Monday, March 20, 2023

ദൂരം ശരീരത്തിനാണ്. അകല്ച മനസ്സിനാണ്. ശരീരം അടുത്താണെങ്കിലും മനസ്സുകൊണ്ട് അകന്നിരിക്കാം. മനസ്സുകൊണ്ട് ഒന്നാണെങ്കിൽ ശരീരം അകലെയാണെങ്കിലും അടുത്താണ്. സ്ഥലകാലദൂരത്തിനപ്പുറത്തുള്ള ഒരു ഋഷിവര്യനിൽ മനസ്സർപ്പിച്ച് ഇരുന്നാൽ നമുക്ക് ശാന്തി അനുഭവപ്പെടും. അടുത്തൊരു മുല്ലമൊട്ടുണ്ടെങ്കിൽ മൂക്കിൽ ആ സുഗന്ധം വന്നെത്തുന്നു. അടുത്ത് അഗ്നിയുണ്ടെങ്കിൽ ത്വക്കിൽ ചൂടുതട്ടുന്നു. എന്നതുപോലെതന്നെ മനസ്സ് എന്തിനെ സങ്കല്പിക്കുന്നുവോ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിദ്ധിക്കുന്നു. ദുഃഖ വിഷയങ്ങളിൽ മനസ്സ് അർപ്പിക്കുന്നവർ ദുഃഖം അനുഭവിക്കുന്നു. സുഖവിഷയങ്ങളിൽ മനസ്സ് അർപ്പിക്കുന്നവർ സുഖിക്കുന്നു. മനസ്സ് ഈശ്വരനിലോ ഋഷിവചനങ്ങളിലോ ഋഷിവര്യന്മാരിലോ അർപ്പിച്ചിരിക്കുന്നവർക്ക് അതിൻറെ ഫലവും സിദ്ധിക്കുന്നു. മനസ്സ് എവിടെയാണോ അവിടെയാണ് നമ്മുടെ ജീവിതാനുഭവം. മനസ്സ് എപ്പോഴാണോ അന്യവിഷയങ്ങളെ വിട്ട് ആത്മാവിൽ ചെന്നു ചേരുന്നത് അപ്പോൾ അറിയുവാൻ മറ്റൊന്ന് ഇല്ലാതെയാകുന്നു. അറിയുവാൻ എന്തെങ്കിലും ഉള്ളപ്പോഴാണ് മനസ്സ് ഇളകുന്നതും ഉടലെടുക്കുന്നതും. അറിയുവാനും പറയുവാനും പരാതികളും അറിവുകളും ഉണ്ടായിരിക്കുന്നു എന്നതിനാൽ നാം ആത്മാവിനെ വിട്ട് അന്യവിഷയങ്ങളുടെ പുറകേ പോകുന്നു. അന്യവിഷയങ്ങളിൽ നിന്നും ശ്രദ്ധ മാറുകയും ആത്മാവിൽ ശ്രദ്ധയുറയ്‌ക്കുകയും ചെയ്യുമ്പോൾ സ്ഥലകാലങ്ങളുടെ ദൂരം സൃഷ്ടിക്കുന്ന ഈ ശരീരവും ഈ മനസ്സും ഈ കർമ്മങ്ങളും അടങ്ങുന്നു. ചലിച്ചുകൊണ്ടിരിക്കുന്ന ചക്രത്തിൻറെ സ്വരൂപം വ്യക്തമാകില്ല. ചലനം നിലയ്ക്കുന്നതിനനുസരിച്ച് സ്വരൂപം തെളിഞ്ഞുതുടങ്ങും. കാലചക്രത്തിൽപ്പെട്ട് കറങ്ങുന്നതിനാൽ നമുക്ക് പലതരത്തിലുള്ള അറിവുകൾ അനുഭവങ്ങളായി വന്നു മറഞ്ഞുകൊണ്ടിരിക്കുന്നു. ഒന്നുമാറി മറ്റൊന്ന് വന്നുപോകുന്നതിനാൽ കഴിഞ്ഞുപോയതൊന്നും ഓർമ്മിക്കാൻ സാധിക്കുന്നില്ല. ഇതൊരു ബുദ്ധിഭ്രമമാണ്. ഈ ഭ്രമത്തിൽ അതാത് സമയത്ത് തങ്ങിനിൽക്കുന്ന കാര്യങ്ങളെയാണ് നാം സ്മൃതി എന്നു പറയുന്നത്. പൂർവ്വാപരബന്ധം മറന്നു പോകുന്നത്ര വേഗത്തിൽ മറ്റനുഭവങ്ങൾ വീണ്ടും വീണ്ടും വന്നു മൂടിക്കൊണ്ടിരിക്കുന്നു. "മേലായ മൂലമതിയാലാവൃതം ജനനി നീ, ലാസ്യമാടിവിടുമീ- കീലാലവായ്വനലകോലാഹലം ഭുവന- മാലാപമാത്രമഖിലം, കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു ലീലാപടം ഭവതി മെയ്- മേലാകെ മൂടുമതിനാ, ലാരുമുള്ളതറി- വീലാഗമാന്തനിലയേ. " (ജനനീ നവരത്നമഞ്ജരി) അതിനാൽ ഈ കാല ചക്രത്തിൽപ്പെട്ടിരിക്കുന്നിടത്തോളം കാലം ജീവന് തൻറെ സ്വരൂപം എന്താണെന്ന് വെളിപ്പെടുകയില്ല. കാലം, ദേശം, നിമിത്തം തുടങ്ങിയ നൂലുകൾകൊണ്ട് തുന്നിയ ഒരു മായാവസ്ത്രം ബുദ്ധിയിൽ സ്മൃതിയായും വിസ്മൃതിയായും വന്നു മൂടിക്കൊണ്ടിരിക്കുന്നു. അതിനാൽ ആരും ഉള്ളത് അറിയുന്നില്ല. അനന്തമായ കാലത്തിൽ ഏതോ ഒരു ബിന്ദുവിലെ ചെറിയൊരു വൃത്തമാണ് നമ്മുടെ ചിത്തവൃത്തികൾ. പൂർവ്വാപരം അറിയാതെ ഭ്രമത്തിൽ പെട്ടിരിക്കുന്ന ഈ ചെറിയ സ്മൃതികൊണ്ട് നാം നമ്മുടെ ജന്മത്തിൻറെ അർത്ഥം തന്നെ ശരിയായി അറിയുകയോ നിർവ്വചിക്കുകയോ ചെയ്യുന്നില്ല. അപൂർണ്ണതാബോധത്തിൽ നിന്നുകൊണ്ട് പൂർണ്ണതയുടെ ഈശ്വരനെ കുറിച്ച് എന്തെങ്കിലും പറയുവാൻ സാധിക്കുമോ? ഒരേയൊരു വഴി എന്താണെന്നോ? അല്പമാത്രം ഗ്രഹിച്ചിരിക്കുന്ന ഈ മനോവൃത്തത്തെ ഇറുത്തെടുത്ത് അനന്തതയിൽ അർപ്പിക്കുക. ഒരു ഉപ്പുകണം എടുത്ത് കടലിൽ ഇടുന്നതുപോലെ ഈ മനസ്സാകുന്ന മലർ കൊയ്തെടുത്ത് അനന്തചൈതന്യത്തിന് സമർപ്പിക്കുക. അതുമല്ലെങ്കിൽ അനന്തതയിൽ ലയിച്ചിരിക്കുന്ന പൂർവ്വ ഗുരുക്കന്മാരെ സ്മരിക്കുക. അതുമല്ലെങ്കിൽ ഇഷ്ടദേവതയ്ക്കോ മന്ത്രത്തിനോ പുരാണങ്ങൾക്കോ മനസ്സിനെ കൊടുക്കുക. മനസ്സ് എവിടെയാണോ അവിടെയാണ് നമ്മുടെ അറിവും അനുഭവവും. മനസ്സാണ് കുഴപ്പമെങ്കിൽ മനസ്സ് കുഴപ്പമില്ലാത്തിടത്ത് അടങ്ങിനിന്നു ശീലിക്കേണ്ടതുണ്ട്. അതിനാണ് ഉപാസനാമാർഗ്ഗം. "മനമലർ കൊയ്തു മഹേശപൂജ ചെയ്യും മനുജനുമറ്റൊരു വേല ചെയ്തിടേണ്ട; വനമലർ കൊയ്തുമതല്ലായ്കിൽ മായാ- മനുവുരുവിട്ടുമിരിക്കിൽ മായ മാറും." (ആത്മോപദേശശതകം) ഇപ്പോൾ നാം അനുഭവിക്കുന്ന കർമ്മഫലങ്ങളായ സുഖങ്ങളെ നാം ജ്ഞാനത്തിൻറെ ഫലമെന്നു തെറ്റിദ്ധരിച്ചുപോകാൻ ഇടയുണ്ട്. അതാണ് മനസ്സിൻറെ ലീല. മരണസമയം എന്ത് സങ്കല്പിക്കുമെന്ന് ആർക്കാണ് നിശ്ചയിച്ചു വയ്ക്കുവാൻ സാധിക്കുക? ഈ കാലചക്രത്തിൽ നമ്മുടെ മനസ്സ് ചുറ്റിവരുന്ന ഓരോ ഡിഗ്രി സ്ഥലത്തിലും അപ്പഴപ്പോൾ ചെയ്ത സങ്കല്പങ്ങളുടെ സംസ്ക്കാരം ശക്തിയായി ഉണ്ടായിരിക്കും. മരണം എവിടെ വച്ചാണോ അവിടെവച്ച് അത്തരം സംസ്ക്കാരത്തിൽ ഒന്ന് ആയിരിക്കും സ്വാഭാവികമായി ഉണർന്നുവന്ന് അടുത്ത ജന്മത്തിന് കാരണമാകുന്നത്. അതിനാൽ നിരന്തരം ഉപാസിക്കുന്ന വിഷയം നമുക്ക് മരണസമയത്ത് തുണയായി വരുകതന്നെ ചെയ്യും. പകയോടെ മരിക്കുന്നവരുണ്ട്. നിരാശയോടെ മരിക്കുന്നവരുണ്ട്. രുചികരമായ ഭക്ഷണം ആഗ്രഹിച്ച് മരിക്കുന്നവരുണ്ട്. നാമജപത്തോടെ മരിക്കുന്നവരുണ്ട്. അതുവരെ ചെയ്തതും സങ്കല്പിച്ചതുമായ കർമ്മങ്ങളുടെ ശക്തിക്ക് അനുസരിച്ചാണ് മരണസമയത്തെ വിചാരം. അത് സ്ഥലകാലകർമ്മബന്ധത്തിലെ ഗണിതയുക്തിയാണ്! നാം ഇപ്പോൾ സങ്കല്പിക്കുകയും ചിന്തിക്കുകയും പറയുകയും ചെയ്യുകയും ജപിക്കുകയും ചെയ്യുന്നതൊന്നും വെറുതേ പോകുന്നില്ല. എല്ലാം സ്ഥലകാലനിമിത്തമായി സംസ്ക്കാരരൂപത്തിൽ പരിണമിക്കുന്നുണ്ട്. ജനനവും മരണവും ശരീരത്തിൻറെ നാശം മാത്രമാണ്. ഈ പൂർവ്വസംസ്ക്കാരത്തിന് ശക്തിയുള്ളിടത്തോളം കാലം ജനിമൃതി ചക്രം തുടർന്നുപോകുകതന്നെ ചെയ്യും. നമ്മുടെ ശരീരവും മനസ്സും ഒരു മാസം തുടർച്ചയായി ഒരുപോലെ ഇരിക്കുന്നുണ്ടോ? മനസ്സ് അസ്വസ്ഥമാകുകയോ പല വിഷയങ്ങളിലേയ്ക്ക് പോകുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് ഈ കാലചക്രത്തിലെ സംസ്കാരത്തിൻറെ ഉണർന്നു വരവിൻറെ ഫലമാണ്. അത്തരം പൂർവ്വസംസ്ക്കാരം ഉള്ളിടത്തോളം കാലം മരണ സമയത്ത് നാം എന്ത് ചിന്തിച്ചു മുന്നോട്ടു പോകും എന്നു തീരുമാനിക്കാനുള്ള അറിവോ സ്വാതന്ത്ര്യമോ നമുക്ക് ഉണ്ടായിരിക്കുന്നില്ല. അത് കാലധർമ്മം ആയി സംഭവിക്കുന്നു. അതിനാൽ ഗുരുക്കന്മാരുടെ ഉപദേശം സ്വീകരിച്ച് ജീവിതത്തെയും ഉപാസനയെയും ധർമ്മം അറിഞ്ഞ് ശരിയായി സമീപിക്കേണ്ടതുണ്ട്. അതാണ് വിവേകം. ഈ നിമിഷത്തിൽ ജീവിക്കുക എന്നത് കഴിഞ്ഞുപോയ നിമിഷങ്ങളിൽ സൃഷ്ടിക്കപ്പെട്ട സംസ്കാരത്തിൻറെ സ്വാഭാവികമായ ചലനശക്തിയുടെ ഫലം മാത്രമാണ്. അങ്ങനെ നാം സ്വപ്രകൃതിക്ക് കീഴ്പ്പെട്ട് ബലാൽ ചിന്തിക്കുകയും ബലാൽ പ്രവർത്തിക്കുകയും ചെയ്യുന്നു. സുഖമോ ദുഃഖമോ നമ്മുടെ കൈകളിൽ അല്ല. രണ്ടും കർമ്മഫലം ആയി കാലത്തിൻറെ കരങ്ങളിൽ ഇരിക്കുകയാണ്. സുഖത്തിനും ദുഃഖത്തിനും സാക്ഷി ആകുക എന്നതാണ് ആത്മോന്മുഖമായ ജ്ഞാനമാർഗ്ഗം. കടപ്പാട്.

No comments:

Post a Comment