Wednesday, March 8, 2023

"ആയിരം കോടി അനന്തൻ നീ ആനന- മായിരവും തുറന്നാടു പാമ്പേ!" ആയിരം കലത്തിൽ പൊങ്കാല ഇടുമ്പോൾ ആയിരവും ഏകമായ ആദർശത്തിനു വേണ്ടിയാകുന്നു. അതാണ് ഭക്തിയുടെ ആനന്ദം. ആയിരംകോടി ജീവന്മാരിലും ഒരേ സമയം ആനന്ദമായിരിക്കുന്ന പൊരുൾ! അതാണ് സമത്വമാർന്ന പുരോഗതി. പലരും പലതിനു വേണ്ടി പ്രവർത്തിച്ച് പല സുഖം അനുഭവിക്കുന്നതും എല്ലാവരും ഒരേ ആദർശത്തിനു വേണ്ടി പ്രവർത്തിച്ച് ഒരേ സുഖം അനുഭവിക്കുന്നതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്. കുടുംബം നോക്കുന്നതും സമൂഹത്തെ സേവിക്കുന്നതും തുടങ്ങി നാം എന്തെല്ലാം ചെയ്യുന്നുണ്ടോ അതെല്ലാം ഈശ്വരനു വേണ്ടി എന്ന് ചിന്തിക്കുന്നതും തനിക്കു വേണ്ടി എന്നു ചിന്തിക്കുന്നതും തമ്മിലുള്ള വ്യത്യാസം. നാം സ്വന്തം ശരീരത്തിനു വേണ്ടിയോ സ്വന്തക്കാർക്കു വേണ്ടി മാത്രമോ ആയി ഒരു പ്രവൃത്തി ചെയ്യുമ്പോൾ അത് ഏകമായ ആദർശത്തിനു വേണ്ടി ആയിരിക്കില്ല. ഏകമായ ആദർശം ഈശ്വരനോ ആത്മാവോ മാത്രമാണ്. സ്വാർത്ഥമായ ആദർശം ശരീരത്താലോ ലോകസീമകളാലോ വിഭജിക്കപ്പെടുന്നു. എന്താണ് നമ്മുടെ ജീവിതാദർശം? പാശ്ചാത്യർ ഭൗതികപുരോഗതിയുടെ മുകൾതട്ടിൽ എത്തിയിട്ടും എന്തു കുറവു തോന്നിയിട്ടാണ് ആന്തരികമായ പുരോഗതി തേടി കാലങ്ങളായി ഭാരതത്തിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്? പുരോഗതിയുടെ ആദർശം ഭൗതികമാണെങ്കിൽ അതുണ്ടാകില്ലായിരുന്നു. പുരോഗതിയുടെ ആദർശം ആന്തരികമായ അവബോധം ആയതുകൊണ്ടാണ് കൊട്ടാരസുഖങ്ങൾ പോലും ഉപേക്ഷിച്ചുകൊണ്ട് ഇവിടെ രാജാക്കന്മാർ തപോഭൂമിയിലേയ്ക്ക് പോയിരിക്കുന്നത്. ഭൗതികസമ്പത്തിനു വേണ്ടി തമ്മിൽ തല്ലുകയും തമ്മിൽ ചതിക്കുകയും ചെയ്യുന്നതാണോ പുരോഗതി? അതോ ഭൗതികസുഖങ്ങളുണ്ടായിട്ടും അതെല്ലാം സഹോദരങ്ങൾക്കും പ്രജകൾക്കും ആത്മസാക്ഷാൽക്കാരത്തിനും വേണ്ടി ത്യാഗം ചെയ്യുന്നതാണോ പുരോഗതി? ത്യാഗമാണ് പുരോഗതിയുടെ മാനം. ഇതിൽ ഇപ്പോൾ നമ്മുടെ ജീവിതാദർശം ഏതാണെന്നു നോക്കൂ. ശരീരം, മനസ്സ്, ബുദ്ധി, അഹങ്കാരം, ആത്മാവ്, ഈശ്വരൻ, ലോകം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളുണ്ട്. നാം ഇതിൽ എന്തിനെ സത്യമെന്നു കരുതുന്നുവോ അതിനെ ജീവിതാദർശമാക്കി അതിനു വേണ്ടി ജീവിക്കുന്നു. ഏന്തിനു വേണ്ടി ജീവിക്കുന്നുവോ അതിനു വേണ്ടി നാം പ്രശ്നം സൃഷ്ടിക്കുന്നു. എന്തിനു വേണ്ടി ജീവിച്ചാലാണോ പ്രശ്നം ഇല്ലാതെ ജീവിക്കാനാകുന്നത് അത് മനുഷ്യ പുരോഗതിയുടെ പരമമായ ആദർശമായിരിക്കും. കളിച്ചു ചിരിച്ചു നടക്കുന്ന കുട്ടികൾക്ക് ശരീരവും ആഹാരവും കളിയും ശരീര സൗന്ദര്യവുമാണ് ശ്രദ്ധാവിഷയം. അവർ ശരീരത്തിൽ സുഖം കണ്ടെത്തുമ്പോൾ അവരുടെ അച്ഛനമ്മമാരോ? അവർ ശരീരസംബന്ധിയായ ലോകക്കാഴ്ചയിൽ നിന്നു വിട്ടു പോന്നിരിക്കുന്നു. മാനസികമായ ലോകക്കാഴ്ചകളിലാണ് ജീവിക്കുന്നത്. അതിനാൽ സ്നേഹബന്ധങ്ങളാണ് അവിടെ പ്രധാനം. സ്വന്തം ശരീരത്തെ ശ്രദ്ധിച്ചു ജീവിക്കുന്ന കുട്ടികൾക്ക് ആ പ്രായത്തിൽ അച്ഛനമ്മമാരെ ശ്രദ്ധിക്കാൻ സാധിക്കില്ല. എന്നാൽ അച്ഛനമ്മമാരാകട്ടെ മക്കൾ, കൂട്ടുകാർ, വയസ്സായ അച്ഛനമ്മമാർ എന്നിവരോടുള്ള സ്നേഹബന്ധം കാരണം അവർക്കു വേണ്ടി പ്രവർത്തിക്കുന്നു. ഇവിടെ പുരോഗതിയുടെ മാനം നോക്കുമ്പോൾ ശരീരത്തിനു വേണ്ടി ജീവിക്കുന്ന കുട്ടികളെ അപേക്ഷിച്ച് മാനസിക ബന്ധങ്ങളിൽ ജീവിക്കുന്ന മുതിർന്നവർ വളർന്നിട്ടുണ്ട്. എന്നാൽ സ്വന്തം കുടുംബം നോക്കാതെ മദ്യപിച്ചും അന്യബന്ധങ്ങളിൽപ്പെട്ടും ശരീരസുഖത്തിൽ വീണു ജീവിക്കുന്നവർ അത്രത്തോളം പോലും വളർന്നിട്ടില്ലെന്നർത്ഥം. ശരീരം, മനസ്സ് എന്നീ രണ്ട് തലങ്ങളിലെ ജീവിതത്തിലും പ്രശ്നങ്ങളുണ്ട്. അങ്ങനെയാണ് ജീവൻ ശരീരത്തെ ആശ്രയിച്ചു സുഖം കണ്ടെത്താൻ സാധിക്കില്ല എന്ന് തിരിച്ചറിയുന്നത്. തുടർന്ന് മാനസിക ബന്ധങ്ങളെ ആശ്രയിച്ചു സുഖം കണ്ടെത്താൻ സാധിക്കില്ല എന്ന് തിരിച്ചറിയുന്നത്. അപ്പോൾ മറ്റൊരു ആശ്രയം വേണ്ടി വരുന്നു. ആ മറ്റൊരാശ്രയം ഈശ്വരനാണ്, അത് ആത്മാവാണ്. ശരീരത്തിനു വേണ്ടി ജീവിച്ചവർ സ്നേഹബന്ധങ്ങളുടെ പ്രശ്നങ്ങളെ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. അതൊരു കുറവാണ്. ബന്ധങ്ങൾക്ക് വിലകൊടുക്കുന്നവരുടെ തണലിലാണ് ബന്ധങ്ങൾക്ക് വിലകൊടുക്കാതെ ശരീരസുഖങ്ങളിൽ മതിമയങ്ങുന്നവർ ജീവിക്കുന്നത്. കുട്ടികൾ മുതിർന്നവരുടെ തണലിൽ ആടിപ്പാടി മുടി ചീകിയും കണ്ണാടി നോക്കിയും പൗഡറണിഞ്ഞും സൗന്ദര്യം നോക്കി ജീവിക്കുന്നതുപോലെ. നമ്മുടെ ആദർശം മാറുന്നതിനനുസരിച്ച് നമ്മിൽ നിന്നുള്ള കുഴപ്പങ്ങളും കുറയുന്നു. അതായത് ശരീരസുഖത്തിനു വേണ്ടി മാത്രം ജീവിക്കുന്നവർക്ക് ജനങ്ങളെ വഞ്ചിച്ച് അഴിമതി നടത്താൻ സാധിക്കും. മറ്റ് ലോകങ്ങളെ ചൂഷണം ചെയ്ത് സ്വന്തം സാമ്രാജ്യം വിസ്തൃതിപ്പെടുത്താം എന്ന ഹിംസയുടെ ആദർശമാണത്. നാം അവരെ ചരിത്രപുരുഷന്മാരായി പഠിപ്പിക്കുന്നു. എന്നാൽ സഹോദരങ്ങളോ കൂട്ടുകാരോ തമ്മിൽ കളിപ്പാട്ടത്തിനു വേണ്ടിയോ ആഹാരത്തിനു വേണ്ടിയോ തുണിക്കു വേണ്ടിയോ അടികൂടുന്നതു കണ്ടാൽ നാം അവരെ ചരിത്രപുരുഷന്മാരെ കാണുന്നതുപോലെ അല്ല കാണുക. ഗുണദോഷിക്കും. മൃഗങ്ങളെ പോലെ അന്യമനുഷ്യരെയും അന്യരാജ്യത്തെയും തകർത്ത് സ്വന്തം സുഖം തേടുന്നത് പുരോഗതിയുടെ ശരിക്കും പ്രാകൃതമായ മൃഗീയതലമാണ്. മാനസികമായ നന്മയുടെ വളർച്ചയാണ് പുരോഗതിയുടെ രണ്ടാം ഘട്ടം. അവിടെ സാമമാർഗ്ഗം കാണാം. ശരീരങ്ങൾ തമ്മിലുള്ള ബന്ധം മാറി മനസ്സുകൾ തമ്മിലുള്ള ബന്ധമാണ് അവിടെ കാണുക. ശരീരത്തെ കടന്നു നിൽക്കുന്ന മാനസിക നന്മകളുടെ വളർച്ചയാണ് അവിടെ ജീവിതസുഖങ്ങളുടെ ആദർശം. സ്നേഹബന്ധങ്ങളുടെ സ്വാർത്ഥതയുടെ പേരിലായിരിക്കും അവിടെ അസൂയയും കുശുമ്പും വിരഹവും കലഹവും പ്രശ്നങ്ങളുയർത്തുന്നത്. മൂന്നാമത്തെ തലം ആത്മാവിൻറെയോ ഈശ്വരൻറെയോ ആശ്രയംകൊണ്ട് ജീവിതസുഖം കണ്ടെത്തുന്ന ആദർശത്തിൻറെതാണ്. ശരീരത്തെ ആശ്രയിക്കുന്നവർ അതിനു വേണ്ടി പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ, മാനസിക ലോകത്തിൽ ബന്ധങ്ങളെ ആശ്രയിച്ച് സുഖം കണ്ടെത്തുന്നവർ ബന്ധങ്ങളുടെ പേരിൽ പ്രശ്നങ്ങളുണ്ടാക്കുമ്പോൾ ആത്മാവിനെ ആശ്രയിച്ച് സുഖം കണ്ടെത്തുന്നവർക്ക് പ്രതിയോഗി ഉണ്ടായിരിക്കുന്നില്ല. തനിക്ക് താൻതന്നെ ആശ്രയമാകുമ്പോൾ എന്തിനു വേണ്ടി ലോകത്തെ വഞ്ചിക്കണം? എന്തിനു വേണ്ടി പ്രജകളെ വഞ്ചിക്കണം? എന്തിനു വേണ്ടി ഭാര്യയെയോ ഭർത്താവിനെയോ വഞ്ചിക്കണം? എന്തിനു വേണ്ടി പ്രകൃതിയെയോ ജീവജാലങ്ങളെയോ ചൂഷണം ചെയ്യണം? നാം പുരോഗമിച്ചു എന്നു പറയുകയും പ്രകൃതിയെ നശിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ യഥാർത്ഥത്തിൽ പുരോഗമിച്ചവരുടെ ആദർശം എന്താണെന്നോ? അവർ "എല്ലാവരും ആത്മസഹോദരർ എന്നല്ലേ ചൊല്ലേണ്ടത്" എന്ന് പറയും. കാവുകളെയും കാടുകളെയും തീർത്ഥങ്ങളെയും അവർ ഭക്തിയോടെ സംരക്ഷിക്കുന്നു. പ്രകൃതിയെ ഈശ്വരിയായി കണ്ട് പൂജിക്കുന്നവരുടെ ആദർശം ഈശ്വരീയമാണ്. എന്നതിനാൽ അവരിൽ പ്രകൃതിസ്നേഹം ഉണർത്തുവാൻ ബോധവൽക്കരണം നടത്തുന്ന കഠിനപ്രയത്നം വേണ്ടി വരുന്നില്ല. ഒരാൾ ശരീരസുഖമാകുന്ന ഭൗതികാദർശത്തിൽ നിന്നുയർന്ന് ലോകംനിറഞ്ഞു പ്രകാശിക്കുന്ന ഈശ്വരനെ സ്വന്തം ആത്മാവായി കണ്ട് ആരാധിക്കുവാൻ തുടങ്ങിയാൽ അയാളിൽ നിന്ന് ലോകത്തിന് ഉപകാരമല്ലാതെ ഉപദ്രവം ഉണ്ടാകുകയില്ല. സ്വന്തക്കാരെയും സ്വന്തം ശരീരത്തെയും സ്വന്തം സമ്പത്തിനെയും മാത്രം സ്നേഹിക്കാൻ കഴിയുന്ന ഒരാളുടെ ആദർശം എന്താണ്? എല്ലാവരും ആത്മസഹോദരർ എന്ന ഭാവത്തിൽ എങ്ങും നിറഞ്ഞുനിൽക്കുന്ന ഈശ്വരനെ സ്നേഹിക്കാൻ കഴിയുന്ന ആദർശം എന്താണ്? സ്വാർത്ഥതയാണോ നിസ്വാർത്ഥതയാണോ മനുഷ്യപുരോഗതിയുടെ ശരിയായ മാനം? മുന്നിൽ കാണുന്നത് ഈശ്വരനെയാണോ ശത്രുമിത്രാദികളെയാണോ? ബന്ധുവും ശത്രുവുമെല്ലാം ശരീരത്തെ കാണുമ്പോഴുള്ള അറിവാണ്. ബന്ധവും വിയോഗവുമെല്ലാം മാനസികബന്ധങ്ങൾക്കാണ്. എല്ലാവരിലും ഒന്നുപോലെ എന്തുണ്ടോ അത് ആത്മാവിൻറെയോ ഈശ്വരൻറെയോ ദർശനമാണ്! കടപ്പാട്

No comments:

Post a Comment