Monday, March 6, 2023
എന്നോട് അന്യര്‍ ഇന്നത് ചെയ്തു കൂടാ എന്ന് എല്ലാവര്‍ക്കും നിയമമുണ്ട്.
ആ നിയമം ഇല്ലാതെ ഒരാളും ഈ ലോകത്തില്ല.
എന്‍റെ മക്കള്‍ എന്നോടു പെരുമാറിയത് ശരിയായില്ല.
എന്‍റെ ഭാര്യ പെരുമാറിയത് ശരിയായില്ല.
എന്‍റെ അച്ഛന്‍ പെരുമാറിയത് ശരിയായില്ല.
എന്‍റെ ഭര്‍ത്താവ് പെരുമാറിയത് ശരിയായില്ല.
ഞാന്‍ അവിടെ ചെന്നപ്പോള്‍ ആ ആചാര്യന്‍റെ പെരുമാറ്റം ശരിയായിരുന്നില്ല.
ഇങ്ങനെയെല്ലാം പരാതി മനുഷ്യനുണ്ട്.
യാദൃശ്ചികമായി ആ പെരുമാറ്റം എന്തുകൊണ്ടാണ് എനിക്കു ലഭിച്ചത് എന്ന് ഒരാളും ചിന്തിക്കാറില്ല...
നിക്ഷേപിച്ചതല്ലാതെ ഒന്നും തിരിച്ചെടുക്കാനാവില്ല.
നിങ്ങള്‍ ബാങ്കില്‍ നിക്ഷേപിച്ച തുകയും അതിന്‍റെ പലിശയുമേ നിങ്ങള്‍ക്ക് എടുക്കാനാകൂ.
അതുകൊണ്ട് ആദ്യം ആലോചിക്കേണ്ടത് ഞാന്‍ ഈ ലോകത്തില്‍ അങ്ങനെ നേരത്തേ പെരുമാറിയതാണോ എനിക്ക് ഇപ്പോള്‍ ഇങ്ങനെ ലഭിക്കുന്നത് എന്നാണ്...
ഈ പ്രപഞ്ചത്തിലെ ഓരോ അണുവും അപരിമേയമായ ഒരു ഭഗവദ്ധര്‍മ്മത്തിലാണ് നിലകൊള്ളുന്നതും പ്രവര്‍ത്തിക്കുന്നതും.
അല്ലെങ്കില്‍ ഇത് ഇങ്ങനെ പ്രവര്‍ത്തിച്ചു പോകാന്‍ പറ്റില്ല.
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അനേകയൂഥങ്ങളും ഈ കാണായ ജീവജാലങ്ങളും എല്ലാം ഒരു രാജ്യത്തിന്‍റെയും ഭരണഘടന കൊണ്ടല്ല ചലിച്ചുപോകുന്നത്.
ഈ പ്രപഞ്ചം ഒരു വ്യക്തിയും ഉണ്ടാക്കിയ നിയമം കൊണ്ടല്ല ചലിച്ചുപോകുന്നത്.
കാരണം ആ നിയമങ്ങളൊക്കെ ചോദ്യം ചെയ്യപ്പെടാവുന്നതാണ്.
അതിനെയൊക്കെ സമര്‍ത്ഥമായി അതിജീവിക്കാന്‍ അറിഞ്ഞും അറിയാതെയും വ്യക്തികള്‍ക്ക് പറ്റുന്നുണ്ട്.
ലക്ഷക്കണക്കിന് പോലീസുകാര്‍ ഓടിയാലും അവരുടെ കണ്ണുകള്‍ കാണാതെയും, അവരുടെ കണ്ണുകളെ കാണിക്കാതെയും, കണ്ട അവരുടെ കണ്ണുകളെ അടപ്പിച്ചും, അവര്‍ കണ്ടതിനു മുകളില്‍ അത് കണ്ടവന്‍റെ യുക്തിയെ മാറ്റിമറിച്ചും ഈ ലോകത്ത് എല്ലാ അധര്‍മ്മവും ചെയ്യാന്‍ കഴിയുമെന്നും ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്‍റെ പ്രജകളായ എനിക്കും നിങ്ങള്‍ക്കും നന്നായിട്ടറിയാം.
ഈ ലോകത്ത് അതേ നടക്കൂ – വീട്ടിലായാലും പുറത്തായാലും.
ഈ പ്രപഞ്ചത്തില്‍ ഒരു നിയമമേയുള്ളൂ.
എന്നോട് ഇന്നതൊന്നും ചെയ്യരുത് എന്ന എല്ലാ മനുഷ്യരുടെയും ഉള്ളിലുള്ള ആ ആന്തരികനിയമം.
' ആത്മനോ പ്രതികൂലാനി പരേഷാം ന സമാചരേത് '
അവനവന് ഇഷ്ടമല്ലാത്തതൊന്നും അന്യനോട് പെരുമാറരുത്.
ഈ നിയമം ഓരോ മനുഷ്യന്‍റെയും അനുഭവമാണ്.
ഇത്രയും മാത്രമേ ഈ ലോകത്ത് പഠിക്കാനുള്ളൂ.
ബാക്കി മുഴുവന്‍ ഇതിന്‍റെ വിശദീകരണമാണ്.
ബാക്കി എല്ലാ ലോകനിയമങ്ങളും ഇതിന്‍റെ വിശദീകരണം മാത്രമാണ്.
അറിവുള്ളവരെല്ലാം ഇത് പറഞ്ഞിട്ടുണ്ട്.
യേശുക്രിസ്തു പറഞ്ഞിട്ടുണ്ട് - “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‍വിൻ” – മറ്റുള്ളവര്‍ നിന്നോട് എന്തു ചെയ്യണം എന്ന് നീ ആഗ്രഹിക്കുന്നുവോ അത് നീ മറ്റുള്ളവരോട് ചെയ്യുക. അതേ ചെയ്യാവൂ.
ആധുനികനായ ശ്രീനാരായണഗുരുവും ഇതുതന്നെ പറഞ്ഞിട്ടുണ്ട്...
നിർമ്മലാനന്ദം
ഭക്തർ ഭക്തിവിശ്വാസങ്ങളോടെ ക്ഷേത്രദർശനം നടത്തുന്നു. ക്ഷേത്രദർശനം നടത്തുമ്പോൾ ഈശ്വരദർശനം സാധിക്കുന്നുണ്ടോ എന്നതാണ് വിഷയം. വിഷയസുഖങ്ങൾ ആഗ്രഹിക്കുന്നവർ വിഷയലബ്ധിയിലൂടെ ഈശ്വരദർശനം സാധിക്കുന്നു. വിഷയകാംക്ഷയില്ലാതെ ക്ഷേത്രദർശനം നടത്തുന്നവർ ഈശ്വരദർശനം നടത്തുന്നു.
വിഷയസുഖങ്ങൾ കിട്ടുമ്പോൾ അതിലൂടെ ഈശ്വരാനുഗ്രഹത്തെ ദർശിക്കുന്നവർ വിഷയസുഖങ്ങൾ നഷ്ടപ്പെടുമ്പോൾ ഭഗവാനേ ഞാൻ എന്തു തെറ്റു ചെയ്തു എന്നിങ്ങനെ വിലപിക്കുന്നു. വിഷയസുഖങ്ങളെല്ലാം നശിക്കുന്നതാണ് എന്ന ധർമ്മബോധത്തോടെ ജീവിക്കുന്ന ഭക്തർക്ക് നാശരഹിതമായ ആനന്ദസ്ഥാനമാണ് ഈശ്വരൻ. അതിനാൽ അവരുടെ ജീവിതത്തിൽ എന്തൊക്കെ വന്നാലും നഷ്ടപ്പെട്ടാലും ഈശ്വരനെയോ ജീവിതത്തെയോ പഴിക്കുകയില്ല. ജീവബോധം ഓരോരോ അറിവിനനുസരിച്ചാണ് ജീവിതത്തെ അനുഭവിക്കുന്നതെന്നു വ്യക്തമാകുന്നു. നാം ഏതു വിഷയത്തെ കുറിച്ച് ചിന്തിച്ചാണോ ദുഃഖിക്കുന്നത് അത് മറ്റൊരാളെ സംബന്ധിച്ച് ദുഃഖത്തിന് കാരണമാകുന്നില്ലായിരിക്കാം. വിഷയങ്ങളെ ഏതൊരറിവോടെ സമീപിക്കുന്നു എന്നതിലാണ് ഈ വ്യത്യാസം.
അർത്ഥാർത്ഥിയാകട്ടെ ജ്ഞാനാർത്ഥിയാകട്ടെ ദുഃഖിതരാകട്ടെ ഈശ്വരദർശനത്തിനായി ക്ഷേത്രത്തിൽ എത്തിച്ചേരുമ്പോൾ ക്ഷേത്രപാലകർ എന്താണ് ചെയ്യേണ്ടത്? ക്ഷേത്രചൈതന്യം വർദ്ധിപ്പിക്കാനായി എന്തു ക്രിയയാണ് പ്രധാനമായും ചെയ്യേണ്ടത്? ഏതു യജ്ഞംകൊണ്ടാണ് ഈ ക്ഷേത്രങ്ങളിലെ ചൈതന്യം വർദ്ധിക്കേണ്ടത്? ഭക്തർക്ക് സ്വയം ബോദ്ധ്യപ്പെടണം തങ്ങൾ ഭക്തിയോടെ കടന്നുചെല്ലുന്ന ക്ഷേത്രത്തിൽ ചൈതന്യം ഉണ്ടെന്ന്. വെറും വിശ്വാസം എന്ന നിലയിൽ അല്ല, സ്വന്തം അനുഭവത്തിൽത്തന്നെ.
ജ്ഞാനയജ്ഞവും ദാനയജ്ഞവും കൊണ്ടാണ് ക്ഷേത്രചൈതന്യം വർദ്ധിക്കേണ്ടത്. ക്ഷേത്രത്തിൽ കിട്ടുന്ന ധനത്തിൽ വലിയൊരുഭാഗം എടുത്ത് അവിടെവരുന്ന അവശരായ ഭക്തരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദാനം ചെയ്യണം. അത് ദാനയജ്ഞമാണ്. ഒരു ഭക്തന് താൻ വിശ്വസിച്ച് ദർശനം നടത്തുന്ന ക്ഷേത്രത്തിൽ നിന്നുതന്നെ ഇത്തരത്തിൽ വേണ്ടുന്ന സഹായം ലഭിച്ചാൽ? ആ ക്ഷേത്രത്തിലെ ചൈതന്യം അവനിൽ അങ്ങനെയാണ് അനുഭവത്തിൽ വരേണ്ടത്. ജ്ഞാനം ആഗ്രഹിച്ചെത്തുന്ന ഭക്തൻറെ കാതുകളിൽ ക്ഷേത്രത്തിൽ നിന്നും ഗീതോപനിഷത്തുകളുടെയും ഇതിഹാസപുരാണങ്ങളുടെയും ശ്രുതികൾ വന്നനുഗ്രഹിക്കണം.
ഒരു ക്ഷേത്രത്തിൽ എത്തുന്ന ഭക്തൻറെ ആവശ്യം രണ്ടിലേതായാലും അത് ക്ഷേത്രധർമ്മം എന്ന നിലയ്ക്ക് പരിഹരിക്കണം. ജീവിതത്തിൻറെ ആത്യന്തിക ലക്ഷ്യം ആത്മജ്ഞാനമാണ്. എന്നാൽ വിശന്നു കരയുന്നവന് ആദ്യം ആവശ്യം അന്നമാണല്ലോ? അതിനാൽ ഒരാളെ ആദ്യം ഭൗതികമായി സന്നദ്ധമാക്കേണ്ടതുണ്ട്. ഭൗതികമായി സന്നദ്ധരായവരുണ്ട്. അവർ തങ്ങളുടെ ധനം ദാനം ചെയ്യാൻ മടിക്കുകയും ആഡംബരപൂർവ്വം ധനം സ്വാർത്ഥമായി ചെലവിട്ടു ജീവിക്കുകയും ചെയ്താൽ ഈ ദാനയജ്ഞവും അതിനെ തുടർന്നുള്ള ജ്ഞാനയജ്ഞവും സാധിക്കുകയില്ല. ഈശ്വരസന്നിധിൽ ലഭിക്കുന്ന ധനം എടുത്ത് ഈശ്വരസന്നിധിയിൽ ദാരിദ്ര്യദുഃഖവുമായി വരുന്ന ആളുകളുടെ പ്രശ്നം പരിഹരിക്കാൻ സാധിക്കണം. അങ്ങനെ ആ ക്ഷേത്രചൈതന്യം വർദ്ധിക്കുന്നു. അത് അവിടെ എത്തുന്ന ഭക്തർ അങ്ങനെ അനുഭവിച്ചറിയണം.
ഏതു ക്ഷേത്രമാണോ ഈ ദാനയജ്ഞവും ജ്ഞാനയജ്ഞവും യഥായോഗ്യം ചെയ്യുന്നത് അവിടെ ക്ഷേത്രചൈതന്യം വർദ്ധിപ്പിക്കാനായി മറ്റൊന്നും തന്നെ ചെയ്യേണ്ടിവരുന്നില്ല. ധനം സമാഹരിക്കുന്നതും ധനം വിനിമയം ചെയ്യുന്നതും ഇത്തരത്തിൽ ധാർമ്മികമായിരിക്കുമ്പോൾ അത് ഈശ്വരൻറെ സാന്നിദ്ധ്യത്തെ അനുഭവപ്പെടുത്തിത്തരുന്നു. ആവശ്യത്തിന് ധനവും ആഹാരവും ഉള്ളവനെ സംബന്ധിച്ച് ഇനി ഈശ്വരദർശനം ആണ് വേണ്ടത്. ആവശ്യത്തിന് ഭൗതികസമ്പത്ത് ഇല്ലാത്തവരെ സംബന്ധിച്ച് ഈശ്വരദർശനത്തിനു വേണ്ടി ഭൗതികസാഹചര്യം ഒരുക്കിക്കൊടുക്കേണ്ടതുണ്ട്. ഓരോ ക്ഷേത്രത്തിലെയും ഈശ്വരചൈതന്യം അവിടെവരുന്ന ഭക്തരിലൂടെയും ക്ഷേത്രപാലകരിലൂടെയും ആണ് വെളിപ്പെടേണ്ടത്.
നാം നിത്യവും വണങ്ങുന്ന ക്ഷേത്രത്തിൽനിന്നുതന്നെ നമുക്ക് വേണ്ടുന്ന ആൾസഹായമോ സാമ്പത്തികസഹായമോ ജ്ഞാനസിദ്ധിയോ ലഭിക്കുമെങ്കിൽ ഓരോ ഭക്തനും അതിൽപ്പരം ഈശ്വരസാന്നിദ്ധ്യവും ആനന്ദവും വേറെയുണ്ടോ?
നമ്മുടെ നാട്ടിൽ സമ്പന്നമായ ക്ഷേത്രങ്ങളുണ്ട്. സമ്പന്നമായ ആഘോഷങ്ങൾ നടത്താൻ ശേഷിയുള്ള ക്ഷേത്രങ്ങളുണ്ട്. ഈ ധനവിനിയോഗം ഈശ്വരീയധർമ്മത്തിന് അനുസരിച്ചായാൽ ഇവിടെ വിരോധാഭാസം ഉണ്ടാകുകയില്ല. അതായത് സമ്പന്നരായ ഭരണാധികാരികളും ദരിദ്രരായ പ്രജകളും എന്ന അവസ്ഥ! സമ്പമായ ക്ഷേത്രങ്ങളും ദരിദ്രരായ കുറച്ച് ഭക്തജനങ്ങളും എന്ന വിരോധാഭാസം വരില്ല. മനസ്സുവച്ചാൽ കുറച്ചുകാലം കൊണ്ടുതന്നെ സമുദായത്തിന് പരസ്പരം ഈശ്വരനെ ദർശിച്ച് ഒരുമിച്ച് ഭൗതികമായും ആദ്ധ്യാത്മികമായും ഉയർച്ചപ്രാപിക്കാവുന്നതാണ്. ക്ഷേത്രങ്ങൾക്ക് അത് സാധിക്കും. ധർമ്മബോധമുള്ള, ഈശ്വരാനുഗ്രഹമുള്ള, ത്യാഗബുദ്ധികളായ ക്ഷേത്രപാലകർക്ക് അതു സാധിക്കും. ക്ഷേത്രചൈതന്യം ജ്ഞാനയജ്ഞം കൊണ്ടും ദാനയജ്ഞം കൊണ്ടും പുണ്യാത്മാക്കളുടെ തപസ്സുകൊണ്ടും വർദ്ധിക്കും!
"ക്ഷേത്രങ്ങളോടനുബന്ധിച്ച് വിദ്യാസ്ഥാപനങ്ങൾ തുടങ്ങണം" എന്ന ഗുരൂപദേശം ധാർമ്മികമാണ്. ക്ഷേത്രവരുമാനം കൊണ്ട് സമൂഹത്തിന് ഉപയോഗമുള്ള കാര്യങ്ങൾ ത്യാഗബുദ്ധിയോടെ ചെയ്യാൻ സാധിക്കും. അവിടെ മുടക്കുമുതൽ എന്നത് ഭക്തിയും ത്യാഗവുമാണ്. അവിടെ മൂലധനം ബിസിനസ്സിനല്ല. അധ്വാനിക്കാനുള്ള ആരോഗ്യമുള്ള ഗൃഹസ്ഥർ അവിടെ എത്തി ധനം ഭഗവാന് സമർപ്പിക്കുന്നുണ്ട്. അതെടുത്ത് നാം ത്യാഗം ചെയ്താൽ മാത്രം മതിയാകും. സൗജന്യമായി വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയവ ചെയ്ത് ഈശ്വരസാന്നിദ്ധ്യം അതാത് ക്ഷേത്രങ്ങളിൽത്തന്നെ അവിടെ എത്തുന്ന ഭക്തർക്ക് അനുഭവപ്പെടണം.
ഈ യജ്ഞധർമ്മം ശരിയായി നിർവ്വഹിക്കപ്പെടുന്നിടത്ത് ഈശ്വരസാന്നിദ്ധ്യം ഉണ്ടാകുകതന്നെ ചെയ്യും. ഭക്തർക്ക് പരിഹാരങ്ങളും തേടി സ്വദേശം വിട്ട് പല ക്ഷേത്രങ്ങളിൽ പോകേണ്ടി വരില്ല. ഒരിടത്തിരുന്നുതന്നെ പ്രശ്നങ്ങൾ പരിഹരിച്ച് ഈശ്വരധ്യാനവും തപസ്സും ചെയ്യാനാകും. ക്ഷേത്രവും ക്ഷേത്രപാലകരും ക്ഷേത്രജീവനക്കാരും ഭക്തരും ഒരേ ക്ഷേത്രംകൊണ്ടുതന്നെ അഭിവൃദ്ധിപ്രാപിക്കണം.
കടപ്പാട്
*🪔🛕ഭക്തി മാഹാത്മ്യം🛕🪔*
ഭക്തിയെന്നാൽ ശക്തിയാണ്, ധൈര്യമാണ്, ജീവിക്കാനുള്ള പ്രചോദനമാണ്. എന്തെല്ലാം തടസങ്ങളുണ്ടായാലും, അനേക ജന്മങ്ങൾക്കുശേഷം പണിപ്പെട്ട് ലഭിച്ച മർത്ത്യ ജന്മം ധന്യമാകാൻ ഓരോരുത്തരും സ്വന്തം മനസ്സിൽ അൽപമെങ്കിലും ഭക്തി വളർത്തിയെടുക്കാൻ ശ്രമിക്കേണ്ടതാണ്.
ഭഗവാനിൽ പൂർണ്ണ വിശ്വാസം നമുക്കു വേണം. നാം ഒരു യാത്രയ്ക്ക് ഒരുങ്ങുമ്പോൾ ടിക്കറ്റ് നേരത്തെ തന്നെ ബുക്ക് ചെയ്തു വയ്ക്കാറുണ്ട്. ആ ഒരു ചെറിയ കടലാസ് കഷ്ണം ഉള്ളത് കൊണ്ടു നമുക്കുള്ള സീറ്റ് ആരും എടുക്കുകയില്ല എന്നു വിശ്വസിക്കുന്നില്ലേ? അത്രയും വിശ്വാസം എന്തു കൊണ്ടു ഭഗവാനിൽ വയ്ക്കുന്നില്ല? പ്രാർത്ഥന എന്ന ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ നമുക്കുള്ളത് തീർച്ചയായും നമുക്കു തന്നെ കിട്ടും എന്ന വിശ്വാസം വേണം; ദൃഡമായ വിശ്വാസം.
ദൃഡ വിശ്വാസവും ഭക്തിയും ഭഗവാനിൽ നമുക്കും വരണം. അത് പോലെ അന്യ ചിന്തകളൊക്കെ വിട്ടിട്ടു ഭഗവാനെ തന്നെ ചിന്തിക്കണം. അങ്ങനെയായാൽ നമ്മുടെ ജീവിതവും വിജയിക്കും.
ഭക്തന്മാർ ഒരിക്കലും തോൽക്കുന്നില്ല. അവരുടെ ദൃഢ വിശ്വാസം അവരെ സദാ രക്ഷിക്കുന്നു. എന്ത് നടന്നാലും അത് ഭഗവാന്റെ ഇഷ്ടം എന്ന് കരുതിയിരിക്കുക. ആര്, എന്തു ഭക്തിയോടെ കൊടുത്താലും ഭഗവാൻ സ്വീകരിക്കുന്നു. ഭഗവാൻ നൽകുന്ന ആളിന്റെ സ്ഥിതിയെയോ, അല്ലെങ്കിൽ വസ്തുവിന്റെ ഗുണത്തിനെയോ നോക്കുന്നില്ല. അതിലുള്ള ഭക്തിയെ മാത്രമാണ് കണക്കാക്കുന്നത്. തനിക്കുള്ളത് എല്ലാം തന്നെ ഭഗവാനുകൊടുക്കണം എന്ന ഭാവം ഉണ്ടാകണം. ഭഗവാനോട് പ്രീതി ഉണ്ടാവണം. തനിക്ക് എത്ര പ്രയാസങ്ങൾ ഉണ്ടായാലും, തന്നെ ആശ്രയിക്കുന്നവർക്ക് സന്തോഷം കിട്ടണം എന്നു വിചാരിക്കുന്ന ഉത്തമമായ ഭക്തി ഉണ്ടാകണം. ഭഗവാന് ഭക്തരിൽ യാതൊരു ഭേദവും ഇല്ല.
'നാസ്തി തേഷു ജാതി വിദ്യാ രൂപ കുലാദി ഭേദഃ'
തന്റെ ഭക്തന്മാരിൽ കുലമോ, ജാതിയോ, വിദ്യയോ ധനമോ തുടങ്ങിയ യാതൊരു ഭേദവും ഭഗവാൻ നോക്കുന്നില്ല. ഭക്തി മാത്രമാണ് ഭഗവാൻ ഗണിക്കുന്നത്.
യാതൊരു ചിന്തയും ഇല്ലാതെ ഭഗവാനെ മാത്രം ചിന്തിച്ചിരുന്ന നമ്മെ ഭഗവാൻ ഒരിക്കലും കൈവെടിയുകയില്ല. ഭഗവാനു പ്രീതിയോടെ അർപ്പിച്ചു സ്വീകരിച്ചാൽ അതു നമ്മേ ശുദ്ധീകരിക്കും. ഭഗവാനു നൽകാനുള്ള മനോഭാവം ഉണ്ടാവണം. നാം നൽകുന്നത് സ്വീകരിക്കാൻ ഭഗവാൻ കാത്തിരിക്കുകയാണ്. ഭഗവാൻ ഭക്തിക്കു മയങ്ങുന്നു. ഭക്തിയോടെ നാം എന്തു കൊടുത്താലും അതു ആർത്തിയോടെ സ്വീകരിക്കുന്നു. വിദുര പത്നി സ്വയം മറന്നു പഴത്തിനു പകരം തൊലിയാണ് കൊടുത്തത്. എന്നാൽ ഭഗവാനും ബോധം ഇല്ലായിരുന്നു. വിദുര പത്നിയുടെ ദിവ്യ പ്രേമത്തിൽ മയങ്ങി അതു ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നു. (ഭക്തിയിൽ സ്വയം മറക്കണം. നമ്മുടെ ഭക്തി ഭഗവാനെയും മയക്കുന്നതാകണം. വിദുരരുടെ പത്നിക്കു അതു പോലെ ആഴമായ ഭക്തി ഉണ്ടായിരുന്നു). നാം നല്കുന്ന വസ്തുക്കൾ ആ കരുണാസാഗരന് എത്ര ആഗ്രഹത്തോടെ സ്വീകരിക്കുന്നു! ഭഗവാൻ സ്വീകരിക്കാൻ തയ്യാറായി നില്ക്കുകയാണ്. നൽകാനാണ് ആളില്ലാത്തത്! നാമ്മുടെ നിവേദ്യമൊക്കെ വെറും ചടങ്ങുകളായി തീരുകയാണ്. നാം ഇനിയെങ്കിലും നമ്മളുടെ ചിന്തകളെ ഭാഗവാനിലേക്ക് തിരിക്കണം. നാം തരുന്നതും കാത്തു ആ കരുണാസാഗരൻ ആകാംക്ഷാ പൂർവ്വം ഇരിക്കുകയാണ്. ആ സ്നേഹനിധിയെ നാം അലക്ഷ്യപ്പെടുത്തരുത്. അദ്ദേഹം വർഷിക്കുന്ന കൃപാധാരയ്ക്ക് പകരമായി നമുക്ക് മറ്റെന്താ ചെയ്യാൻ കഴിയുക? വീട്ടിലെ കുഞ്ഞുങ്ങൾക്ക് എത്ര വാല്സല്യത്തോടെയും ശ്രദ്ധയോടെയും ആണ് നാം ഭക്ഷണം നൽകുക. അതു പോലെ ഭഗവാനെ വീട്ടിലെ ഒരംഗമായി കണക്കാക്കുക! ഒരു പഴം കഴിക്കുകയാണെങ്കിൽ പോലും നാം അതു ശരിയായി പാകം എത്തിയോ എന്നു നോക്കിട്ടാണ് കഴിക്കുന്നത്. അതേ പോലെ ഭഗവാനു നേദിക്കുന്ന സമയത്തും പാകത്തിന് പഴുക്കാത്ത ഫലങ്ങൾ നേദിക്കരുത്. ഹൃദയ പൂർവമായി ഭഗവാനെ സ്നേഹിച്ചാൽ ഭഗവാനോടുള്ള നമ്മുടെ സമീപനവും മാറും.
കർമ്മങ്ങൾ ചെയ്യുന്നത് കൊണ്ടു നാം ഭക്തിയിൽ നിന്നും അകലുന്നില്ല. ചെയ്യുന്ന കർമ്മങ്ങൾ ഭഗവാന് വേണ്ടി ചെയ്തു കൊണ്ടിരുന്നാൽ മാത്രം മതി ഭഗവാനെ മുറുകെ പിടിക്കണം. ഒരു ക്ഷണം പോലും ഭഗവാനെ മറക്കരുത്. മറക്കേണ്ട ആവശ്യവും ഇല്ല. സദാ സർവദാ കൃഷ്ണ സ്മരണം ചെയ്യണം. 'എന്നെ മാത്രം ചിന്തിച്ചു കൊണ്ടു, മറ്റു ചിന്തകളെ വെടിഞ്ഞു ആരാണോ എന്നെ ആരാധിക്കുന്നത്, അവരുടെ യോഗവും ക്ഷേമവും ഞാൻ വഹിക്കുന്നു' എന്നു ഭഗവാൻ ഗീതയിൽ പറയുന്നു. യോഗം എന്നാൽ കിട്ടാൻ പ്രയാസമായത് കിട്ടുന്നത്. ക്ഷേമം എന്നാൽ അതിനെ സംരക്ഷിക്കുന്നത്.
ഭഗവാൻ നമുക്കു ഒരു ജന്മത്തിനു മുഴുവനും വേണ്ട കൃപ ചെയ്യാൻ കാത്തിരിക്കുന്നു. പക്ഷേ നാം അപ്പപ്പോൾ ഉള്ള ആവശ്യത്തിനു അനുസരിച്ചു ഫലം ആഗ്രഹിക്കുന്നു ഭഗവാൻ നമുക്കു നല്ലത് തന്നെ ചെയ്യുന്നു. നാം അതു മനസ്സിലാക്കി വരുന്നതെന്തും സന്തോഷത്തോടെ സ്വീകരിക്കണം. ഓരോരുത്തരും അവരവരുടെ ഗൃഹത്തിൽ ഇരുന്നുകൊണ്ട് നാമജപം ചെയ്യേണ്ടതാണ്. നാമം ജപിക്കുന്ന സമയത്ത് നമ്മുടെ മറ്റു ചിന്തകൾ നമ്മിൽ നിന്നും അകന്നു നില്ക്കും.
ഭഗവാൻ തന്നെയാണ് ഗതി. ആത്മാവ് ഭഗവാന്റെ സ്വന്തമാണ്, നമ്മുടേതല്ല. എപ്പോൾ ആത്മാവ് തന്നെ ഭഗവാന്റെയാകുമ്പോൾ, ഈ ശരീരം, ഇന്ദ്രിയങ്ങൾ, മനസ്സ്, ആ ശരീരത്തെ ആധാരമാക്കിയുള്ള ജീവിതം എല്ലാം തന്നെ ഭഗവാന്റെ ചുമതലയാണ്. അത് കൊണ്ടു നിശ്ചിന്തയോടെ, നിർഭയത്തോടെ ജീവിതം നയിക്കണം. എന്നും ഉണരുമ്പോൾ ഹൃദയം പുഷ്പിക്കണം. അതിനു എന്നും ഭഗവത് ധ്യാനം ചെയ്യണം. യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത ഒരു വിഷയമാണ് ഭഗവത് ധ്യാനം. ഏറ്റവും സുഖകരമായ ഒന്നാണ് അത്. മനസ്സ് ഇപ്പോഴും ഭഗവാനെ തന്നെ ഓർക്കണം. എന്നാൽ ആനന്ദം അനുഭവിക്കാം. ഭക്തി വളരെ ശ്രേഷ്ടമാണ്.🙏
ലോകപ്രസിദ്ധമായ_ആറ്റുകാൽ_പൊങ്കാല
"അനന്തപുരിയിൽ വാഴുന്ന അഭീഷ്ട വരദായിനി ആയ ജഗദമ്മക്ക് വേണ്ടി നാളെ ലക്ഷോപലക്ഷങ്ങൾ പൊങ്കാല അർപ്പിക്കും. നാളെ അനന്തപുരി ഒരു യാഗശാലയായി മാറും".
"രാവിലെ 10.30ന് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടു കൂടി ചടങ്ങുകൾ ആരംഭിക്കും. തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നും ദീപം പകർന്ന് മേൽശാന്തി പി കേശവൻ നമ്പൂതിരിക്ക് കൈമാറും. മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പിൽ തീ പകർന്ന ശേഷം അതേ ദീപം സഹ മേൽശാന്തിക്ക് കൈമാറും".
"സഹമേൽശാന്തി ക്ഷേത്രത്തിന് മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്ക് തീ പകരും. ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദ്യം". 🙏🏼
എല്ലാ ഭക്തജനങ്ങൾക്കും കരിയം ദേവീക്ഷേത്രട്രസ്റ്റിന്‍റെ ആറ്റുകാൽ പൊങ്കാല ആശംസകൾ
#സർവ്വമംഗള_മംഗല്യേ
#ശിവേ_സർവ്വർത്ഥ_സാധികേ
#ശരണ്യേ_ത്രയംബകേ_ഗൗരി
#നാരായണി_നമോസ്തുതേ🙏🏼
ഇതാണ് പ്രപഞ്ചത്തിന്റെ പരമകാരണത്വം
ഇതി വേദാന്തഡിണ്ഡിമ:
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
പ്രപഞ്ചത്തിന്റെ പരമകാരണത്തെക്കുറിച്ചുള്ള അന്വേഷണമാണു സത്യാന്വേഷണം.ശക്തിസ്പന്ദനം മുതൽ സൂര്യചന്ദ്രാദി സൗരയൂഥഘടകങ്ങൾ വരെ ജഗത്തായിക്കാണപ്പെടുന്ന എല്ലാ കാഴ്ചകളും ഏതിലോ ഉണ്ടായി നിലനിന്നു മറയുന്ന കാഴ്ചകളാണ്. ഇവ ഏതിൽ പൊന്തിവരുന്നു;ഏതിൽ നിലനിൽക്കുന്നു;ഏതിൽ തിരിച്ചു ലയിക്കുന്നു എന്ന ചിന്തയാണു പരമകാരണചിന്ത. അങ്ങനെ ഒരു പരമകാരണം കണ്ടെത്താത്തിടത്തോളം പ്രപഞ്ചമെന്ന കടംകഥ ഒരിക്കലും അഴിഞ്ഞുകിട്ടുകയില്ല.അപ്പോൾ ഒരു പരമകാരണം ഉണ്ടായേ പറ്റൂ.പരമകാരണം എന്തുതന്നെയായാലും അതിനു ചില സവിശേഷതകൾ അംഗീകരിക്കേണ്ടിവരും. അതു മറ്റൊന്നിൽ നിന്നു ജനിച്ചതാകാൻ പറ്റില്ല.മറ്റൊന്നിൽ നിന്നു ജനിക്കുന്നതിനു പരമകാരണത്വം സാദ്ധ്യമല്ല.മറ്റൊന്നിൽ നിന്നു ജനിച്ചു എന്നു വന്നാൽ ആ മറ്റൊന്നായിരിക്കും പരമകാരണം.അതുകൊണ്ടു പരമകാരണം എപ്പോഴും അജമായിരുന്നേ പറ്റൂ.ജനിക്കാത്തതാണെങ്കിൽ അതു മരിക്കുകയില്ല. അതുകൊണ്ടു പരമകാരണം
അമരമായിരുന്നേ പറ്റൂ. ജനിക്കാത്തതും മരിക്കാത്തതുമാണെങ്കിൽ അതിനു മറ്റൊരു രൂപവികാരവും സാദ്ധ്യമല്ല. അതുകൊണ്ടു പരമകാരണം നിർവികാരമായിരുന്നേ പറ്റൂ. പരമകാരണം രണ്ടുണ്ടാകാൻ പറ്റില്ല. രണ്ടുണ്ടെന്നു വന്നാൽ രണ്ടിനും മാറിമാറി നിൽക്കാൻ ഇടമരുളുന്ന മറ്റൊന്നിനെ അംഗീകരിക്കേണ്ടി
വരും. അപ്പോൾ പരമകാരണം ആ മറ്റൊന്നാണെന്നു തീരുമാനിക്കേണ്ടതായും വരും. അതുകൊണ്ടു പരമകാരണം അദ്വയമായിരുന്നേ പറ്റൂ. ഇങ്ങനെ അജവും അമരവും നിർവികാരവും അദ്വയവുമായ ഒന്നിനു മാത്രമേ പരമകാരണത്വം സംഭവിക്കൂ.
ഇനിയും ജഗത്തിനിങ്ങനെയൊരു പരമകാരണമുണ്ടെന്നു വന്നാൽ അതിൽനിന്ന് യഥാർഥത്തിൽ ഒന്നിനും ജനിക്കാനേ സാദ്ധ്യമല്ല. യഥാർഥത്തിൽ ജനിക്കുക എന്നു പറഞ്ഞാൽ വികാരപ്പെടുക എന്നാണർഥം. ജനിക്കാത്ത നിർവികാരമായ ഒന്നിൽനിന്ന് വികാരരൂപമായ ജനനം എങ്ങനെ സംഭവിക്കാനാണ്. മറ്റൊന്നു ജനിക്കുന്നേ ഇല്ലെങ്കിൽ പിന്നെ അതിന്റെ നില
നില്പിന്റെയും ലയത്തിന്റെയും പ്രശ്നം ഉദിക്കുന്നുമില്ല. അപ്പോൾ ജഗത്തിനൊരു പരമകാരണമുണ്ടെങ്കിൽ അതിലീ ജനനമരണരൂപങ്ങളായ നാനാത്വങ്ങൾ എങ്ങനെ സംഭവിക്കുന്നു ? അതിനുള്ള ഉത്തരമാണു "മായ'.
എന്താണു മായ ? പദാർഥമൊന്നുമില്ലാതെ അതുണ്ടെന്നു തോന്നിക്കുന്ന വസ്തുശക്തിയാണു മായ.കയറിൽ പാമ്പുണ്ടെന്നു തോന്നും പോലെ.മരുഭൂമിയിൽ വെള്ളമുണ്ടെന്നു തോന്നും പോലെ കയറിനു ചലനമോ വികാരമോ ഒന്നും സംഭവിക്കാതെ അതിൽ പാമ്പുണ്ടെന്നു തോന്നുന്നു. അതുപോലെ മരുഭൂമിയിൽ വെള്ളവും. കയറിൽ പാമ്പിനെ കാണുമ്പോൾ അങ്ങനെ തോന്നിക്കാനുള്ള ഒരു ശക്തി കയറിനുണ്ടെന്നൂഹിക്കാം. അതുപോലെ വെള്ളമുണ്ടെന്നു തോന്നിക്കാനുള്ള ശക്തി മരുഭൂമിക്കുമുണ്ടെന്നൂഹിക്കാം. ഇങ്ങനെയുള്ള കാരണകാര്യഭാവങ്ങളെയാണു വേദാന്തം വിവർത്തകാരണകാര്യഭാവമായി വിവരിക്കു
ന്നത്. കയറിൽ പാമ്പിനെക്കാണുന്നത് മായകൊണ്ടുള്ള വിവർത്തകാരണ കാര്യഭാവമാണ്. കയറ് വിവർത്തകാരണം. പാമ്പ് വിവർത്തകാര്യം. കാരണത്തിനു വികാരമോ ചലനമോ സംഭവിക്കാതെ കാര്യമുണ്ടെന്നു തോന്നുന്നിടത്താണു വിവർത്തകാരണകാര്യഭാവം. അങ്ങനെ പ്രപഞ്ചത്തിന്റെ പരമകാരണത്തിനും പ്രപഞ്ചമെന്ന കാര്യത്തിനും വിവർത്തകാരണകാര്യഭാവമാണുള്ളത്.പരമകാരണമുണ്ടെന്നു വന്നാൽ "മായ' എന്ന ശക്തിയിലൂടെ വിവർത്തകാരണകാര്യഭാവമംഗീകരിക്കാതെ പ്രപഞ്ചത്തെ യുക്തിപൂർവം വിവരിച്ചു കാണിക്കാൻ ഒരു ചിന്തകനും ഒരിക്കലും സാദ്ധ്യമാവുകയില്ല.
അതിരിക്കട്ടെ. പ്രപഞ്ചത്തിനൊരു പരമകാരണമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ടോ ? ഉണ്ടല്ലോ. എന്താണത് ? പ്രപഞ്ചത്തിന്റെ പരമകാരണമാണ് ഉപനിഷത് പ്രസിദ്ധമായ ബ്രഹ്മം.എന്താണു ബ്രഹ്മത്തിന്റെ സ്വരൂപം ?ബോധമാണു ബ്രഹ്മത്തിന്റെ സ്വരൂപം."പ്രജ്ഞാനം ബ്രഹ്മ' എന്ന മഹാവാക്യത്തിലൂടെ ഐതരേയോപനിഷത്തു പ്രഖ്യാപിക്കുന്നത് ഈ ബ്രസ്വരൂപമാണ്.പ്രജ്ഞാന പദത്തിനു ബോധമെന്നർഥം.ബോധമാണു പ്രപഞ്ചത്തിന്റെ പരമകാരണമെന്നെങ്ങനെയറിയാം ? അറിയാൻ കഴിയുമല്ലോ. ബോധ മുണ്ടോ പ്രപഞ്ചമുണ്ട്;ബോധമില്ല. പ്രപഞ്ചമില്ല. ഈ അനുഭവം തന്നെയാണു യുക്തി.പക്ഷെ പരമകാരണത്തിന്റെ സവിശേഷതകളൊക്കെ ഈ ബോധത്തിനു ചേരുമോ ?ഈ ചോദ്യത്തിനുത്തരം കാണാനാണ് അല്പം പരീക്ഷണം ആവശ്യമായി വരുന്നത്.എല്ലാ മനുഷ്യവ്യക്തികളുടെയും ഉള്ളിൽ
"ഞാൻ, ഞാൻ' എന്നിങ്ങനെ ഈ ബോധം സദാ സ്ഫുരീക്കുന്നുണ്ടല്ലോ.ഒരാൾ രാഗദ്വേഷങ്ങളെന്ന മറമാറ്റി ഈ ബോധത്തെ ശുദ്ധമാക്കി അനുഭവിച്ചുനോക്കട്ടെ. ഇന്നുവരെ അതു സാധിച്ചിട്ടുള്ളവരൊക്കെ പറയുന്നത് അങ്ങ
നെ മറമാറിത്തെളിയുന്ന ബോധത്തിന് പരമകാരണത്തിന്റെ എല്ലാ സവിശേഷതകളും ഉണ്ടെന്നാണ്. മറമാറിത്തെളിയുന്നതോടെ പ്രപഞ്ചനാനാത്വ ഭ്രമമെല്ലാം വിട്ടകലുന്നു. അവിടെ അതദ്വയമാണ്. രണ്ടില്ലാത്തതുകൊണ്ടുതന്നെ അതജമാണ്,അമരമാണ്,നിർവികാരമാണ്,കേവല സുഖസ്വരൂപമാണ്.ഇനിയും ആർക്കുവേണോ ഇതു പരീക്ഷിച്ചു നോക്കാവുന്നതാണ്.
ഇനി നമുക്കു പരമകാരണത്തോടു ചേർത്തു പ്രപഞ്ചത്തെ ഒന്നു വിവരിക്കാം. അദ്വയവും നിശ്ചലവും സുഖരൂപവുമായ അഖണ്ഡബോധത്തിൽ അതിൻറ
ശക്തിയായ മായ ഉണ്ടെന്നു തോന്നിക്കുന്ന വിവർത്തകാര്യങ്ങളാണു പ്രപഞ്ചമായി കാണപ്പെടുന്ന നാനാത്വഭ്രമങ്ങൾ, വേദാന്തത്തിന്റെ ഈ തീരുമാനത്തെ യുക്തിയുക്തം ചോദ്യം ചെയ്യാൻ ഒരിക്കലും ആർക്കും കഴിയുന്നതല്ല.
കടപ്പാട്
Sunday, March 5, 2023
ആത്മാ വൈ പുത്രനാമോസി
ഞാന്‍ തന്നെ പുത്രനായി ജനിയ്ക്കുന്നു എന്ന്‍ ഭാരതീയശാസ്ത്രം.
ഞാൻ തന്നെ പുത്രനായി ജനിക്കുമ്പോൾ ഞാൻ ചെയ്തു കൂട്ടിയിട്ടുള്ള കർമ്മ കലാപങ്ങളുടെ പരിണതിയിൽ നല്ലൊരു ശതമാനം എന്റെ അടുത്ത തലമുറയും അനുഭവിക്കേണ്ടി വരുന്നു.
അടുത്ത തലമുറയുടെ ജീവിത രംഗങ്ങളിൽ അവരുടെ വളര്‍ച്ചയിലും മൃത്യുവിലും മൃത്യുകഴിഞ്ഞുള്ള തുടര്‍നാടകങ്ങളിലും എല്ലാം ഒരു ചരടായി ഞാനുണ്ടവും, എന്നെ മാറ്റിനിര്‍ത്തി എന്റെ അടുത്ത തലമുറ ഇല്ല തന്നെ.
കർമ്മണാ മനസാ വാചാ പരപീഡാം കരോതി ച , തത് ബീജം ജന്മ ഫലതി പ്രഭൂതം തസ്യ ചാ സുഭാ
യാതൊരുവൻ മനസാ വാചാ കർമണാ അന്യർക്ക് ദുരിതം ഉണ്ടാക്കുന്നു അവന്റെ ആ പരപീഡാരൂപമായ ബീജത്തിൽ നിന്നുതന്നെ അവന് അശുഭ ഫലമുണ്ടാകുന്നു.
[ വിഷ്ണു പുരാണം 1/19/6 ]
ഈ ഒരു ജന്മം കൊണ്ട് തീരുന്നതല്ല കർമ്മ ഫലങ്ങൾ. ദേഹം മാത്രമേ നശിക്കുന്നുള്ളു. 'ഞാൻ' നശിക്കുന്നില്ല. പുത്രനിലൂടെ, പുത്രിയിലൂടെ പൗത്രനിലൂടെ ഒക്കെ ഞാൻ തന്നെയാണ് ജനിക്കുന്നത്.
ഈ തത്വം ശരിക്കും മനസ്സിലാക്കിയാൽ പരമ്പരാപ്രാപ്തമായ ഈ ജീവിതം സുഖ സന്തോഷത്തോടെ നിർഭയം ജീവിച്ചു തീർക്കാം.
ഹരി ഓം
Subscribe to:
Posts (Atom)