും ഗുണങ്ങളും