Saturday, March 4, 2023
ഒരേയൊരു പൂവിനെ ആശ്രയിച്ച് ആനന്ദം കണ്ടെത്താൻ സാധിക്കും? അതുപോലെ ആയിപ്പോകരുത് നമ്മുടെ ജീവിതലക്ഷ്യങ്ങൾ. മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന രക്ഷിതാക്കൾ മക്കൾ വിട്ടുപോകുമ്പോഴോ മരണപ്പെട്ടു പോകുമ്പോഴോ ലക്ഷ്യമില്ലാത്ത അവസ്ഥയിലാകില്ലേ? മുന്നിലുള്ള ലക്ഷ്യം ഒരിക്കലും നഷ്ടപ്പെടുന്നത് ആകരുത്. ഒരു വ്യക്തിയോടുള്ള ഇഷ്ടമോ ചില വിഷയങ്ങളോടുള്ള ഇഷ്ടമോ ഒന്നും ജീവിതലക്ഷ്യം ആകുന്നില്ല.
ഒരു പൂവിനെ മാത്രം ആശ്രയിക്കുമ്പോഴല്ലേ പ്രശ്നം. പൂക്കളെ സ്നേഹിക്കുന്നതായാൽ മുന്നിലെ ലക്ഷ്യം ഒരിക്കലും നഷ്ടപ്പെടുന്നില്ല. ശരീരത്തെ മാത്രം കാണുമ്പോഴല്ലേ പ്രശ്നം. ആത്മപ്രകാശത്തെ കാണേണ്ടതുണ്ട്. എല്ലാ ജീവജാലങ്ങളിലൂടെയും നാമരൂപമാർന്നു പ്രകാശിച്ചു നിൽക്കുന്ന ഈശ്വരചൈതന്യത്തെ സ്നേഹിക്കണം. അതാണ് നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള ശാശ്വത ലക്ഷ്യം. നാളെ നശിച്ചുപോകുന്ന ഈ ശരീരത്തെ ലക്ഷ്യംവച്ചു നാം അനുഭവിക്കുന്ന ആനന്ദമെല്ലാം എത്ര നിസാരമാണ്. ശരീരം നശിച്ചാലും നശിക്കാതെ നിൽക്കുന്ന ആത്മാവിനെ സ്നേഹിക്കുമ്പോൾ അത് ഈശ്വരീയമായ ജീവിത ലക്ഷ്യമാണ്. അത് എത്ര മഹത്തരമാണ്.
കുടുംബത്തിനു വേണ്ടി മാത്രം ജീവിക്കുന്നൊരാൾക്ക് കുടുംബം നശിക്കുമ്പോൾ ലക്ഷ്യം നഷ്ടപ്പെടുന്നു. സമൂഹവും ജീവജാലങ്ങളും സ്വന്തം കുടുംബം ആകുമ്പോൾ ഒരിക്കലും ലക്ഷ്യം നഷ്ടപ്പെടുന്നില്ല. രൂപം ഏതായാലും ലക്ഷ്യം ആത്മാവാണല്ലോ? ഇവിടെ നമ്മുടെ അധികാരപരിധിയിലാണല്ലോ നമ്മുടെ പ്രശ്നം! അത് വസ്തുവിലാണോ? ശരീരത്തിലാണോ? ബന്ധങ്ങളിലാണോ? സമ്പത്തിലാണോ? പരിധികൾക്കുള്ളിൽ നമ്മുടെ പ്രശ്നം ഇരിക്കുന്നു. പരിധികൾ അസ്തമിക്കുകയാണെങ്കിൽ ആത്മാവിൻറെ ദർശനം ശാന്തി തരുന്നുണ്ട്!
നമ്മുടെ അധികാരത്തിൻറെ പ്രശ്നം നോക്കൂ. വീടും വസ്തുവും സ്വന്തം പേരിൽ എഴുതിയ ശേഷം അതിൻറെ അധികാരിയായി നാം ഇരിക്കുന്നു. അതേ വസ്തുവിൽ വളർന്നുവന്ന പൂവൻകോഴി അത് തൻറെ അധികാരത്തിലുള്ള ഭൂമിയാണെന്ന ഭാവത്തിൽ മറ്റു പക്ഷികളെയും അന്യവീട്ടിലെ കോഴിയെയും കൊത്തി ഓടിക്കുന്നു. അതേ വസ്തുവിലെ മരത്തിൽ കൂടുവച്ചിരിക്കുന്ന പക്ഷികളാകട്ടെ അത് തങ്ങളുടെ ഭൂമിയെന്ന് കരുതുന്നു. അതേ വസ്തുവിൽ സ്ഥിരതാമസം ആക്കിയ ഒരു പട്ടിയാകട്ടെ അതുവഴി വരുന്ന മറ്റു പട്ടികളെ വിരട്ടി ഓട്ടിച്ച് തൻറെ അധികാരപരിധി കടത്തി വിടുന്നു. മാളങ്ങളിൽ കഴിയുന്ന ജീവികളും ഇപ്രകാരംതന്നെ തങ്ങളുടെ അവകാശം പറയുന്നുണ്ട്.
ഈ "ഭൂമിയുടെ അവകാശികൾ" ആരാണെന്ന് നിശ്ചയമില്ല. എല്ലാവരും അവരവരുടെ ശരീരമാകുന്ന കൂട് ഉപേക്ഷിച്ചു പോകുമ്പോൾ അവകാശങ്ങളും അധികാരങ്ങളും ബന്ധങ്ങളും മറ്റൊരിടത്തേയ്ക്ക് വച്ചു മാറുകയും ചെയ്യും. ഈ സ്ഥലകാലസീമകളുടെ മായയിൽ പെട്ടിരിക്കുകയാണ് നാം. ഈ ത്രിഭുവന സീമകടന്നു നിൽക്കുന്ന ആത്മചൈതന്യത്തെ അറിവോടെ ആരാധിക്കേണ്ടതുണ്ട്. ഭൂമിയിൽ കാണാത്ത ഈശ്വരനെ സ്വർഗ്ഗത്തിലോ പിതൃലോകത്തിലോ കാണാമെന്നു വരുന്നില്ല. ഏതെങ്കിലും ഒരു ലോകത്തിൻറെ സീമകൾക്കുള്ളിൽ ഒതുങ്ങുന്ന ബന്ധങ്ങളോ ഈശ്വരനോ സത്യമായിരിക്കുകയില്ല.
ഈശ്വരൻ ത്രിഭുവനസീമകളും ഈ ശരീരസീമകളും കടന്നു നിൽക്കുന്ന അനന്തതയാകുവാനേ തരമുള്ളൂ. അനന്തത എപ്പോഴും എങ്ങും എല്ലാത്തിലും ഒരുപോലെ നിറഞ്ഞിരിക്കുകയും വേണം. എങ്ങനെയെന്നാൽ അനന്തമായ ആകാശം എല്ലാ വസ്തുക്കളിലും വ്യാപിച്ചിരിക്കുന്നതുപോലെ. രൂപം ഏതായാലും ഉള്ളിലെ ആകാശം ഒന്നാണ് എന്നതുപോലെയാണ് നമ്മുടെ ശരീരങ്ങളും ആത്മാവും തമ്മിലുള്ള ബന്ധം. അതിനാൽ എങ്ങും നിറഞ്ഞിരിക്കുന്ന ആത്മചൈതന്യത്തെ ഭൂമിയിൽ വച്ചുതന്നെ ഈ ജന്മംകൊണ്ട് സാക്ഷാൽക്കരിക്കാമല്ലോ?
"ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
കപടയതിക്കു കരസ്ഥമാകുവീലെ-
ന്നുപനിഷദുക്തിരഹസ്യമോർത്തിടേണം." (ആത്മോപദേശശതകം)
ഓം
Subscribe to:
Post Comments (Atom)
No comments:
Post a Comment