Friday, March 3, 2023
നമ്മുടെ ശ്രദ്ധയെ ആത്മാവിൽ നിന്നും വലിച്ചു ശരീരത്തിലേയ്ക്ക് താഴ്ത്തുവാൻ ഏറ്റവും ശക്തിയുള്ള ഇന്ദ്രിയം ഏതാണെന്നോ? രസനയാണത്! രസനയെ ജയിച്ചയാൾക്ക് എന്തിനെയും ജയിക്കാം എന്നാണ് പറയുക.
നാം ഈ ശരീരത്തെ പുഷ്ടിപ്പെടുത്താനുള്ള ആഹാരം കഴിക്കുന്നു. കൊന്നു തിന്നുന്ന ജീവികളുടെ ശരീരം പോലെ തന്നെ നമ്മുടെ ശരീരവും എന്നെങ്കിലും നശിക്കുന്നു. എന്നാൽ ആത്മാവു നശിക്കുന്നില്ല. മരിച്ചുപോകും എന്നു കരുതി സംരക്ഷിക്കുന്ന ഈ ശരീരം ആ ആത്മാവല്ല. ശരീരത്തെ പുഷ്ടിപ്പെടുത്തി മരിക്കുന്നതിനിടയിൽ ആത്മാവിനെ അറിയുവാൻ ശ്രദ്ധയുണ്ടാകുന്നില്ല. ശ്രദ്ധ ശരീരത്തിലാണല്ലോ! ഓരോ ജീവബോധവും അവരവരുടെ അറിവിനനുസരിച്ച് ഈ ശരീരത്തെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.
ആഹാരത്തോടുള്ള നമ്മുടെ മനോഭാവം ശരിയല്ലെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെയും സൗഖ്യത്തെയും ബാധിക്കും. രുചികരമായ ഭക്ഷണം, ശരീരം വണ്ണം വയ്ക്കാനുള്ള ഭക്ഷണം എന്നീ മനോഭാവത്തോടു കൂടിയല്ല ആഹാരത്തെ സമീപിക്കേണ്ടത്. അങ്ങനെ സമീപിച്ചാൽ അത്തരം ഭക്ഷണരീതി ആരോഗ്യകരമായിരിക്കില്ല. ശരീരത്തിൽ അമിതശ്രദ്ധ കൊടുക്കുന്തോറും നമുക്ക് ആഹാരത്തിലും അമിതശ്രദ്ധ കൊടുക്കേണ്ടിവരും. ശരീരം വണ്ണംവയ്ക്കണം എന്ന മനോഭാവത്തോടു കൂടി വയറിനു വിശ്രമമില്ലാതെ ഏതു നേരവും എന്തെങ്കിലുമൊക്കെ കഴിച്ചുകൊണ്ടിരുന്നാൽ ദഹനശക്തിക്ക് വേണ്ടുന്ന അഗ്നി മന്ദീഭവിക്കും. അങ്ങനെ അഗ്നിമാന്ദ്യം കൊണ്ട് വയറു കേടാകുകയും ചെയ്യും. ഗ്യാസ്, ദഹനക്കേട് എന്നീ പ്രശ്നങ്ങൾ ചിട്ടയില്ലാത്ത ആഹാരത്തിൻറെ ഫലമാണ്. ക്രമമായ വിശപ്പാണ് ആരോഗ്യമുള്ള വയറിൻറെ ലക്ഷണം. വിശപ്പില്ലായ്മയും അമിതമായ വിശപ്പും വയറു കേടായതിൻറെ ലക്ഷണമാണ്. വിശക്കുമ്പോൾ ശരീരത്തിൻറെ ആവശ്യം അനുസരിച്ച് നമുക്ക് ആഹാരം കഴിക്കാം. എന്നാൽ വിശപ്പില്ലാതെ തന്നെ ശരീരം വണ്ണം വയ്ക്കാനായി ആഹാരം കഴിച്ചാലോ? അത് ശരീരത്തിൻറെ ആവശ്യമല്ലാത്തതിനാൽ നമ്മുടെ ആവശ്യം അസുഖത്തെ ക്ഷണിച്ചു വരുത്തും. അതിനാൽ ആഹാരം കഴിക്കുന്ന കാര്യത്തിൽ നമ്മെ ആരാണോ ഉപദേശിക്കുന്നത് അവരുടെ ആദർശം ശരീരസംബന്ധിയാണോ അതോ ആത്മചൈതന്യമാണോ എന്നത് വിശേഷമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ ഉള്ളിലെ ജലവും വായുവും അഗ്നിയും കോപിക്കാതിരിക്കണമെങ്കിൽ ആഹാരത്തിൽ നിയന്ത്രണം വേണ്ടതാണ്. എന്തെന്നാൽ ഈ ശരീരം അന്നമയമാണ്. അന്നമാകട്ടെ ഭൂമിയാണ്. ഈ ഭൂമിയെ പോലെതന്നെ ജലത്തിലും അഗ്നിയിലും വായുവിലുമാണ് ഈ ശരീരപിണ്ഡവും നിലനിൽക്കുന്നത്. ഉപയോഗിക്കുന്നയാളുടെ അറിവിനനുസരിച്ച് ജീവിതത്തിൽ ഈ ശരീരമാകുന്ന ഉപകരണത്തെ ഹോമിക്കുന്നു. ശരീരത്തിനു വേണ്ടി ജീവിക്കുന്നവർ ശരീരത്തെ ശരീരസുഖത്തിനു വേണ്ടി ഹോമിക്കുന്നു. ആത്മാവിനു വേണ്ടി ജീവിക്കുന്നവർ ശരീരത്തെ ഹോമിക്കുമ്പോഴും ആത്മദർശനം ചൈതന്യമായി ആരാധിക്കപ്പെടുന്നു.
ശരീരം ആവശ്യപ്പെടുമ്പോൾ ആഹാരം കൊടുക്കുക. മറിച്ച് മനസ്സോ രസനയോ ആവശ്യപ്പെടുന്നതുകൊണ്ട് അതിനനുസരിച്ച് ശരീരത്തിന് ആഹാരം കൊടുക്കാൻ പോയാൽ ഗ്യാസും ദഹനക്കേടും ഒഴിഞ്ഞു ശരീരത്തിന് സൗഖ്യമുണ്ടാകുന്ന നേരമുണ്ടാകില്ലതന്നെ! അമിതവണ്ണം കൊണ്ടുള്ള പ്രശ്നങ്ങളും തുടർന്ന് വരുന്നു. ഇങ്ങനെ രസനയ്ക്കും ശരീരസൗന്ദര്യത്തിനും അമിത പ്രാധാന്യം കൊടുത്തു ജീവിക്കുന്നതായാൽ നമുക്ക് ആത്മവിചാരത്തിന് എവിടെയാണ് സമയവും സൗഖ്യവും ഉണ്ടായിരിക്കുക? അന്നത്തിലുള്ള ശ്രദ്ധകൊണ്ട് ആദ്യം അങ്ങനെ പോയി. തുടർന്ന് ശരീരത്തിൽ വായു ഇളകിയും അഗ്നിമന്ദീഭവിച്ചും ഉണ്ടാകുന്ന അസ്വസ്ഥതകൾ കൊണ്ട് ശ്രദ്ധ രോഗദുരിതങ്ങളിലേയ്ക്കും പോകുന്നു.
ആഹാരത്തോടുള്ള നമ്മുടെ മനോഭാവം ആണ് പ്രശ്നം. ജീവിതത്തിലെ ആദർശം ശരീരത്തെ പുഷ്ടിപ്പെടുത്തുകയല്ല. അതിലപ്പുറം ആത്മാവ് എന്നൊരു ആദർശം വേണ്ടതാണ്. അതിനനുസരിച്ച് ജീവിക്കുമ്പോൾ ആഹാരം നമുക്ക് ഒരു പ്രശ്നമാകുന്നില്ല. ശരീത്തിനു വേണ്ടിയുള്ള ജീവിതവും ആഹാരത്തിനു വേണ്ടിയുള്ള ജീവിതവും എന്ന ആദർശം വഴിമാറുന്നു. ശരീരം ഉപകരണമായതിനാൽ അതിന് വേണ്ടുന്ന ഭക്ഷണം കൊടുത്ത് പാലിക്കുക എന്നതിൽ കവിഞ്ഞ് അത് നമ്മുടെ ജീവിതലക്ഷ്യമല്ല. ലക്ഷ്യം, ശരീരത്തിനു സാക്ഷിയായവനാണ്! അത് ആത്മാവാണ്! നമ്മെ ഉപദേശിക്കുന്നവർ സ്വന്തം ആദർശത്തിന് അനുസരിച്ച് ശരീരത്തിലേയ്ക്കോ ആഹാരസുഖത്തിലേയ്ക്കോ ആത്മാവിലേയ്ക്ക് തിരിച്ചു വിടുന്നു.
മനോഭാവം മാറുമ്പോൾ ജീവിതാവസ്ഥയും മാറുന്നു. എന്നും വീട്ടിൽ ഈശ്വരനു വേണ്ടി അന്നപ്രസാദം ഒരുക്കുന്നു. അതിൽ നിന്ന് ഗുരുജനങ്ങൾക്കും അതിഥിദേവനും ജീവജാലങ്ങൾക്കും പിതൃക്കൾക്കും കൊടുത്ത ശേഷം ബാക്കിയുള്ള പ്രസാദമാണ് നമ്മുടെ ഭക്ഷണം. അപ്പോൾ അത് നമുക്ക് ദഹനക്കേട് ഉണ്ടാക്കുകയില്ല. നേരെ മറിച്ച് അവനവനു വേണ്ടി വേല ചെയ്ത് അവനവനു വേണ്ടി ധനം സമ്പാദിച്ച് അവനവനു വേണ്ടി പാചകം ചെയ്തു ജീവിക്കുമ്പോൾ ആ അന്നം അസുഖത്തിനു കാരണമാകുന്നു.
കടപ്പാട്
Subscribe to:
Post Comments (Atom)
No comments:
Post a Comment