Monday, March 13, 2023
മനുഷ്യൻ സമൂഹ ജീവി.
ഒറ്റയ്ക്ക് ഏതെങ്കിലും ഒരു കാര്യം ചെയ്യാൻ സാധിക്കുമോ? ആരെങ്കിലും കൃഷി ചെയ്തു വിളവെടുത്ത ഭക്ഷണം ആരെങ്കിലും പാചകം ചെയ്തു തരണം. ആരെങ്കിലും വീടും പരിസരവും വൃത്തിയാക്കണം. ആരെങ്കിലും കച്ചവടത്തിനായി ഉല്പാദിപ്പിച്ച വാഹനം വാങ്ങി ഓടിക്കണം. വഴിയിൽ ബോധം കെട്ടു വീണാൽ ആരെങ്കിലും ആശുപത്രിയിൽ എത്തിക്കണം. മരങ്ങളും പുഴകളും കിളികളും മലകളും കാടുകളും നല്ല മനസ്സുള്ളവരും ഇങ്ങനെ പലരും പലതും ചെയ്തു പരസ്പരം സഹായിക്കുന്നു. ഇതിൽ ഒന്നായിരിക്കും നമ്മുടെ സേവനം.
ഇങ്ങനെ പലരുടെയും സഹായത്തോടു കൂടിയാണ് നാം നമ്മുടെ വേല ചെയ്യുന്നത്. ആരും ഒറ്റയ്ക്ക് ഒന്നും ചെയ്തതായി വരുന്നില്ല. ലോകത്തെ മുഴുവൻ മറന്നുകൊണ്ടു മാത്രമേ ഒരാൾക്ക് താൻ ചെയ്ത പ്രവൃത്തിയുടെ ശുഭ ഫലത്തിൽ അഹങ്കരിക്കാൻ സാധിക്കുകയുള്ളൂ.
ലോകത്തോടും ലോകരോടും ഭക്തിയുള്ളവരായിരിക്കേണ്ടതുണ്ട്. പുഴയോടും മലയോടും വനങ്ങളോടും ജീവജാലങ്ങളോടും ആദരവുണ്ടാകേണ്ടതുണ്ട്. മനുഷ്യർക്ക് മാത്രമായി ഭൂമിയിൽ ജീവിക്കാൻ സാധിക്കില്ല. മനുഷ്യർക്ക് ജീവിക്കാൻ ഇവിടെ ആവാസവ്യവസ്ഥ ഒരുക്കുന്നതിൽ പ്രകൃതിയിലെ ഓരോ അണുവും സൃഷ്ടിയായും സ്ഥിതിയായും സംഹാരമായും കൂടെ പ്രവർത്തിക്കുന്നുണ്ട്. പരസ്പരം ആശ്രയിച്ച് നിലനിൽക്കുന്ന ഭൂമിയെ പരസ്പരം ആദരിച്ചുകൊണ്ടു വേണം നിലനിർത്തേണ്ടത്.
ഇത് ധർമ്മബോധമാണ്. നമ്മുടെ നിലനില്പിന് ആധാരമായ ധർമ്മത്തെ കുറിച്ച് ബോധം ഉണ്ടാകുമ്പോൾ ജീവിതം ധർമ്മാനുസരണം ക്രമീകരിക്കപ്പെടുന്നു. അങ്ങനെ ഈശ്വരനെയും ഗുരുജനങ്ങളെയും പിതൃക്കളെയും സമൂഹത്തെയും ജീവജാലങ്ങളെയും പ്രകൃതിയെയും പൂജിക്കുക എന്നത് ജീവിതത്തിൻറെ ഭാഗമാകേണ്ടിയിരിക്കുന്നു. നമ്മെ സംരക്ഷിക്കുന്നവരെ നാം സംരക്ഷിക്കുമ്പോൾ ആ ഒരു ധർമ്മത്തിൽ നമുക്ക് പരസ്പരം നിലനിന്നുപോകാൻ സാധിക്കുന്നു.
അച്ഛനമ്മമാർ വഴിവിട്ട ജീവിതം നയിക്കാതെ അധ്വാനിച്ച് കുടുംബം നോക്കുന്നതുകൊണ്ട് കുട്ടികൾക്ക് പഠിക്കാനും കളിക്കാനും കറങ്ങിനടക്കാനും അലസമായി കിടന്നുറങ്ങാനും സമയവും ശക്തിയും കിട്ടുന്നു. ഇന്ന് അധ്വാനിക്കുന്നവർ നാളെ അധ്വാനിക്കാതെയാകുമ്പോൾ വൃദ്ധരായ അച്ഛനമ്മാരെ മക്കൾക്ക് അധ്വാനിച്ചു നോക്കേണ്ടതുണ്ട്. അതിനാൽ അച്ഛനമ്മമാരുടെ ഇന്നത്തെ അധ്വാനത്തിൻറെ ഫലമാണ് കുട്ടികളുടെ നാളത്തെ ജീവിതത്തിന് അടിസ്ഥാനം കെട്ടുന്നതെന്നു കാണാം. അവർ ഇന്നത്തെ സമയം ശരിയായി വിനിയോഗിച്ച് പഠിക്കാമെന്നുണ്ടെങ്കിൽ നാളത്തെ സമയം ശരിയായി അധ്വാനിച്ച് സ്വന്തം ധർമ്മം പാലിക്കാൻ സാധിക്കും.
ധർമ്മബോധം ഉളള ജനങ്ങൾക്കു മാത്രമേ കുടുംബത്തെയും നാടിനെയും പ്രകൃതിയെയും ജീവജാലങ്ങളെയു പരസ്പരം ഇണക്കി ഭരിക്കാൻ സാധിക്കുകയുള്ളൂ. ഒന്നും ഒന്നിൽനിന്ന് വേർപെട്ടല്ല ഇരിക്കുന്നത്. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഈ ലോകത്തിൽ എവിടെ ഒരു കുഴപ്പം നടന്നാലും അത് ആകെ സിസ്റ്റത്തെയും ബാധിക്കുന്നു. നമ്മിൽ നല്ലൊരു ആശയം ഉണർന്നാൽ അത് ലോകരുടെ മനസ്സിലും പ്രകൃതിയുടെ താളത്തിലും നന്മയുടെ അലകൾ ഉയർത്തുമല്ലോ? നമ്മുടെ ഉള്ളിൽ തിന്മയുണർന്നാലോ? അതാകും ലോകത്തിലേയ്ക്കും വിക്ഷേപിക്കപ്പെടുക. ഭക്തികൊണ്ടും ധർമ്മത്തിൽ അധിഷ്ഠിതമായ ജീവിതയജ്ഞം കൊണ്ടും വേണം ലോകധർമ്മം സംരക്ഷിക്കപ്പെടേണ്ടത്. ഭക്തിയില്ലാതെവരുമ്പോൾ ജീവജാലങ്ങളിലോ പ്രകൃതിയിലോ മനുഷ്യരിൽത്തന്നെയോ നമുക്ക് ശ്രദ്ധയുണ്ടാകുകയില്ല.
നാം ഭരിക്കുന്ന പ്രദേശത്തെ ഏകമായി കണ്ട് സ്നേഹിക്കണം. അതായത് ഒരു ഭരണാധികാരിയെ സംബന്ധിച്ച് ഭൂമി സ്വന്തം ശരീരം തന്നെയാണ്. സ്വന്തം ശരീരം കാത്തുസൂക്ഷിക്കുമ്പോലെ ഭൂമിയിലെ ഓരോന്നിനെയും തുല്യപ്രാധാന്യത്തോടെ കാണണം. ഭൂമിയുടെ ആത്മാവാണ് ഭരണാധികാരി. കുടുംബത്തിൻറെ ആത്മാവാണ് ഗൃഹനാഥൻ. ശരീരത്തിൻറെ ആത്മാവാണ് ഈശ്വരൻ. എൻറെയെന്നും നിൻറെയെന്നും വേർതിരിവു കല്പിക്കുമ്പോൾ സ്വന്തം വീട്ടിലെ മാലിന്യങ്ങൾ പൊതിഞ്ഞ് കണ്ടവരുടെ പുരയിടത്തിലേയ്ക്ക് എറിയും. സ്വന്തം നാട്ടിലെ സമ്പത്ത് അഴിമതിയിലൂടെ കൊള്ളചെയ്ത് സ്വന്തം നാടിനെ അരാജകത്വത്തിലേയ്ക്ക് നയിക്കും. മന്ത്രിക്ക് മോഷ്ടിക്കാമെങ്കിൽ ഞങ്ങൾക്ക് എന്താ മോഷ്ടിച്ചുകൂടെ എന്നൊരു പ്രജ ചോദിക്കരുതല്ലോ?
ഒറ്റയ്ക്ക് ഒറ്റയ്ക്ക് കാണുമ്പോഴാണ് കുഴപ്പം. നമ്മെ ആരൊക്കെ ചുറ്റും നിന്നു സഹായിക്കുന്നുണ്ട് എന്നതാണ് ലോകവിദ്യാഭ്യാസത്തിലൂടെ ഒരാൾ പഠിക്കേണ്ടത്. അത് ലോകത്തെ കുറിച്ചുള്ള ശരിയായ ധർമ്മജ്ഞാനം ആണ്. ലോകത്തിൻറെ ധർമ്മം അറിയാതെ നമുക്ക് എങ്ങനെയാണ് ഭരണം വ്യവസ്ഥ ചെയ്യാൻ സാധിക്കുക? ധർമ്മം അറിയാതെ എങ്ങനെയാണ് നീതിശാസ്ത്രവും അർത്ഥശാസ്ത്രവും കാമശാസ്ത്രവും മോക്ഷശാസ്ത്രവും നിശ്ചയിക്കുക? ആകെ പ്രപഞ്ചത്തിൽ എന്തൊക്കെ ധർമ്മത്തിലാണ് ഞാൻ എന്നൊരു അഹംബോധം ഈ ഭൂമിയിൽ ഈ ഭൂഖണ്ഡത്തിൽ ഈ പ്രദേശത്ത് ഈ വീട്ടിൽ സുഖമായി ഇരിക്കുന്നത് എന്ന അറിവാണ് ലോകവിദ്യകൊണ്ട് സാധിക്കേണ്ടത്.
എങ്ങനെ അധികം ധനം സമ്പാദിക്കാം എന്നതല്ല പഠനത്തിൻറെ ലക്ഷ്യം. എങ്ങനെ നിലനിൽക്കുന്നു എന്ന ധർമ്മത്തെയാണ് അറിയേണ്ടത്. ധർമ്മം അനുസരിച്ച് ജീവിക്കാൻ കഴിയുക എന്നതാണ് പഠനത്തിൻറെ ലക്ഷ്യം. അറിയുന്നതെല്ലാം ധർമ്മമാണ്. അറിയുന്നതെല്ലാം ഏതൊരു ധർമ്മത്തിലാണ് നിലനിൽക്കുന്നത് എന്ന അറിവാണ് പഠനംകൊണ്ട് സാധിക്കുന്നത്. നാം ഒറ്റയ്ക്ക് ഈ ലോകത്തിൽ ഒന്നും ചെയ്യുന്നില്ല. ഈ ലോകം നമ്മുടെ മാത്രം ചുമലിൽ അല്ല എന്ന അറിവുണ്ടാകുന്നു. നാം നമ്മുടെ ഭാഗം ധർമ്മബോധത്തോടു കൂടി ചെയ്യുന്നു എന്നു വരണം. ഞാൻ ചെയ്യുന്നു എന്ന അഹങ്കാരമാലിന്യത്തെ മാറ്റി ഞങ്ങൾ ചെയ്യുന്നു എന്നു കരുതിയാൽ അണ്ണാൻ കുഞ്ഞും തന്നാലായത് എന്നതുപോലെ നമുക്കും ഈശ്വരനുവേണ്ടി ഈ പാലം പണിയാം.
ഞാൻ എന്ന ഭാവം മാറുമ്പോൾ ജീവിതത്തിൻറെ ഭാരവും കുറയുന്നതായി അനുഭവപ്പെടും. ഞാൻ ആകെ ലോകത്തിലെ ഒരു അവയവമാണെന്നോ ഞാൻ ആകെ ലോത്തിൻറെ ആത്മാവാണെന്നോ കരുതിയാൽ നമുക്ക് ഒരിക്കലും ഈ പ്രപഞ്ചസംവിധാനത്തിൽ സ്വാർത്ഥം പ്രവർത്തിക്കേണ്ടി വരില്ല. സ്വാർത്ഥതയാണല്ലോ ദുരന്തം വിതയ്ക്കുന്നത്? ഗൃഹനാഥൻ സ്വാർത്ഥമായി ജീവിക്കുമ്പോൾ കുടുംബം ദുരന്തത്തിലാകുന്നു. ഭരണാധികാരി സ്വാർത്ഥനാകുമ്പോൾ നാടും ദുരന്തത്തിലാകുന്നു. മനുഷ്യൻ സ്വാർത്ഥനാകുമ്പോൾ മറ്റു ജീവികളും പ്രകൃതിയും ദുരന്തത്തിലാകുന്നു. എല്ലാം താൻ തന്നെയാണെന്ന ആത്മബോധത്തിൽ എല്ലാം ഈശ്വരനാണെന്ന ഭക്തിഭാവത്തിൽ എല്ലാത്തിനെയും ആരാധിക്കേണ്ടതുണ്ട്. ജീവിതം പഞ്ച യജ്ഞമാകേണ്ടതുണ്ട്.
കടപ്പാട്
Subscribe to:
Post Comments (Atom)
No comments:
Post a Comment