Saturday, March 11, 2023
ആയുർവേദത്തിലാകട്ടെ ജ്യോതിഷത്തിലാകട്ടെ മന്ത്രത്തിലാകട്ടെ തന്ത്രത്തിലാകട്ടെ വാസ്തുവിലാകട്ടെ എല്ലാത്തിലും അവയ്ക്ക് ആധാരമായ ദർശനം ഉണ്ട്. ദർശനം സിദ്ധിച്ചാൽ ശാസ്ത്രം സ്വയം സൃഷ്ടിക്കാവുന്നതാണ്. ദർശനം സിദ്ധിച്ചിട്ടാത്തവർക്ക് ശാസ്ത്രഗ്രന്ഥങ്ങളെ പഠിക്കേണ്ടതുണ്ട്. ദർശനം എന്താണെന്ന് കണ്ടെത്തുംവരെ മാത്രമേ ശാസ്ത്രപഠനത്തിൻറെ ആവശ്യം വരുന്നുള്ളൂ. ദർശം സിദ്ധിച്ച ആൾ അത് ലോകരോട് പറയുമ്പോഴാണ് അത് ശാസ്ത്രം ആകുന്നത്. അപ്പോൾ ശാസ്ത്രം പഠിക്കുന്നയാൾ ദർശനം ആണ് കണ്ടെത്തേണ്ടിവരുന്നത്.
ശാസ്ത്രം പഠിക്കാൻ വ്യാകരണവും നിരുക്തവും തുടങ്ങിയ വിദ്യകളുടെ അഭ്യാസം മതിയാകും. എന്നാൽ ദർശനം സിദ്ധിക്കുന്നതുവരെ ശാസ്ത്രപഠനം കൊണ്ട് അർത്ഥം ശരിയായി ഗ്രഹിക്കപ്പെടുന്നില്ല. ശാസ്ത്രം എന്ന വാക്കുകൊണ്ട് ഒരുവിഭാഗം പണ്ഡിതർ സ്വയം കൊടുക്കുന്ന നിർവചനം അവരുടെ സിദ്ധാന്തത്തിനും അവരുടെ അന്വേഷണസമ്പ്രദായത്തിനും ഇണങ്ങുന്നതായിരിക്കും. എന്നാൽ സ്വന്തം ശാസ്ത്ര നിർവചനം കൊണ്ട് ദർശനത്തിൽ നിന്നുണ്ടായ ഭാരതീയ ശാസ്ത്രങ്ങളെ ചോദ്യം ചെയ്യരുതല്ലോ?
ദർശനം സിദ്ധിക്കാത്തതുകൊണ്ടാണ് ശാസ്ത്രവാക്യങ്ങൾക്ക് വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ടാകുന്നത്. ദർശനം സിദ്ധിച്ചയാളാണ് ഗുരു. ഗുരുമുഖത്തു നിന്നു കേൾക്കുമ്പോൾ ശാസ്ത്രാർത്ഥം വ്യക്തമാകും. ദർശനം സിദ്ധിക്കാത്ത വ്യാകരണപണ്ഡിതൻറെ നിരുക്തമാകട്ടെ തെറ്റിദ്ധാരണകളെ പഠിപ്പിക്കുന്നതായി കണ്ടെന്നും വരാം.
ശ്രദ്ധയാണ് ഇവിടെ ആവശ്യം. 'ശ്രദ്ധ'യ്ക്ക് നാം പൊതുവെ കൊടുക്കുന്ന അർത്ഥമല്ല ദർശനതലത്തിലുള്ള അർത്ഥം. ഒരു യാഗം നടത്തുമ്പോൾ കർമ്മം ചെയ്യുന്നയാൾ ശുദ്ധസങ്കല്പത്തോടെ ഈശ്വരനെ ശ്രദ്ധിച്ചിരുന്നാൽ അദ്ദേഹത്തിന് ശാന്തിയനുഭവപ്പെടും. അത് ശ്രദ്ധയുടെ ഫലമാണ്. നേരെ മറിച്ച് മറ്റൊരാളുടെ ശ്രദ്ധ തൻറെ ആജന്മശത്രുക്കളിലാണെങ്കിലോ? തൻറെ യാഗത്തിൻറെ ഫലമായി ശത്രുക്കൾക്ക് എന്ത് ദോഷം വരുന്നുണ്ട് എന്നാകും നോക്കുക. ഇതും ശ്രദ്ധയുടെ ഫലമായ അശാന്തിയാണ്.
ഇതാണ് ശ്രദ്ധ എന്ന വാക്കിൻറെ ശരിയായ അർത്ഥം. ചെവി കൂർപ്പിച്ച് കേട്ടിരിക്കുന്നു എന്നതല്ല ശ്രദ്ധ. എന്ത് കേൾക്കാൻ ഇഷ്ടപ്പെടുന്നു, എന്ത് കാണാൻ ഇഷ്ടപ്പെടുന്നു, എന്ത് വിഷയം അന്വേഷിക്കുന്നു എന്നതെല്ലാമാണ് ശ്രദ്ധ. മണ്ണിൽ കിടക്കുന്ന സ്വർണ്ണം ചികഞ്ഞ് ദൂരെ എറിഞ്ഞിട്ട് ധാന്യമണി കൊത്തിത്തിന്നുന്ന പക്ഷിയുടെ ശ്രദ്ധ അതാണ്. മനുഷ്യൻ സ്വർണ്ണം ചികഞ്ഞെടുക്കുന്നു. ചില മനുഷ്യർ സ്വർണ്ണത്തെ പോലും ഗ്രഹിക്കാതെ വൈരാഗ്യത്തോടെ കണ്ട് കടന്നു പോകുന്നു. ധനനേട്ടത്തിൽ ശ്രദ്ധയുള്ളയാളെ നമ്മുടെ തോട്ടത്തിലേയ്ക്ക് വിളിച്ചുകൊണ്ടു പോയാൽ തെങ്ങിൻറെ വിളവു നോക്കും. എത്ര തെങ്ങുണ്ട് എത്ര തേങ്ങ കിട്ടും എന്നെല്ലാം ചോദിക്കും. പ്രകൃതിഭംഗിയിൽ ശ്രദ്ധയുള്ളയാൾ അവിടെ നിൽക്കുന്ന മരങ്ങളുടെ വളവും വൈവിദ്ധ്യവും കണ്ട് ആസ്വദിച്ചു സംസാരിക്കും. ആത്മധ്യാനത്തിൽ ശ്രദ്ധയുള്ളയാളിൽ ആ പ്രകൃതി മുഴുവനും ഗുരുരൂപത്തിൽ നിന്നരുളുകയാണെന്നുള്ള ആദരവു വന്നേയ്ക്കും. ഇതെല്ലാം ശ്രദ്ധമാറുന്നതിൻറെ ഫലമായ അറിവുകളാണ്.
ശ്രദ്ധ എന്നത് ജന്മാന്തരഗതമായി ജീവനിലുള്ള സംസ്ക്കാരമാണ്. അത് നമുക്ക് കൊടുക്കാൻ കഴിയില്ല. അദ്ധ്യാപകന് കൊടുക്കാൻ കഴിയുന്നതല്ല ശ്രദ്ധ. അദ്ധ്യാപകൻ എന്തു പറഞ്ഞാലും കുട്ടി തൻറെ ശ്രദ്ധാവിഷയം മാത്രമേ മനസ്സിലാക്കുകയുള്ളൂ. ചില വിഷയം പറയുമ്പോൾ ചില കുട്ടികൾ പ്രതികരിക്കില്ല. മറ്റു ചില വിഷയം പറയുമ്പോൾ മറ്റു കുട്ടികൾ പ്രതികരിക്കുകയും ചെയ്യുന്നത് ശ്രദ്ധയിലുള്ള വ്യത്യാസമാണ്. സഹപ്രവർത്തകർ ഒരുമിച്ച് ഓഫീസിൽ ഇരിക്കുമ്പോൾ എന്ത് പറയുന്നു എന്നത് ശ്രദ്ധാവിഷയമാണ്. ചിലർക്ക് ചില വിഷയങ്ങളിൽ ശ്രദ്ധകാണില്ല. അവർ അത്തരം കാര്യങ്ങളുടെ ചർച്ച ശ്രദ്ധിക്കാറില്ല.
ആത്മവിഷയത്തിൽ ശ്രദ്ധ ഉറച്ചുകഴിഞ്ഞവരാണ് സന്ന്യാസികൾ. അങ്ങനെയുള്ളവർ ശാസ്ത്രം പഠിപ്പിച്ചു കഴിഞ്ഞാൽ വിഷയം മാറിപ്പോകില്ല. അവർ ഒരു വേദാന്തഗ്രന്ഥത്തിന് ആമുഖം എഴുതിയാൽ ശ്രദ്ധാവിഷയം മാറിപ്പോകില്ല. നാം എന്ത് പഠിച്ചാലും എന്ത് വായിച്ചാലും എന്ത് പഠിപ്പിച്ചാലും നമ്മുടെ ശ്രദ്ധയാണ് അവിടെ ഇടപെടുന്നത്. ശ്രദ്ധയെ കുറിച്ച് 'കഠോപനിഷത്തി'ലും 'ഭഗവദ്ഗീത'യിലും എടുത്ത് പറയുന്നുണ്ട്. ശ്രദ്ധാവാന് ജ്ഞാനം സിദ്ധിക്കുന്നത് ശ്രദ്ധയുടെ ഫലമായാണ്.
ധർമ്മബോധം ഇല്ലാത്ത ഒരു രാഷ്ട്രീയക്കാരനെ സ്കൂൾ കലോത്സവത്തിന് വേദിയിൽ ക്ഷണിച്ചാൽ അവിടെ നിന്ന് കൊച്ചു കുട്ടികളോട് അദ്ദേഹം തൻറെ ശ്രദ്ധാവിഷയമായ രാഷ്ട്രീയം പ്രസംഗിച്ചെന്നു വരും. രാഷ്ട്രീയക്കാരനായ ഒരു അദ്ധ്യാപകൻ താൻ പഠിപ്പിച്ച വിദ്യാർത്ഥികളുടെ രാഷ്ട്രീയം നോക്കി അവരുടെ ശരിതെറ്റുകൾ വ്യാഖ്യാനിച്ചെന്നു വരും.
മഹാഭാരതമോ രാമായണമോ വായിക്കുന്ന ഒരാൾക്ക് അതിൽ ബ്രാഹ്മണാധിപത്യമോ ആര്യാധിനിവേശമോ ആണ് കാണാൻ കഴിയുന്നതെങ്കിൽ അത് ശ്രദ്ധയുടെ ഫലമാണ്. മറ്റൊരാൾക്ക് ഇതിഹാസങ്ങൾ വായിക്കുമ്പോൾ ധർമ്മം, അർത്ഥം, കാമം, മോക്ഷം ഇവയെ കുറിച്ച് വ്യക്തമായ ദർശനം സിദ്ധിച്ചെന്നു വരും. ശ്രദ്ധയുടെ ഫലമാണത്. ഒരാൾ ചോദിക്കും ശ്രീകൃഷ്ണൻ ജീവിച്ചിരുന്നോ അതോ കല്പിതകഥാപാത്രമാണോ? മറ്റൊരാളാകട്ടെ ശ്രീകൃഷ്ണ ഭഗവാനെ ധ്യാനിച്ചും ജപിച്ചും ഈശ്വരീയമായ അനുഭൂതി ദർശിക്കുന്നു. രണ്ടും ശ്രദ്ധയുടെ ഫലമാണ്. വേദാന്തകൃതി വായിച്ചാലും ഗുരുക്കന്മാരുടെ വിശുദ്ധചരിതങ്ങൾ വായിച്ചാലും ഒരാളുടെ ശ്രദ്ധാവിഷയം വിവാദവിഷയങ്ങളാണെങ്കിൽ അത്തരത്തിൽ മാത്രമേ മനസ്സിലാക്കുകയോ വ്യാഖ്യാനിക്കുകയോ ഉള്ളൂ. "ഈ ജീവൻ ശ്രദ്ധാമയൻ ആണ്" എന്ന് ശ്രുതികൾ പറയുന്നത് ശരിയാണ്.
ഇത്തരത്തിൽ, ശ്രദ്ധമാറുന്നതിനനുസരിച്ചാണ് നമ്മുടെ കർമ്മങ്ങളുടെയും ശാസ്ത്രാർത്ഥങ്ങളുടെയും എല്ലാം വ്യാഖ്യാനം പലവഴിയായി മാറിപ്പോകുന്നത്. ശ്രദ്ധ ശുദ്ധമാകണമെങ്കിൽ ഏതൊരു വിദ്യയും ഈശ്വരോപാസനയോടു കൂടി പഠിക്കേണ്ടതുണ്ട്. ഉള്ളിലെ കാമക്രോധങ്ങളെ യമനിയമങ്ങൾകൊണ്ട് അടക്കാതെ എങ്ങനെയാണ് ശുദ്ധസങ്കല്പവും ശ്രദ്ധയും സാധിക്കുക? നല്ലൊരു ഉപാസകയ്ക്കോ നല്ലൊരു ഉപാസകനോ ഏതു ശാസ്ത്രത്തിൻറെയും ദർശനതലം കണ്ടെത്താൻ സാധിക്കും.
ആത്മാവിൽ ശ്രദ്ധ ഉണ്ടായാൽ പിന്നെ എല്ലാം സ്വയം വെളിപ്പെട്ടുകൊള്ളും. എന്തെന്നാൽ ആത്മാവ് മറ്റൊന്നല്ലല്ലോ? സ്വയം അറിയാൻ എന്താണ് തടസ്സം! ശ്രദ്ധയുണ്ടായിട്ടില്ല എന്നതുമാത്രമാണ് തടസ്സമെന്നു കാണാം. ശിഷ്യൻ ആത്മവിഷയത്തിൽ ശ്രദ്ധയോടു കൂടി ആത്മാവിൽ ശ്രദ്ധയോടുകൂടിയ ഗുരുക്കന്മാരെ ശരണം പ്രാപിക്കണം. അപ്പോൾ അന്യവിഷയങ്ങളുടെ വിവാദങ്ങൾ വന്ന് പരസ്പരം ശ്രദ്ധയെ ചിതറിക്കുകയോ ഉള്ളിൽ കാമക്രോധങ്ങളെ ഉണർത്തുകയോ ഇല്ല.
ശ്രദ്ധയെ ആത്മവിഷയത്തിൽ പിടിച്ചുനിർത്താനാണ് മന്ത്രജപാദി സാധനകളെല്ലാംതന്നെ. ശ്രദ്ധയുണ്ടായാൽ അത് മറ്റൊന്ന് അല്ലാത്തതിനാൽ സ്വരൂപം സ്വയം വെളിപ്പെട്ടുകൊള്ളും. ശ്രദ്ധ അന്യവിഷയങ്ങളിൽപ്പെട്ട് ചിതറിപ്പോകുമ്പോൾ എല്ലാം സംശയത്തോടു കൂടിയേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ശ്രദ്ധ ആത്മാവിൽ എത്തുമ്പോൾ അത് അന്യവസ്തു അല്ലാത്തതിനാലാണ് സ്വരൂപമായി വെളിപ്പെടുന്നത്. അപ്പോൾ അത് ആരെങ്കിലും പറഞ്ഞുതരുന്നതല്ല.
ഇതാണ് ശ്രദ്ധ എന്ന പദത്തിൽ വെളിപ്പെടുന്ന ഋഷിദർശനം. ഇവിടെ ശാസ്ത്രങ്ങളെല്ലാം ദർശനങ്ങളിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. ശാസ്ത്രങ്ങളിൽ നിന്ന് ദർശനം ഉണ്ടാകുന്നതല്ല. ശാസ്ത്രം ലോകരുടെ വിദ്യയ്ക്കു വേണ്ടിയാണ്. ദർശനം സാധിച്ചവരാണ് അത് ചെയ്യുന്നത്. ശ്രദ്ധ മാറുമ്പോൾ ദർശനം സാധിക്കുന്നില്ല. ശ്രദ്ധയ്ക്ക് അനുസരിച്ചാണ് നാം ശാസ്ത്രങ്ങളെ വ്യാഖ്യാനിക്കുന്നത്. അതുകൊണ്ടാണ് ദർശനം സിദ്ധിച്ച ഗുരുമുഖത്തു നിന്നും ശാസ്ത്രാർത്ഥം പഠിക്കേണ്ടി വരുന്നത്.
ഉള്ളിലെ കാമക്രോധങ്ങളാകുന്ന കളങ്കമെല്ലാം അകന്നു പരിശുദ്ധി നേടണം. എന്നാൽ മാത്രമേ ശാസ്ത്രാർത്ഥം ഗുരുമുഖത്തു നിന്നായാലും ശരിയായി ഗ്രഹിക്കാൻ സാധിക്കുകയുള്ളൂ. ഉപാസനയോടു കൂടി മനഃശുദ്ധി കൈവരിച്ച് ശാസ്ത്രം പഠിക്കുക. ദർശനം ഉണ്ടാകുന്നതുവരെ പഠനവും ഉപാസനയും ഗുരുപൂജയും ഒരേ സമയം തുടരണം. ഉപാസനാമൂർത്തിയെത്തന്നെ ഗുരുസ്ഥാനത്ത് കാണാവുന്നതുമാണ്. ദർശനം ഉണ്ടാകുമ്പോഴാണ് അതുവരെ വായിച്ചു കഴിഞ്ഞ ശാസ്ത്രങ്ങളുടെ എല്ലാം അർത്ഥം ഒന്നായി വെളിപ്പെടുന്നത്. അതുവരെ എല്ലാം അവ്യക്തമോ സംശയാസ്പദമോ കേട്ടുകേൾവിയോ മാത്രമായിരിക്കും!
കടപ്പാട്
Subscribe to:
Post Comments (Atom)
No comments:
Post a Comment